ഗുജറാത്തിലെ മലയാളി ദേവന്‍

Sunday 8 July 2018 2:27 am IST
ടൂറിസം രംഗത്ത് വന്‍ കുതിച്ചു കയറ്റത്തിനൊരുങ്ങുന്ന ഗുജറാത്തില്‍ അതിന് നേതൃത്വം നല്‍കാന്‍ ടൂറിസം രംഗത്ത് വിജയം വരിച്ച കേരളത്തില്‍ നിന്നുള്ള ഒരാള്‍ക്ക് സാധിക്കും എന്ന വിശ്വാസവും പിന്നിലുണ്ടാകാം. സംസ്ഥാന തലസ്ഥാനമായ ഗാന്ധി നഗറിലെ ഉദ്യോഗഭവനിലെ ഗുജറാത്ത്് ടൂറിസത്തിന്റെ ആസ്ഥാനത്തിരുന്ന് സംസ്ഥാനത്തിന്റെ ടൂറിസം മികവും പ്രതീക്ഷയും 'ജന്മഭൂമി'-ക്കായി ജനു ദേവന്‍ പങ്കുവച്ചു.

കഴിഞ്ഞ പൊതുതെരഞ്ഞെടുപ്പ് റിപ്പോര്‍ട്ട് ചെയ്യാന്‍ ഗുജറാത്തിലെത്തിയ മാധ്യമ പ്രവര്‍ത്തകര്‍ ഒരു കാരണവശാലും ഒഴിവാക്കാതിരുന്ന സ്ഥലമാണ് വഡോദര എന്ന പഴയ ബറോഡ. ബിജെപിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി നരേന്ദ്രമോദി മത്സരിക്കുന്ന മണ്ഡലം എന്നതുതന്നെയായിരുന്നു കാരണം. 'ജന്മഭൂമി'--ക്കായി ഗുജറാത്തില്‍ റിപ്പോര്‍ട്ടിങ്ങിന് പോകണമെന്ന് തീരുമാനിച്ചപ്പോള്‍ത്തന്നെ ഉറപ്പിച്ചതാണ് വഡോദര കളക്ടറുമായി ഒരഭിമുഖം. ഭാവി പ്രധാനമന്ത്രിയുടെ നാമനിര്‍ദ്ദേശ പത്രിക സ്വീകരിച്ച ആള്‍ എന്നതായിരുന്നില്ല കാരണം. ആ ഭാഗ്യം കിട്ടിയ മലയാളി എന്നതായിരുന്നു കളക്ടര്‍ വിനോദ് റാവുവിനുള്ള പ്രത്യേകത. തെരഞ്ഞെടുപ്പ് ചൂടിന്റെ തിരക്കിലായിരുന്നിട്ടും ആലപ്പുഴക്കാരനായിരുന്ന വിനോദ് റാവു കൂടിക്കാഴ്ചയ്ക്ക് അവസരം തന്നു. 

ഗുജറാത്തിലെ യാത്രകള്‍ക്കെല്ലാം സൗകര്യം ഒരുക്കിയ ഹരിഭായിക്കൊപ്പമായിരുന്നു പോയത്. ഒന്നാം പേജ് സ്റ്റോറിക്കുള്ള വക കിട്ടുകയും ചെയ്തു. ഗുജറാത്തിലുള്ള മറ്റ് മലയാളി ഉന്നത ഉദ്യോഗസ്ഥരെക്കുറിച്ച് ചോദിച്ചപ്പോള്‍ വിനോദ് റാവുവാണ് വഡോദരയില്‍ ഡപ്യൂട്ടി കമ്മീഷണര്‍ ആയിരുന്ന ജനു ദേവന്റെ പേര് പറഞ്ഞത്. ഏതാനും മാസങ്ങള്‍ക്ക് മുന്‍പ് പുതുതായി രൂപീകരിച്ച ഛോട്ടാ ഉദയപ്പൂര്‍ ജില്ലയുടെ കളക്ടറായി പോയതായും പറഞ്ഞു. ജനു ദേവന്‍ അടുത്ത പരിചയക്കാരനാണെന്ന് പറഞ്ഞ് ഹരി ഭായി ഫോണില്‍ വിളിച്ചു. ഛോട്ടാ ഉദയപ്പൂരിലേക്ക് വരാനായിരുന്നു മറുപടി. വഡോദരയില്‍നിന്ന് 110 കിലോമീറ്റര്‍ ദൂരമുണ്ട്. എത്തുമ്പോള്‍ രാത്രി വൈകുമെന്നു പറഞ്ഞപ്പോള്‍ അതൊന്നും പ്രശ്‌നമല്ല, എത്താന്‍ ആവശ്യപ്പെട്ടു. 

