ആത്മാവിന് നാശമില്ല

Sunday 8 July 2018 1:51 am IST

ഇന്ദ്രന് എന്ത് സംഭവിച്ചു എന്ന് പറയുന്നു

അഥ ഹേന്ദ്രോളപ്രാപൈ്യ വ ദേവാനേതദ് ഭയം ദദര്‍ശ...

പിന്നെ ഇന്ദ്രന്‍ ദേവന്‍മാരുടെ അടുത്ത് എത്തുന്നതിന് മുമ്പേ തന്റെ അല്പജ്ഞാനത്തില്‍ പേടിയുള്ളവനായി. ഛായാത്മാവ് ഈ ശരീരം അലങ്കരിച്ചിരിക്കുമ്പോള്‍ അലങ്കരിച്ചതായും. നല്ല വസ്ത്രം ധരിച്ചാല്‍ അതു പോലെയും. നഖരോമങ്ങള്‍ മുറിച്ച് പരിഷ്‌കരിച്ചിരിക്കുമ്പോള്‍ അങ്ങനേയുമാണ്. അതുപോലെ ഈ ശരീരം അന്ധമായാല്‍ അന്ധമായും. കണ്ണോ മൂക്കോ ഒലിക്കുന്നതായാല്‍ അപ്രകാരവും. കയ്യോ കാലോ മുറിഞ്ഞാല്‍ അങ്ങിനേയും ആയിത്തീരും. ഈ ശരീരം നശിക്കുമ്പോള്‍ അതനുസരിച്ച് നശിക്കുകയും ചെയ്യും. അതിനാല്‍ ഇതിനെപ്പറ്റിയുള്ള അറിവില്‍ വലിയ ഫലമൊന്നും ഞാന്‍ കാണുന്നില്ല എന്ന് ഇന്ദ്രന്‍ കരുതി.

പ്രജാപതിയുടെ ഉപദേശം ഇന്ദ്രനും വിരോചനനും മനസ്സിലായത് രണ്ട് വിധത്തിലാണ്. പക്ഷേ രണ്ടു പേരുടേയും തെറ്റിദ്ധാരണയായിരുന്നു. വിരോചനന്‍ ശരീരം തന്നെയാണ് ആത്മാവ് എന്ന് കരുതി. എന്നാല്‍ ഇന്ദ്രന്‍ ശരീരത്തിന്റെ പ്രതിബിംബത്തെയാണ് ആത്മാവായി മനസ്സിലാക്കിയത്. താന്‍ കേട്ടതിനെക്കുറിച്ച് സത്ത്വഗുണമുള്ള ഇന്ദ്രന്‍ ചിന്തിച്ചപ്പോള്‍ മനസ്സിലാക്കിയതില്‍ പോരായ്മ ഉണ്ട് എന്ന് തോന്നി.

ഉള്ളം തെളിഞ്ഞ ആളുകള്‍ അസത്യമായ അറിവില്‍ തൃപ്തരാകുകയില്ല. ഇന്ദ്രന് ദേവന്മാരുടെ അടുത്തെത്തും മുമ്പേ തന്റെ തെറ്റ് തിരിച്ചറിയാന്‍ കഴിഞ്ഞു. ശരീരത്തിലെ മാറ്റങ്ങള്‍ പ്രതിബിംബമായി കാണുന്ന ഛായാത്മാവിലും കാണുന്നുണ്ട്. അപ്പോള്‍ ശരീരം നശിച്ചാല്‍ ആത്മാവ് എന്ന് കരുതിയ അതും നശിക്കും. ആത്മാവിന് നാശമില്ലെന്നാണ് പ്രജാപതി പറഞ്ഞതും. അതിനാല്‍ ദേഹാത്മ ദര്‍ശനവും ഛായാത്മ ദര്‍ശനവും സത്യമാകില്ല എന്ന് ഇന്ദ്രന് ഉറപ്പായി. അതുകൊണ്ട്  ഈ അറിവില്‍ ഒരു പ്രയോജനവുമില്ല എന്ന് നിശ്ചയിച്ചു.

