അഞ്ചലില്‍ നിന്നൊരു കര്‍ഷകന്‍

Sunday 8 July 2018 2:27 am IST
മുറ്റത്ത് പ്രത്യേകം തയ്യാറാക്കിയ പോളി ഹൗസില്‍ തക്കാളി കൃഷിചെയ്യുന്നു. പോളി ഹൗസില്‍ ചെറു തേനീച്ചയെ കടത്തിവിട്ട് പോളിനേഷന്‍ നടത്തിയാണ് കൃഷി വിജയകരമാക്കിയിരിക്കുന്നത്. ഐഐഎച്ച്ആറിന്റെ ആര്‍ക്കാ രക്ഷക് വിഭാഗത്തില്‍പ്പെട്ട തക്കാളിയാണ് കൃഷിചെയ്യുന്നത്.
" അനീഷ് അഞ്ചല്‍ പച്ചക്കറി തോട്ടത്തില്‍ നിന്നും വിളവെടുക്കുന്നു"

മള്‍ട്ടി നാഷണല്‍ കമ്പനിയിലെ സീനിയര്‍ ബിസിനസ് ഡവലപ്‌മെന്റ് മാനേജറുടെ ജോലി രാജിവച്ച് മണ്ണിലേക്കിറങ്ങിയ കൊല്ലം അഞ്ചല്‍ സ്വദേശി അനീഷ് അഞ്ചല്‍ ഇന്ന് പച്ചക്കറി കൃഷിയില്‍ തന്റേതായൊരിടം കണ്ടെത്തിയിരിക്കുകയാണ്. കൃഷിയില്‍ നിന്ന് യുവതലമുറ അകലുന്ന കാലത്താണ് തന്റെ ഉദ്യോഗം തന്നെ രാജിവച്ച് ഈ ചെറുപ്പക്കാരന്‍ മണ്ണില്‍ പൊന്നുവിളയിക്കാനിറങ്ങിയത്. 

സ്ഥലപരിമിതി മറികടക്കാന്‍ പോളി ഹൗസുകള്‍ തയ്യാറാക്കി അതിലാണ് കൃഷി. ഇതിനായി വ്യത്യസ്ത അളവുകളില്‍ മൂന്ന് പോളി ഹൗസുകളും തയ്യാറാക്കി. വീടിനോടു ചേര്‍ന്ന് പത്തുസെന്റ് വസ്തുവില്‍ 4000 ചതുരശ്ര അടി വീസ്തീര്‍ണ്ണത്തില്‍ തയ്യാറാക്കിയ പോളി ഹൗസില്‍ മികച്ച വരുമാനം ലഭിക്കുന്ന പയറും സാലഡ് കുക്കുമ്പറുമാണ് കൃഷിചെയ്യുന്നത്. ടോണീസ് ബ്രൗണ്‍, നക്ഷത്ര ലോങ്ങ് ഗ്രീന്‍ ഇനങ്ങളില്‍പ്പെട്ട പയറുകളാണ്  വിളയുന്നത്. 20 -25 പയറുകളുണ്ടെങ്കില്‍ ഒരു കിലോഗ്രാം വരുമെന്നതും ഈ ഇനങ്ങളുടെ പ്രത്യേകതയാണ്. 

നിത്യവും വിളവെടുക്കാന്‍ സാധിക്കുന്ന പയറില്‍നിന്ന് അനീഷിന് മികച്ച വരുമാനമാണ് ലഭിക്കുന്നത്. താരതമ്യേന ചെറുതായ മറ്റ് രണ്ടു പോളി ഹൗസുകളും നിര്‍മ്മിച്ചിട്ടുണ്ട്. ഒന്ന് മട്ടുപ്പാവിലും മറ്റൊന്ന് മുറ്റത്തുമാണ്. മട്ടുപ്പാവിലെ പോളി ഹൗസില്‍ 150 ഗ്രോബാഗുകള്‍ സജ്ജീകരിച്ച് അതിനുള്ളിലാണ് കൃഷി. ഇതില്‍ വെണ്ട, വഴുതന, തക്കാളി, ചീര, മുളക് എന്നിവയും ശീതകാല പച്ചക്കറികളായ ബ്രോക്കോളി, കോള്‍ റാബി, ചൈനീസ് ക്യാബേജ്, ക്യാരറ്റ്, ബീറ്റ്‌റൂട്ട്, കോളിഫ്‌ളവര്‍ എന്നിവ കൂടാതെ സെലറി, ലെറ്റൂസ്, പാര്‍സെലി, ബോക്‌ചോയി, ബെയ്‌സില്‍, ക്യാബേജ്, പുതിന, മല്ലി, കിവാനോ, ഷമാം എന്നിവയും വിളയുന്നു. 

മുറ്റത്ത് പ്രത്യേകം തയ്യാറാക്കിയ പോളി ഹൗസില്‍ തക്കാളി കൃഷിചെയ്യുന്നു.  പോളി ഹൗസില്‍ ചെറു തേനീച്ചയെ കടത്തിവിട്ട് പോളിനേഷന്‍ നടത്തിയാണ് കൃഷി വിജയകരമാക്കിയിരിക്കുന്നത്. ഐഐഎച്ച്ആറിന്റെ ആര്‍ക്കാ രക്ഷക് വിഭാഗത്തില്‍പ്പെട്ട തക്കാളിയാണ് കൃഷിചെയ്യുന്നത്. അനീഷിന്റെ പച്ചക്കറികള്‍ ആവശ്യക്കാര്‍ വീട്ടിലെത്തിയാണ് വാങ്ങുന്നത്. അഞ്ചലിലുള്ള സുഹൃത്തിന്റെ സൂപ്പര്‍ മാര്‍ക്കറ്റിലും ബേക്കറികളിലും വില്‍പ്പനയ്ക്ക് എത്തിക്കാറുണ്ട്. അനീഷിന്റെ പച്ചക്കറി കൃഷിക്ക് പൂര്‍ണ്ണ പിന്തുണയുമായി അച്ഛന്‍ നടരാജപിള്ളയും അമ്മ വിലാസിനി അമ്മാളും ഭാര്യ അര്‍ച്ചന മുരളിയും ഒപ്പമുണ്ട്. 

ഫോണ്‍: 9496209877

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.