മഹാഭാരത പര്യടനത്തിലെ ഭീഷ്മര്‍

Sunday 8 July 2018 2:58 am IST
(മഹാഭാരതത്തിലെ ഭീഷ്മരുടെ ത്യത്തിന്റെയും ധര്‍മത്തിന്റെയും സാധനകളെ അധികരിച്ചുള്ള ഒരു പുനര്‍വായന)

പ്രൊഫ. തുറവൂര്‍ വിശ്വംഭരന്റെ വിഖ്യാതമായ 'മഹാഭാരതപര്യടനത്തില്‍' ഭീഷ്മരുടെ മൂന്നു ധര്‍മവിലോപങ്ങളെക്കുറിച്ച് പരാമര്‍ശിക്കുന്നു. സ്വയം ത്യജിച്ച രാജ്യം അധാര്‍മികമായി ഭീഷ്മര്‍ അനുഭവിച്ചു പോന്നു. പാണ്ഡവര്‍ക്ക് മാത്രം അവകാശപ്പെട്ട രാജ്യത്തിന്റെ പകുതി, നീതി നടത്തുന്നു എന്ന വ്യാജേന  ദുര്യോധനാദികള്‍ക്ക് കൊടുപ്പിച്ചു. പാണ്ഡവരെ അരക്കില്ലത്തില്‍ ദഹിപ്പിക്കാന്‍ ശ്രമിച്ചതിന് ശിക്ഷിക്കാതെ വിട്ടു. മഹാരഥനായ ഭീഷ്മെരക്കുറിച്ചുള്ള ഈ മൂന്നു വിമര്‍ശനങ്ങളോടും വിയോജിക്കാതെ വയ്യ. 

ഭീഷ്മര്‍ രാജ്യം സ്വയം വേണ്ടെന്നു വെച്ചിട്ട് ആ രാജ്യം അനുഭവിക്കുകയായിരുന്നു എന്നു പറയുന്നത് ശരിയല്ല. മൃത്യുപര്യന്തം ആ ജീവിതം ത്യാഗനിര്‍ഭരമായിരുന്നു. വിചിത്രവീര്യന്റെ മരണശേഷം വ്യാസ സന്താനങ്ങളെ സ്വന്തം സന്താനങ്ങളെപ്പോലെ വളര്‍ത്തി. ധൃതരാഷ്ട്രര്‍ക്കും പാണ്ഡുവിനും വധുക്കളെ കണ്ടെത്തി. ധൃതരാഷ്ട്രര്‍ അന്ധനായതുകൊണ്ട് പാണ്ഡുവിനെ രാജാവാക്കി. പിന്നീട് പാണ്ഡു മരിച്ചപ്പോള്‍ കുരുടനായ ധൃതരാഷ്ട്രരെ, വിദുരന്റെയും അമാത്യന്മാരുടേയും തന്റെ തന്നെയും ഉപദേശത്തില്‍ രാജ്യഭാരം ഏല്‍പ്പിച്ചു. ഇതിനൊക്കെയാണോ അനുഭവിക്കുകയായിരുന്നു എന്നു പറയുന്നത്? 

യയാതി, തന്റെ യദു, തുര്‍വസു, ദ്രുഹ്യു എന്ന മൂന്നു ജ്യേഷ്ഠ പുത്രന്മാരെയും ശപിച്ച് അയോഗ്യരാക്കി നാലാമത്തെ പുത്രനായ പുരുവിനെയാണ് രാജാവാക്കിയത്. അന്നുമുതല്‍ പുരുവിന്റെ വംശത്തിലുള്ളവരാണ് രാജാക്കന്മാരായി തുടര്‍ന്നത്.

യദുവിന്റെ പരമ്പരയല്ല. ആ ക്രമം അനുസരിച്ച് പാണ്ഡുവിന്റെ സന്താനങ്ങള്‍ക്കാണ് രാജ്യാവകാശം എന്നാണ് പ്രൊഫ. തുറവൂര്‍ വിശ്വംഭരന്‍ പറയുന്നത്. ധൃതരാഷ്ട്രരുടെ സന്താനങ്ങള്‍ക്ക് ഒരു അവകാശവുമില്ല. അതായത്, രാജ്യം പൂര്‍ണമായും പാണ്ഡവര്‍ക്ക് മാത്രം അവകാശപ്പെട്ടതാണ്. ആ നിലയ്ക്ക് നിതി നടത്തുന്നു എന്ന വ്യാജേന പകുതി രാജ്യം കൗരവര്‍ക്ക് ഭീഷ്മര്‍ കൊടുപ്പിച്ചു എന്ന കണ്ടെത്തലും ശരിയല്ല.

