കസാനില്‍ കണ്ണീരണിഞ്ഞ് മഞ്ഞപ്പട

Saturday 7 July 2018 10:12 am IST

മോസ്‌ക്കോ: കസാനില്‍ കാനറികളുടെ കഥകഴിച്ച് ചുവന്ന ചെകുത്താന്മാര്‍ ലോകകപ്പിന്റെ സെമിഫൈനലിലേക്ക്് മാര്‍ച്ച് ചെയ്തു. അടിമുടി ആവേശം നിറഞ്ഞുനിന്ന മത്സരത്തില്‍ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് ബ്രസീല്‍ ബെല്‍ജിയത്തിന് മുന്നില്‍ തകര്‍ന്നു വീണത്. ഗോള്‍ വലയ്ക്ക് മുന്നില്‍ ഇന്ദ്രജാലം കാട്ടിയ തിബു കുര്‍ട്ടോയിസാണ് മഞ്ഞപ്പടയെ പുറത്തേക്ക് നയിച്ചത്. ദൗര്‍ഭാഗ്യവും അവസരങ്ങള്‍ തുലച്ചതും നെയ്മര്‍ക്കും കൂട്ടുകാര്‍ക്കും തിരിച്ചടിയായി. ആറാം കിരീടമെന്ന സ്വപ്‌നം ബാക്കിയാക്കി മഞ്ഞപ്പടയ്ക്ക് മടങ്ങാം.

മുപ്പത്തിരണ്ട് വര്‍ഷത്തിനുശേഷം ഇതാദ്യമായാണ് ബെല്‍ജിയം ലോകകപ്പിന്റെ സെമിഫൈനലിലെത്തുന്നത്. ചൊവ്വാഴ്ച രാത്രി 11.30 ന് നടക്കുന്ന ആദ്യ സെമിയില്‍ ബെല്‍ജിയം മുന്‍ ചാമ്പ്യന്മാരായ ഫ്രാന്‍സിനെ എതിരിടും.

" സെമിഫൈനലിലെത്തിയ ബെല്‍ജിയം താരങ്ങളുടെ ആഹ്ലാദം"
ആദ്യ അരമണിക്കൂറില്‍ രണ്ട് ഗോള്‍ നേടി മുന്നിലെത്തിയ ബെല്‍ജിയം ബ്രസീലിന്റെ തിരിച്ചുവരാനുള്ള ശ്രമങ്ങളെ ഫലപ്രദമായി തടഞ്ഞു. മഞ്ഞപ്പടയുടെ കുത്തൊഴുക്കില്‍ പലപ്പോഴും ചെകുത്താന്മാരുടെ പ്രതിരോധം പാളിയെങ്കിലും ബാറിന് കീഴില്‍ കഴുകന്‍ കണ്ണുകളുമായി നിന്ന തിബൂസ് കുര്‍ട്ടിയോസ്  ബെല്‍ജിയത്തിന്റെ രക്ഷകനായി. ഗോളെന്നുറപ്പിച്ച എത്രയെത്ര ഷോട്ടുകളാണ് കുര്‍ട്ടോയിസിന്റെ സുവര്‍ണ കരളങ്ങളിലൊതുങ്ങിയത്? നെയ്മറും കുടിഞ്ഞോയുമൊക്കെ ഈ കൈകളില്‍ കുടുങ്ങി. എന്നാല്‍ ഒരു തവണ കുര്‍ട്ടോയിസിന്റെ കൈകള്‍ ചോര്‍ന്നു. കളിയവസാനിക്കാന്‍ പതിനാല് മിനിറ്റുള്ളപ്പോള്‍ , പകരക്കാരനായി ഇറങ്ങിയ റെനാറ്റോ അഗസ്‌റ്റോയുടെ ഹെഡര്‍ ബെല്‍ജിയത്തിന്റെ വലയില്‍ കയറി. കുടിഞ്ഞോയുടെ ക്രോസാണ് നെനാറ്റോ ഗോളാക്കി മാറ്റിയത്.

മത്സരത്തിലുടനീളം ബ്രസീലിന്റെ ആധിപത്യമായിരുന്നു. നെയ്മറും കുടിഞ്ഞോയും പൊളിഞ്ഞോയുമൊക്കെ ആര്‍ത്തിരമ്പി കളിച്ച ഒട്ടേറെ അവസരങ്ങളും സൃഷ്ടിച്ചു. പക്ഷെ അവസരങ്ങളെല്ലാം ഗോളിലേക്ക് തിരിച്ചുവിടാനായില്ല.

പതിനൊന്നാം മിനിറ്റില്‍ സെല്‍ഫ് ഗോള്‍ വഴങ്ങിയത്് മഞ്ഞപ്പടയ്ക്ക് തിരിച്ചടിയായി. ഗോള്‍ മുഖത്തേയ്ക്ക് ഉയര്‍ന്നുവന്ന കോര്‍ണര്‍ കിക്ക് ഫെര്‍ണാഡീഞ്ഞോയുടെ തോളില്‍ തട്ടി സ്വന്തം വലയില്‍ കയറി. ഏറെ താമസിയാതെ ബെല്‍ജിയം രണ്ടാം ഗോള്‍ നേടി. പ്രത്യാക്രമണമാണ് ഗോളിന് വഴിയൊരുക്കിയത്. റൊമേലു ലുക്കാകു നീട്ടിക്കൊടുത്ത പന്തുമായി മുന്നേറിയ ഡീ ബ്രൂയേന്റെ ഉഗ്രനടി ബ്രസീലിന്റെ വലയില്‍ കയറി.

രണ്ട് ഗോള്‍ വീണതോടെ ബ്രസീല്‍ തകര്‍ത്തുകളിച്ചു. നിരന്തരം അവര്‍ ബെല്‍ജിയത്തിന്റെ ഗോള്‍ മുഖം റെയ്ഡ് ചെയ്തു. ബെല്‍ജിയം പ്രതിരോധം ശക്തമാക്കി മഞ്ഞപ്പടയുടെ നീക്കങ്ങള്‍ തകര്‍ത്തു. 

തുടര്‍ച്ചയായ നാലാം തവണയാണ് ബ്രസീല്‍ യൂറോപ്യന്‍ രാജ്യത്തോട് തോറ്റ് ലോകകപ്പില്‍ നിന്ന് പുറത്താകുന്നത്. കഴിഞ്ഞ തവണ സ്വന്തം നാട്ടിലരങ്ങേറിയ ലോകകപ്പിന്റെ സെമിയില്‍ അവര്‍ ജര്‍മനിയോട് തോറ്റു. ലോക മൂന്നാം നമ്പറായ 

ബെല്‍ജിയം ഇത് രണ്ടാം തവണയാണ് ലോകകപ്പിന്റെ സെമിയിലെത്തുന്നത്. 1986 ലെ മെക്‌സിക്കോ ലോകകപ്പിലാണ് ബെല്‍ജിയം ആദ്യമായി സെമിയിലെത്തിയത് . അന്ന് അര്‍ജന്റീനയോട് എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് തോറ്റു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.