മധ്യപ്രദേശുമായി അതിര്‍ത്തി പങ്കിടുന്ന ഛോട്ടാ ഉദയപ്പൂര്‍ കളക്ടറുടെ ഔദ്യോഗിക വസതിയില്‍ എത്തിയപ്പോള്‍  പത്തു മണിയായി. പിന്നാക്ക ഭൂരിപക്ഷ ജില്ലയിലെ പകുതിപേരെയെങ്കിലും പോളിംഗ് ബൂത്തിലെത്തിക്കുക എന്ന ലക്ഷ്യവുമായി രാപകല്‍ പണിയെടുത്തശേഷം കളക്ടര്‍ ജനു ദേവന്‍ വീട്ടിലെത്തിയതേയൂള്ളൂ. സഹായികള്‍പോലും ഇല്ലാതിരുന്ന വീട്ടില്‍ അദ്ദേഹം ഇട്ടുതന്ന ചായയും ബിസ്‌ക്കറ്റും കഴിച്ച് ഏറെനേരം ഇരുന്നു. ഗുജറാത്തിലേയും കേരളത്തിലേയും രാഷ്ട്രീയവും വികസനവും താരതമ്യം ചെയ്തു. ഉദ്യോഗസ്ഥര്‍ക്കുള്ള പ്രവര്‍ത്തന സ്വാതന്ത്ര്യവുമൊക്കെ ചര്‍ച്ചയായി. വീട്ടില്‍ തങ്ങി പിറ്റേന്ന് പോകാമെന്ന് സ്‌നേഹപൂര്‍വം നിര്‍ബന്ധിച്ചു. രാവിലെ മറ്റു പത്രക്കാര്‍ക്കൊപ്പം മോദിയുടെ ജന്മസ്ഥലമായ വടനഗറില്‍ പോകാന്‍ മുന്‍കൂട്ടി നിശ്ചയിച്ചിരുന്നതിനാല്‍ ക്ഷണം നിരസിക്കേണ്ടി വന്നു. പിന്നീട് ഏതാനും മാസങ്ങള്‍ക്കു ശേഷം ഛോട്ടാ ഉദയപ്പൂര്‍ കളക്ടറെ മണല്‍ മാഫിയ വധിക്കാന്‍ ശ്രമിച്ചു എന്ന വാര്‍ത്ത വന്നപ്പോഴാണ് ജനു ദേവനെ ഓര്‍ത്തത്. ജനു സഞ്ചരിച്ചിരുന്ന കാറില്‍ ലോറി ഇടിപ്പിക്കുകയായിരുന്നു. ഭാഗ്യംകൊണ്ട് തലനാരിഴയ്ക്കാണ് ജനുദേവന്‍ രക്ഷപ്പെട്ടത്. ജനു ദേവനെക്കുറിച്ച് വീണ്ടും വാര്‍ത്ത വന്നത്  മികച്ച ജില്ലാ കളക്ടര്‍ക്കുള്ള ദേശീയ പുരസ്‌കാരം പ്രഖ്യാപിച്ചപ്പോഴാണ്.  സിവില്‍ സര്‍വീസ് ദിനത്തോട് അനുബന്ധിച്ചു പ്രഖ്യാപിച്ച പുരസ്‌കാരം ദല്‍ഹിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ്  സമ്മാനിച്ചത്.

കോട്ടയം തെക്കേ ചെങ്ങളം ഉമ്പുക്കാട്ട് കുടുംബാംഗമായ ജനു ദേവന്റെ മികവ് ഗുജറാത്ത് സര്‍ക്കാരും അംഗീകരിച്ചു. ഗുജറാത്ത് ടൂറിസം കമ്മീഷണറും മാനേജിംഗ് ഡയറക്ടറുമായി നിയമിച്ചുകൊണ്ടായിരുന്നു അത്. 

