ഒരു മേഘജ്യോതിസിന്റെ ജീവിതവും മരണവും

Sunday 8 July 2018 3:09 am IST
ജൂലായ് അഞ്ച് കവി ഇടപ്പള്ളി രാഘവന്‍ പിള്ളയുടെ എണ്‍പത്തി രണ്ടാമത് ചരമവാര്‍ഷികമായിരുന്നു

മണിമുഴക്കം!  മരണദിനത്തിന്റെ

മണിമുഴക്കം മധുരം!  വരുന്നു ഞാന്‍!

ചിരികള്‍തോറുമെന്‍ പട്ടടത്തീപ്പൊരി

ചിതറിടുന്നോരരങ്ങത്തുനിന്നിനി,

വിടതരൂ, മതി പോകട്ടെ ഞാനുമെന്‍-

നടനവിദ്യയും മൂകസംഗീതവും!'-'-

(ഇടപ്പള്ളി രാഘവന്‍പിള്ള, മണിനാദം- 1936)

ചിലര്‍ക്ക് മരണം ജീവിതത്തേക്കാള്‍ സുന്ദരമെന്നു തോന്നുന്നത്, ജീവിതം അവര്‍ക്കു നല്‍കിയ ദുരന്താഘാതങ്ങളുടെ പ്രതിസ്പന്ദമായിരിക്കാം. അതുകൊണ്ടുതന്നെയാവണം ഇടപ്പള്ളി രാഘന്‍പിള്ള എന്ന കവി തന്റെ ഇരുപത്തേഴാം വയസ്സില്‍ മരണത്തെ വരണമാല്യമായിക്കണ്ട് ഇങ്ങനെ കുറിച്ചത്:

''പ്രവര്‍ത്തിക്കുവാന്‍ എന്തെങ്കിലുമുണ്ടായിരിക്കുക, സ്‌നേഹിക്കുവാന്‍ എന്തെങ്കിലുമുണ്ടായിരിക്കുക, ആശിക്കുവാന്‍ എന്തെങ്കിലുമുണ്ടായിരിക്കുക  ഈ മൂന്നിലുമാണ് ലോകത്തിലെ സുഖം അന്തര്‍ഭവിച്ചിരിക്കുന്നത്. ഇവയിലെല്ലാം എനിക്ക് നിരാശതയാണ് അനുഭവം. എനിക്ക് ഏകരക്ഷാമാര്‍ഗം മരണമാണ്. അതിനെ ഞാന്‍ സസന്തോഷം വരിക്കുന്നു. ആനന്ദപ്രദമായ ഈ വേര്‍പാടില്‍ ആരും നഷ്ടപ്പെടുന്നില്ല; ഞാന്‍ നേടുന്നുമുണ്ട്. മനസാ വാചാ കര്‍മണാ ഇതില്‍ ആര്‍ക്കും ഉത്തരവാദിത്തമില്ല. സമുദായത്തിന്റെ സംശയദൃഷ്ടിയും നിയമത്തിന്റെ നിശിതഖഡ്ഗവും നിരപരാധിത്വത്തിന്റെമേല്‍ പതിക്കരുതേ!'-'-

ഒരു കവിയുടെ ആത്മഹത്യ ഇത്രമേല്‍ മലയാളികളുടെ നെഞ്ചിന്‍കൂടിനകത്ത് പൊള്ളലുണ്ടാക്കിയത്, ആ ജീവിതത്തിന്റെ നിസ്സഹായതയില്‍നിന്നുരുവംകൊണ്ട കൊടിയ താപാഗ്നിയില്‍നിന്നായിരിക്കാം. ഉള്ളുകീറുന്ന ഒരു ഗദ്ഗദത്തിന്റെ അലയൊലിയില്‍ നിന്നായിരിക്കാം. നീറിപ്പിടിക്കുന്ന നിരാശതയുടെ പര്യായമായാണ് ഇടപ്പള്ളി രാഘവന്‍ പിള്ള നമ്മുടെ ചോദനകളില്‍ നിറഞ്ഞുനില്‍ക്കുന്നത്. അതിന് ആക്കംകൂട്ടിയതാവട്ടെ ചങ്ങമ്പുഴയുടെ രമണന്‍ എന്ന കാവ്യവും. ഏകാന്തവും മൗനവുമായ പ്രണയത്തിന്റെ വാഴ്ത്തുകാരനായി, ജീവിതത്തിന്റെ വ്യാകരണശാലയില്‍ പൂര്‍ത്തിയാക്കപ്പെടാതെ നില്‍ക്കുകയാണ് ഇടപ്പള്ളി. അവിടെ അലങ്കാരങ്ങളില്ല. കൂട്ടിന് അസഹനീയമായ അസ്വതന്ത്രതയും തോറ്റുകൊടുക്കാത്ത ആത്മാഭിമാനവും!

