സപ്പോട്ട ചിക്കു വിളയിക്കാം

Sunday 8 July 2018 1:21 am IST
വിറ്റാമിനുകളുടെ കലവറയാണ് സപ്പോട്ട ചിക്കു. ഇതിന്റെ കറയില്‍ നിന്നെടുക്കുന്ന പശ പോലുള്ള വസ്തു ച്യൂയിങ്ഗം നിര്‍മ്മാണത്തിന് ഉപയോഗിച്ചുവരുന്നു.

ചിക്കു ഷേയ്ക്ക് കുടിക്കാത്ത മലയാളികളുണ്ടാകില്ല. ഷാര്‍ജ ഷേയ്ക്ക് കഴിഞ്ഞാല്‍ മലയാളിക്ക് ഏറ്റവും പ്രിയം ചിക്കു ഷേയ്ക്കാണ്. ഈ വിളയെ സപ്പോട്ടയെന്നും വിളിക്കാറുണ്ട്. മെക്‌സിക്കോ സ്വദേശിയാണെങ്കിലും ഇന്ത്യയില്‍ പലയിടത്തും കൃഷി ചെയ്യുന്ന ചിക്കു കേരളത്തിന്റെ കാലാവസ്ഥയിലും വിളയിക്കാം. വിറ്റാമിനുകളുടെ കലവറയാണ് സപ്പോട്ട ചിക്കു. ഇതിന്റെ കറയില്‍ നിന്നെടുക്കുന്ന പശ പോലുള്ള വസ്തു ച്യൂയിങ്ഗം നിര്‍മ്മാണത്തിന് ഉപയോഗിച്ചുവരുന്നു. ഇന്ത്യയില്‍ ഗുജറാത്ത്, മഹാരാഷ്ട്ര, കര്‍ണാടക, ആന്ധ്ര, തമിഴ്‌നാട് എന്നിവിടങ്ങളിലാണ് ആദ്യം കൃഷി ചെയ്തിരുന്നത്. ഇന്ന് പാലക്കാട്, ഇടുക്കി, വയനാട് ജില്ലകളില്‍ കൃഷിചെയ്യുന്നുണ്ട്. 

പൂര്‍ണ വളര്‍ച്ചയെത്തിയ ചിക്കു മരത്തിന് 15 മുതല്‍ 45 മീറ്റര്‍ നീളമാണുണ്ടാകുക. ഒട്ട്/ ഗ്രാഫ്റ്റിംഗ് തത്ത്വമുപയോഗിച്ചാണ് പുത്തന്‍ തലമുറയെ ഉണ്ടാക്കിയെടുക്കുന്നത്. 

ഇത്തരത്തില്‍ വളര്‍ത്തിയെടുക്കുന്ന ചെടികളില്‍ മൂന്ന് മുതല്‍ അഞ്ച് വര്‍ഷത്തിനുള്ളില്‍ പഴങ്ങളുണ്ടാകും. അതേസമയം; വിത്തില്‍ നിന്ന് രൂപപ്പെടുന്ന ചെടികളില്‍ പഴങ്ങള്‍ ഉണ്ടാകാന്‍ ഏഴു വര്‍ഷം വരെയെടുക്കും.

ജലസേചനരീതി കൃത്യമായിരിക്കണം. അങ്ങനെയെങ്കില്‍ ഏതു കാലാവസ്ഥയിലും സപ്പോട്ട കൃഷി ചെയ്യാം. 30 മുതല്‍ 45 സെ.മീ ആഴത്തില്‍ മണ്ണ് ഇളകുന്ന തരത്തില്‍ ഉഴുത് കൃഷിക്കായുള്ള നിലം ഒരുക്കണം. ഇത്തരത്തില്‍ രണ്ടോ മൂന്നോ തവണ നിലം ഉഴുതമറിച്ചശേഷം നിലം നിരപ്പാക്കണം. 10 മീറ്റര്‍ അകലത്തില്‍ 90 സെ.മീ ആഴത്തിലുള്ള കുഴികളിലാണ് ചെടികള്‍ നടേണ്ടത്. കൃഷി സ്ഥലത്തില്‍ വളരുന്ന മറ്റു മരങ്ങളോ ചെടികളോ ഒഴിവാക്കുന്നതായിരിക്കും നല്ലത്. ധാരാളം മഴലഭിക്കുന്ന സ്ഥലങ്ങളില്‍ സെപ്റ്റംബര്‍ അവസാനത്തോടെ ഒട്ടുമരങ്ങള്‍ നടാം. 

ഇടവിട്ടുള്ള ജലസേചനമാണ് കൃഷിക്കാവശ്യം. വേനല്‍ക്കാലത്ത് പതിനഞ്ച് ദിവസത്തിലൊരിക്കലും ശൈത്യകാലത്ത് മുപ്പത് ദിവസത്തിലൊരിക്കലുമാണ് ജലസേചനം നടത്തേണ്ടത്. മറ്റ് പല കൃഷിയേയും പോലെ ഡ്രിപ്പ് ഇറിഗേഷനാണ് അഭികാമ്യം. ചെടി നട്ട് ആദ്യത്തെ രണ്ടുവര്‍ഷം 50 സെ.മി. ഇടവിട്ട് രണ്ട് ഡ്രിപ്പറും തുടര്‍ന്ന് ഒരു മീറ്റര്‍ അകലത്തില്‍ നാല് ഡ്രിപ്പറും ഉപയോഗിച്ചു വേണം നനയ്ക്കാന്‍. 40 ശതമാനം ജലവും 70 മുതല്‍ 75 ശതമാനം സാമ്പത്തിക ചെലവും ലാഭിക്കാന്‍ സാധിക്കും. 

ചെടിവച്ച് മൂന്നാമത്തെ വര്‍ഷം മുതല്‍ കായ്കള്‍ ഉണ്ടാകുമെങ്കിലും വ്യാവസായികാടിസ്ഥാനത്തില്‍ വിളവെടുക്കുന്നതിന് രണ്ടു വര്‍ഷം കൂടി വേണ്ടിവരും. ഒക്ടോബര്‍-നവംബര്‍, ഫെബ്രുവരി-മാര്‍ച്ച് തുടങ്ങിയ മാസങ്ങളില്‍ സപ്പോട്ട പൂവിടും. തുടര്‍ന്നുള്ള നാലുമാസത്തില്‍ കായ്കള്‍ ഉണ്ടായി വിളയും. കൃഷി ചെയ്ത് അഞ്ചാം വര്‍ഷത്തില്‍ ഒരു ഏക്കറില്‍നിന്ന് നാല് ടണ്‍, ഏഴാം വര്‍ഷത്തില്‍ ആറ് ടണ്‍ തുടര്‍ന്നുവരുന്ന പതിനഞ്ച് വര്‍ഷകാലത്തില്‍ എട്ട് ടണ്‍ വരെ ഉത്പാദനം ലഭിക്കും. വിളവെടുത്തുവ വലുത്, ഇടത്തരം, ചെറുത് എന്നിങ്ങനെ മൂന്നായി തിരിച്ച് മാര്‍ക്കറ്റുകളില്‍ എത്തിക്കാം. വിളവെടുത്ത ശേഷം 7-8 ദിവസം വരെ സാധാരണ അന്തരീക്ഷോഷ്മാവില്‍ സൂക്ഷിക്കാം. ശേഷം ഇവ 20 ഡിഗ്രി സെല്‍ഷ്യസ് തണുത്ത അവസ്ഥയിലേക്ക് മാറ്റി സൂക്ഷിക്കണം.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.