സ സമിത് പാണിഃ പുനരേയായ തംഹ

 പ്രജാപതിരുവാച...

ഇന്ദ്രന്‍ ചമതയുമായി വീണ്ടും വന്നു. പ്രജാപതി ഇന്ദ്രനോട് ചോദിച്ചു. വിരോചനനോടൊപ്പം ശാന്ത ഹൃദയനായി പോയ അങ്ങ് എന്ത് ആഗ്രഹിച്ചാണ് വീണ്ടും വന്നത്? ഇന്ദ്രന്‍ പറഞ്ഞു  ഭഗവാനേ ഈ ശരീരം അന്ധമായാലും സ്വപ്‌ന ആത്മാവ് അന്ധമാകുന്നില്ല. ശരീരത്തിലെ കണ്ണോ മൂക്കോ ഒലിച്ചാലും സ്വപ്‌ന ആത്മാവ് അങ്ങനെയാകുന്നില്ല. ശരീര ദോഷം കൊണ്ട് സ്വപ്‌നാത്മാവ് ദുഷിക്കുന്നില്ല.

ഏഷമേ വൈഷ മഘവന്നിതി...

ആ ആത്മാവിനെ പറ്റി ഞാന്‍ വീണ്ടും വ്യാഖ്യാനിക്കാം. അതിന് വേണ്ടി 32 കൊല്ലം കൂടി ബ്രഹ്മചര്യത്തോടെ ഇവിടെ താമസിക്കണം. അതിന് ശേഷം പ്രജാപതി ഉപദേശിച്ച് കൊടുത്തു.

യ ഏഷ സ്വപ്‌നേ മഹീയമാനശ്ചര്യ ത്യേഷ 

ആത് മേതി...

സ്വപ്‌നത്തില്‍ പൂജിക്കപ്പെടുന്നതായി സഞ്ചരിക്കുന്നതാണ് ആത്മാവ്. ഇത് അമൃതവും അഭയവുമാണ് ഇതാണ് ബ്രഹ്മം. എന്ന് പ്രജാപതി ഉപദേശിച്ചു. ഇന്ദ്രന്‍ ശാന്തഹൃദയനായി പോയി. ദേവന്മാരുടെ അടുത്ത് എത്തും മുമ്പേ തന്റെ അറിവില്‍ ഭയമുണ്ടായി. ശരീരം അന്ധമായാലും സ്വപ്‌ന ആത്മാവ് അന്ധമാകുന്നില്ല. ശരീരത്തിലെ കണ്ണോ മൂക്കോ ഒലിച്ചാലും സ്വപ്‌നാത്മാവിന് ഇത് ഉണ്ടാകുന്നില്ല. ശരീര ദോഷം കൊണ്ട് സ്വപ്‌നാത്മാവ് ദുഷിക്കുന്നില്ല.

ന വധേനാസ്യ ഹന്യതേ, നാസ്യ സ്രാമ്യേണ സ്രാമോ...

ശരീരത്തിന്റെ വധത്തില്‍ സ്വപ്‌നാത്മാവ് വധിക്കപ്പെടുന്നില്ല. നാശമോ ഒലിപ്പോ ഇല്ല. കൊല്ലപ്പെടുന്ന പോലെയും ഓടിക്കുന്നത് പോലെയും അപ്രിയം അനുഭവിക്കും പോ

ലെയും  കരയും പോലെയും തോന്നുന്നു. ഈ സ്വപ്‌നാത്മ ദര്‍ശനത്തിലും ഞാന്‍ ഇഷ്ടമായ ഫലം കാണുന്നില്ല എന്ന് ഇന്ദ്രന്‍ വിചാരിച്ചു. പല വിധ വികാരങ്ങളും ഉള്ളതായി തോന്നുന്നതിനാല്‍ ഇതും യഥാര്‍ഥ ആത്മാവാകില്ലെന്ന് ഇന്ദ്രന്‍ ഉറപ്പിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.