രാഘവന്‍ പിള്ളയുടെ ജീവിതം തുടക്കംമുതലേ വെളിച്ചംവറ്റി ഇരുണ്ടുപോയിരുന്നു. 1909 മെയ് മാസം മുപ്പത്തിയൊന്നിന് ഇടപ്പള്ളി എളമക്കര പാണ്ടവത്തുവീട്ടില്‍ നീലകണ്ഠപ്പിള്ളയുടേയും വടക്കന്‍ പറവൂര്‍ കോട്ടുവള്ളി കിഴക്കേപ്രം മുറിയില്‍ മീനാക്ഷിയമ്മയുടേയും മകനായാണ് രാഘവന്‍പിള്ള ജനിക്കുന്നത്. അനുജന്‍ ഗോപാലപിള്ളയുടെ ജനനത്തിനുശേഷം, അര്‍ബുദരോഗബാധിതയായ അമ്മ അവരുടെ ബാല്യത്തില്‍ത്തന്നെ ആത്മഹത്യചെയ്തു. അച്ഛനായ നീലകണ്ഠപിള്ള രണ്ടാമതും വിവാഹം ചെയ്തു. അച്ഛന്റെ നിര്‍ബന്ധത്താല്‍ രാഘവന്‍പിള്ളയും അനുജന്‍ ഗോപാലപിള്ളയും രണ്ടാനമ്മയുടെ വീട്ടിലേക്കു താമസം മാറ്റി. എന്നാല്‍ ആ വീട്ടില്‍ പൊരുത്തപ്പെട്ടുപോകാന്‍ കഴിയാതെ അനുജന്‍ ഗോപാലപിള്ള നാടുവിട്ടത് രാഘവന്‍പിള്ളയെ തീര്‍ത്തും നിരാശനാക്കി. 1919-ല്‍ രാഘവന്‍പിള്ള, ഇടപ്പള്ളി വടക്കുംഭാഗം ഹയര്‍ഗ്രേഡ് വെര്‍ണാക്കുലര്‍ സ്‌കൂളില്‍ ചേര്‍ന്ന് മൂന്നാംതരം പാസ്സായി. പിന്നീട് ചുറ്റുപാടുകര ഇംഗ്ലീഷ് മിഡില്‍ സ്‌കൂളില്‍ ചേര്‍ന്നു. ഇവിടെവച്ചാണ് ചങ്ങമ്പുഴ കൃഷ്ണപിള്ളയെ പരിചയപ്പെടുന്നത്. 

സാദൃശ്യങ്ങളുടേയും വൈജാത്യങ്ങളുടേയും നിഴലാട്ടങ്ങളായിരുന്നു ഈ സൗഹൃദത്തിന്റെ അന്തര്‍ധാര. അപ്പോഴേക്കും രണ്ടുപേരും കവിതകള്‍ എഴുതിത്തുടങ്ങിയിരുന്നു. കവികളുടെ പ്രത്യക്ഷമായ സ്വാനുഭവ വര്‍ണനകള്‍ അന്നത്തെക്കാലത്തിന് പുതുമയായിരുന്നു. ജീവിതത്തിന്റെ മുള്ളുവിരിച്ച പാതകളിലൂടെയുള്ള പ്രയാണം രാഘവന്‍പിള്ളയെ തീര്‍ത്തും നിരാശനാക്കി. തേര്‍ഡ് ഫോറം ജയിച്ച രാഘവന്‍പിള്ള എളമക്കരയിലെ ഒരു ധനിക കുടുംബത്തില്‍ ട്യൂഷന്‍ മാസ്റ്ററായി. സ്‌കൂള്‍ ഫൈനല്‍ പാസ്സായ അദ്ദേഹം അവിടുത്തെ കാര്യസ്ഥനുമായി. പിന്നീട് കാര്യസ്ഥപ്പണി ഉപേക്ഷിച്ച് രാഘവന്‍പിള്ള തിരുവനന്തപുരത്തേക്കു നാടുവിട്ടു. 'ഇടപ്പള്ളി കവിത ഒരു പഠനം'- എന്ന ഗ്രന്ഥത്തിന്റെ കര്‍ത്താവായ പ്രൊഫ. ഡി. രക്ഷാദാസ് നാടുവിടലിനു കാരണമായി പറയുന്നത്, ഇടപ്പള്ളി കാര്യസ്ഥനായി ജോലിനോക്കിയ ധനിക കുടുംബത്തിലെ പെണ്‍കുട്ടിയുമായുള്ള പ്രേമബന്ധമായിരുന്നുവെന്നാണ്. 