ഗാന്ധിയും ബുദ്ധനും

മഹാത്മാഗാന്ധിയുടെ സാന്നിധ്യം അനുഭവിപ്പിക്കാന്‍ ഇതിനകംതന്നെ രാജ്‌കോട്ടിലെ പോര്‍ബന്ദറിലും അഹമ്മദാബാദിലെ സബര്‍മതി ആശ്രമത്തിലും അടിസ്ഥാനസൗകര്യങ്ങളുണ്ട്. ദണ്ഡി ഹെറിറ്റേജ് സര്‍ക്യൂട്ട് രൂപപ്പെടുത്തുകയാണ്. ഗാന്ധിജിയുടെ ജീവിതത്തിലെ പ്രധാന സംഭവമായിരുന്ന ദണ്ഡി യാത്ര അടുത്തറിയാന്‍ സന്ദര്‍ശകര്‍ക്ക് അവസരമൊരുക്കും.  വലിയൊരു ദണ്ഡി മ്യൂസിയം പണിയുകയാണ്. ഗാന്ധിജിയുടെ ആശയങ്ങളും തത്ത്വചിന്തകളും പ്രദര്‍ശിപ്പിക്കുകയും അതു സംവേദനക്ഷമമാക്കുകയും ചെയ്യുന്ന മ്യുസിയമാകും ഇത്.

അന്താരാഷ്ട്ര ബുദ്ധ സര്‍ക്യൂട്ട് വികസിപ്പിച്ചെടുക്കുകയാണ്. 1960-ല്‍ ബുദ്ധദേവന്റെ അവശിഷ്ടങ്ങള്‍ വടക്കേ ഗുജറാത്തിലെ മെഷ്വോ ഡാമില്‍നിന്ന് കണ്ടെടുത്തു. എംഎസ് യൂണിവേഴ്‌സിറ്റിയിലെ ബറോഡ പുരാവസ്തു മ്യൂസിയത്തില്‍ ഇത് സംരക്ഷിച്ചിട്ടുണ്ട്. ഇവിടെ നദീതീരത്തിനോ റിസര്‍വോയറിനോ സമീപം ഒരു വലിയ ബുദ്ധ സമുച്ചയം ആസൂത്രണം ചെയ്യുന്നു.

ബുദ്ധന്റെ ജീവിതവും ബുദ്ധ സംസ്‌കാരവും പാരമ്പര്യവുമൊക്കെ പ്രദര്‍ശിപ്പിക്കുന്ന സമുച്ചയത്തില്‍ 150 മീറ്റര്‍ ഉയരമുള്ള ബുദ്ധ  പ്രതിമയും ഉണ്ടാകും.. ജുനാഗഢ്, ഗിര്‍, സോംനാഥ്, ഭാവ്‌നഗര്‍ എന്നിവിടങ്ങളില്‍ ബുദ്ധമത ഗുഹകളും വിഹാരങ്ങളും ബന്ധിപ്പിച്ച് കാണപ്പെടുന്ന സര്‍ക്യൂട്ട് ഉണ്ട്.  സ്വദേശ് ദര്‍ശന്‍ സ്‌കീമിന് കീഴില്‍  ഇത്  ഉള്‍പ്പെടുത്തിയിട്ടുണ്ട്. കേന്ദ്ര സര്‍ക്കാരിന്റെ മികച്ച പിന്തുണ പദ്ധതിക്കുണ്ട്. കിഴക്കേ ഏഷ്യയില്‍നിന്ന് നിരവധി വിനോദ സഞ്ചാരികളെ ആകര്‍ഷിക്കാന്‍ ഇത് വഴിയൊരുക്കും എന്നാണ് കരുതുന്നത്്.

റാന്‍ ഉത്സവവും പട്ടം പറത്തലും

റാന്‍ ഓഫ് കച്ച് പ്രകൃതിയുടെ അത്ഭുതങ്ങളില്‍ ഒന്നായാണ് അറിയപ്പെടുന്നത്. വിനോദ സഞ്ചാരം വ്യാപിപ്പിക്കുക എന്ന ഉദ്ദേശ്യത്തില്‍ 2005 ല്‍ ആരംഭിച്ച പരിപാടിയാണ് റാന്‍ ഉത്സവ്. റാനിന്റെ മനോഹാരിതയും ഇവിടുത്തെ തദ്ദേശീയ ആചാരങ്ങളും ഭക്ഷണങ്ങളും ജീവിത രീതികളും മറ്റുള്ളവര്‍ക്ക് പരിചയപ്പെടുത്താന്‍ തുടങ്ങിയപ്പോള്‍  വലിയ പ്രതികരണമാണ് ലഭിക്കുന്നത്. ഇന്ത്യയില്‍ നിന്നും വിദേശത്തുനിന്നുമായി ആയിരക്കണക്കിന് സഞ്ചാരികളാണ് ഓരോ വര്‍ഷവും ഇവിടെ എത്തുന്നത്.