എന്തായാലും തിരുവനന്തപുരത്തെത്തിയ രാഘവന്‍പിള്ള അവിടെയുള്ള ഭാഷാവര്‍ധിനി പുസ്തക ഡിപ്പോയില്‍ ഗുമസ്തനായി ജോലിക്കുചേര്‍ന്നു. തുടര്‍ന്ന് വിവിധ പത്രങ്ങളിലും മറ്റും ജോലിചെയ്തു. തിരുവനന്തപുരത്തെ ജീവിതത്തിനിടയില്‍ രാഘവന്‍പിള്ള ഉള്ളൂരിനെ പരിചയപ്പെടുകയും അദ്ദേഹത്തിന്റെ അവതാരികയോടുകൂടി ആദ്യകവിതാ സാമാഹാരം പുറത്തിറങ്ങുകയും ചെയ്തു- 'തുഷാരഹാരം.'-

തിരുവനന്തപുരത്ത് രാഘവന്‍പിള്ള ജോലിചെയ്ത 'കേരളകേസരി'- പ്രസിദ്ധീകരണം നിര്‍ത്തുകയും അദ്ദേഹം തൊഴില്‍രഹിതനാവുകയും ചെയ്തു. അതിനുശേഷം അക്കാലത്തെ പ്രശസ്ത വക്കീലായ വി.എം. നാരായണപിള്ളയോടൊപ്പം കൊല്ലത്ത് താമസമാക്കി. ഇവിടെവച്ചാണ് രാഘവന്‍പിള്ളയെന്ന കവി തന്റെ ജീവിതത്തിന് പൂര്‍ണവിരാമമിടാന്‍ തീരുമാനിച്ചത്. അതാവട്ടെ, താന്‍ പ്രണയിച്ച പെണ്‍കുട്ടിയുടെ വിവാഹക്ഷണപത്രിക കിട്ടിയപ്പോള്‍. തന്റെ കാമുകി കതിര്‍മണ്ഡപത്തില്‍ വരണമാല്യമണിയുന്നത് സ്വപ്‌നംകണ്ട് കവി, തന്റെ കഴുത്തില്‍ മരണമാല്യമണിയുകയായിരുന്നു. '-'ഇടപ്പള്ളി രാഘവന്‍പിള്ള തൂങ്ങിമരിച്ചു'- എന്നായിരുന്നു കവിയുടെ മരണത്തെക്കുറിച്ചുവന്ന പത്രവാര്‍ത്ത. മരിക്കുന്നതിനുതൊട്ടുമുന്‍പ് ഇടപ്പള്ളി രണ്ടു കവിതകളെഴുതുകയും, അത് യഥാക്രമം 'മാതൃഭൂമി'- ആഴ്ചപ്പതിപ്പ്, 'മലയാളരാജ്യം'- എന്നീ പ്രസിദ്ധീകരണങ്ങള്‍ക്കയക്കുകയും ചെയ്തു. 

വിഷാദാത്മകതയും ദുരന്തജീവിതാനുഭവങ്ങളും അപകര്‍ഷബോധവും ചേര്‍ന്ന് ഇരുപത്തേഴുകാരനായ കവിയെ കഥാവശേഷനാക്കുകയായിരുന്നു. ഇടപ്പള്ളിയുടെ മരണവാര്‍ത്തയറിഞ്ഞ് കൂട്ടുകാരനായ ചങ്ങമ്പുഴ കൃഷ്ണപിള്ള 'തകര്‍ന്ന മുരളി'- എന്നപേരില്‍ 1936 ജൂലായ് 20-ന്റെ മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ ഹൃദയനോവൂറ്റിയുരുക്കി ഒരു കവിതയെഴുതി. തൊട്ടടുത്ത വര്‍ഷം ആത്മസ്‌നേഹിതന്റെ മരണം പ്രമേയമാക്കി ചങ്ങമ്പുഴ '-'രമണന്‍'- എന്ന കാവ്യം മലയാളത്തിനു സമ്മാനിച്ചു. രമണനിലൂടെ മലയാളക്കരയാകെ ഇടപ്പള്ളിയുടെ ആത്മവേദനയുടെ ചൂരും ചൂടുമറിഞ്ഞു. നിസ്സഹായനായ കവിയുടെ കണ്ണീരുപ്പു വായനക്കാര്‍ സ്വന്തം കവിളില്‍ അനുഭവിച്ചറിഞ്ഞു. 

പക്ഷേ, കാലം കരുതിവയ്ക്കുന്ന ചില തിരുത്തലുകള്‍ ഏതൊരു ജീവിതത്തിലുമുണ്ടാവുക സ്വാഭാവികമാണ്. ഇടപ്പള്ളിയുടെ പ്രണയത്തിലും അത്തരമൊരു വൈപരീത്യം നമുക്കു കാണാനാവും. ഇടപ്പള്ളി രാഘവന്‍പിള്ളയുടെ പ്രണയം ഏകാന്തമൗനമായൊരു സമീപനമായിരുന്നെന്നും, പെണ്‍കുട്ടി ഒരിക്കലും ഇടപ്പള്ളിയുടെ പ്രണയം അറിഞ്ഞിരുന്നില്ലെന്നുമാണ് ഗവേഷകരുടെ അനുമാനം. '-'ചങ്ങമ്പുഴ- ജീവിതവും കലാപവും'- എന്ന ഗ്രന്ഥത്തില്‍, ഗ്രന്ഥകാരനായ പി.എം.ഷുക്കൂര്‍ ഈ തരത്തിലൊരു അന്വേഷണത്തിനു മുതിരുന്നുമുണ്ട്. ഇടപ്പള്ളി രാഘവന്‍പിള്ള ട്യൂഷനെടുത്തിരുന്ന എളമക്കരയിലെ ധനിക കുടുംബത്തിലെ പെണ്‍കുട്ടി, കാലങ്ങള്‍ക്കിപ്പുറം ഒരിക്കല്‍ ഒരു അഭിമുഖത്തില്‍ ചോദിച്ചത്രെ, ഇടപ്പള്ളി എന്തിനാണ് ആത്മഹത്യ ചെയ്തതെന്ന്! അവരുടെ പ്രശസ്തനായ മകനും അമ്മ, ഇടപ്പള്ളിയെ പ്രണയിച്ചിരുന്നില്ല എന്നു സാക്ഷ്യപ്പെടുത്തുന്നു. 

ഇടപ്പള്ളി രാഘവന്‍പിള്ള നേരത്തെ രണ്ടുതവണ ആത്മഹത്യക്കു ശ്രമിച്ചിരുന്നു എന്നതും ശ്രദ്ധേയമാണ്. കുട്ടിക്കാലത്ത് കൂട്ടുകാരുടെ കളിയാക്കല്‍ കേട്ടപ്പോഴും, അച്ഛന്‍ നീലകണ്ഠപിള്ള പണംതിരിമറി കേസില്‍ ജയിലിലായപ്പോഴും തന്റെ മൂന്നമത്തെ പരിശ്രമത്തില്‍ എന്തായാലും ഇടപ്പള്ളി മരണത്തിലൂടെ ജീവിതത്തോട് പ്രതികാരം ചെയ്തു. 

കവിയുടെ ജീവിതമവസാനിപ്പച്ചപ്പോഴും കവിതകള്‍ ജീവിതത്തോട് മല്ലിട്ടുകൊണ്ടിരിക്കുന്നു എന്നതാണ് വാസ്തവം. ഒരു മേഘജ്യോതിസ്സുപോലെ മറഞ്ഞുപോയ ഇടപ്പള്ളി രാഘവന്‍പിള്ളയുടെ ജീവിതവും മരണവും മലയാളകാവ്യ ചരിത്രത്തില്‍ മണിമുഴക്കമായി നിലകൊള്ളുന്നു. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.