 ഗുജറാത്തിലെ ആകാശങ്ങള്‍ പട്ടങ്ങള്‍ കീഴടക്കുന്ന അന്താരാഷ്ട്ര കൈറ്റ് ഫെസ്റ്റിവലും സഞ്ചാരികളെ ആകര്‍ഷിക്കും. തലസ്ഥാനമായ അഹമ്മദാബാദിലാണ്. ലോകമെമ്പാടുമുള്ള ആളുകള്‍ പങ്കെടുക്കുന്ന അന്താരാഷ്ട്ര കൈറ്റ് ഫെസ്റ്റിവല്‍ പ്രധാനമായും നടക്കുന്നത്.  സംസ്ഥാനത്തെ വിവിധ നഗരങ്ങളിലും കൈറ്റ് ഫെസ്റ്റിവല്‍ സംഘടിപ്പിക്കുന്നുണ്ട്.

സുന്ദരമായ ബീച്ചുകള്‍, സഹ്യാദ്രി മലനിരകള്‍, ആരവല്ലി മലനിരകള്‍, സത്പുര മലനിരകള്‍, റാന്‍ ഓഫ് കച്ച് തുടങ്ങി നിരവധി കാഴ്ചാവിസ്മയങ്ങള്‍ ഗുജറാത്തിലെത്തുന്ന സഞ്ചാരികളെ കാത്തിരിക്കുന്നു. റ്റിത്താല്‍ ബ്ലാക്ക് സാന്‍ഡ് ബീച്ച്, ചോര്‍വാദ് ബീച്ച്, അഹമ്മദ്പൂര്‍ മാണ്ട്വി ബീച്ച്, സോമനാഥ് ബീച്ച്, പോര്‍ബന്ദര്‍ ബീച്ച്, ദ്വാരക ബീച്ച് ഇങ്ങനെ നീണ്ടുപോകുന്നു പ്രശസ്തമായ കടല്‍ത്തീരങ്ങള്‍.

ബോര്‍ഡര്‍ ടൂറിസം

അടുത്തിടെ ആരംഭിച്ച 'ബോര്‍ഡര്‍ ടൂറിസം'- നല്ല പ്രതികരണമാണ് ഉണ്ടാക്കുന്നത്. പാക് അതിര്‍ത്തി പങ്കിടുന്ന ബാണസ്‌കന്ത ജില്ലയിലെ നാദബെറ്റ് പാക്കേജിന്റെ ഭാഗമായി ടൂറിസ്റ്റുകള്‍ക്ക് സന്ദര്‍ശിക്കാം. ബോര്‍ഡര്‍ സെക്യൂരിറ്റി ഫോഴ്‌സ് കാവല്‍ക്കാര്‍  എങ്ങനെ അവിടെ താമസിക്കുന്നു എന്നറിയിക്കുന്ന പ്രദര്‍ശന കേന്ദ്രം അവിടെയുണ്ട്. സൂര്യാസ്തമയ സമയത്ത് ടൂറിസ്റ്റുകളെ അതിര്‍ത്തിയിലെ ബിഎസ്എഫ് പരേഡ് കാണാന്‍ അനുവദിക്കും. ഓഡിയോ വിഷ്വല്‍ റൂം, റിട്രീറ്റ് സെറിവേറ്റഡ് ഏരിയ, ആംഫി തിയേറ്റര്‍, വിഐപി ലോഞ്ച്, ഫുഡ് സ്റ്റാളുകള്‍, പബ്ലിക് ടോയ്‌ലറ്റുകള്‍, സെല്‍ഫി സോണ്‍, ടവറുകള്‍ തുടങ്ങി അടിസ്ഥാന സൗകര്യങ്ങള്‍ ഇവിടുണ്ട്. ബിഎസ്എഫിന്റെ ഫ്യൂഷന്‍ ബാന്‍ഡ് പ്രകടനം, ഒട്ടക പ്രദര്‍ശനം, പക്ഷി നിരീക്ഷണം, ആയുധങ്ങളുടെ പ്രദര്‍ശനം, ഫോട്ടോ ഗാലറി, ബിഎസ്എഫ് ചരിത്രം എന്നിവ പ്രത്യേക ശ്രദ്ധയാകര്‍ഷിക്കും. 

ഇന്ത്യ മുഴുവനും  സ്രോതസ്സായി കാണുന്നു. എന്നിരുന്നാലും അയല്‍ സംസ്ഥാനമായ മഹാരാഷ്ട്ര, എംപി, രാജസ്ഥാന്‍ എന്നിവിടങ്ങളില്‍നിന്ന് പരമാവധി  ആളുകളെ ഗുജറാത്ത് പ്രതീക്ഷിക്കുന്നു.

മുഖം മാറ്റുന്ന നയം, നായകന്‍

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.