പുരുവിനു ശേഷം 36 പുരുഷാന്തരങ്ങള്‍ കഴിഞ്ഞാണ് ധൃതരാഷഷ്ട്ര-പാണ്ഡുമാരുടെ ആവിര്‍ഭാവം. ഒരു തലമുറയ്ക്ക് അഥവാ പുരുഷാരത്തിന് 100 വര്‍ഷം വീതമാണ് ആയുസ്സ് കണക്കാക്കേണ്ടത്. അതനുസരിച്ച് 3600 വര്‍ഷമാണ് കൂട്ടേണ്ടത്, അതില്ലെങ്കിലും 2500 വര്‍ഷമെങ്കിലും കഴിഞ്ഞാണ് കൗരവ- പാണ്ഡവരുടെ ഉത്പത്തി (പുരുവംശാനുചരിതം ഒന്നും രണ്ടും ഭാഗം നോക്കുക). ഇത്രയും നീണ്ട കാലയളവില്‍ വംശ പാരമ്പര്യത്തില്‍ ജ്യേഷ്ഠനും അനുജനും പിതൃവ്യപുത്രനുമൊക്കെയായി ആരെല്ലാം രാജാവായിരുന്നില്ല അഥവാ രാജാവായിരുന്നു എന്ന് ആര്‍ക്കും പറയാനാവില്ല. ഉദാഹരണത്തിന് 22 മത്തെ രാജാവായിരുന്ന അജമീഡന് നാലു ഭാര്യമാരുണ്ടായിരുന്നവരില്‍ മൊത്തം 2400 പുത്രന്മാരുണ്ടായി. അവരില്‍ ഒരാളാണ് സംവരണന്‍. അദ്ദേഹമാണ് വംശവര്‍ദ്ധനനായി രാജാവായത് ( ഈ സംവരണന്‍ ത്രൊമനായിരുന്നു, എന്ന് പറഞ്ഞിട്ടില്ല) കുരുവിന്റെ പിതാവ് ഈ സംവരണനാണ്. അത്ര മുകളിലേക്കൊന്നും പോകേണ്ട. ഭീഷ്മരുടെ പിതാവായ ശാന്തനുവിന്റെ അച്ഛന്‍ പ്രതീപനായിരുന്നല്ലോ. അദ്ദേഹത്തിന്റെ മൂത്തപുത്രന്‍ വാതാപി രാജ്യം സ്വീകരിക്കാതെ വനവാസം ചെയ്തതുകൊണ്ടാണല്ലോ ശാന്തനു രാജാവായത്. ചുരുക്കത്തില്‍ യയാതി, യദുവിനെയും അദ്ദേഹത്തിന്റെ മറ്റുരണ്ടനുജന്മാരേയും തഴഞ്ഞ് പുരുവിനെ രാജാവാക്കുന്നത്, അവര്‍ ശപ്തന്മാരായിത്തീര്‍ന്നതു മൂലം മാത്രമാണ്. അതായത് അഭിശപ്തനെന്ന് പാതിത്യം ഇല്ലായിരുന്നെങ്കില്‍ യദു, രാജാവായേനേ. ഇവിടെ ധൃതരാഷ്ട്രര്‍ക്ക് അങ്ങനെയുള്ള പാതിത്യമൊന്നും സംഭവിച്ചിരുന്നില്ല. കേവലം അന്ധനായിപ്പോയതുകൊണ്ടു മാത്രമാണ് ഭരണസൗകര്യത്തു വേണ്ടി പാണ്ഡു രാജാവാകുന്നത്. അന്ധര്‍ക്ക്് രാജ്യാവകാശമില്ലെന്ന് ഒരു സ്മൃതിയും അനുശാസിക്കുന്നില്ല.  പിന്നീട് പാണ്ഡുവിന്റെ നിര്യാണത്തിന് ശേഷം വിദുരാദികളുടെ ഉപദേശത്തില്‍ രാജ്യം ഭരിച്ചുപോന്നത് ധൃതരാഷ്ട്രരാണല്ലോ. എങ്കിലും അക്ഷരാര്‍ഥത്തില്‍ അധികാരം കയ്യാളിയിരുന്നത് ദുര്യോധനനും കൂട്ടരുമായിരുന്നു താനും. അവര്‍ രാജ്യഭരണത്തില്‍ സ്വന്തം നിലയുറപ്പുവരുത്തുകയും ചെയ്തിരുന്നു. ആ സമയത്താണ് കുന്തിയും പാണ്ഡവരും വനത്തില്‍ നിന്നും വന്നുചേരുന്നത്. ആ സമയം ഒരു വര്‍ഷത്തിനു ശേഷം രാജാവായ ധൃതരാഷ്ട്രര്‍ പാണ്ഡവന്മാരില്‍ മൂത്തയാളായ യുധിഷ്ഠിരനെ യുവരാജാവാക്കി ഇക്കാര്യം വൈശമ്പായന മഹര്‍ഷി ജനമേജയ രാജാവിനോടു പറഞ്ഞിടത്തെ കവി വാക്യം ഇവിടെ ഉദ്ധരിക്കാം.

''അഥസംവത്സരം ചെന്നു ധൃതരാഷ്ട്രന്‍ മഹീപതേ!

യുവരാജാവാക്കി വച്ചു പാണ്ഡവന്മാരില്‍ മൂപ്പിലെ''

    (സംഭവപര്‍വ്വം, ധൃതരാഷ്ട്ര ചിന്ത- 139- 1)

ഇവിടെയൊന്നും ഭീഷ്മര്‍ യുധിഷ്ഠിരനെ യുവരാജാവാക്കിച്ചു എന്നു പറയുന്നില്ല. അദ്ദേഹത്തെപ്പറ്റിയുള്ള പരാമര്‍ശം അവിടെയെങ്ങും തന്നെ കാണുന്നില്ല.

അനന്തരം ഭീമാര്‍ജുനന്മാര്‍ ദിഗ്വിജയവും മറ്റും നടത്തി തങ്ങളുടെ ശക്തി തെളിയിച്ചതോടെ ചിന്താതുരനായ ധൃതരാഷ്ട്രര്‍ കണികനെന്ന അമാത്യന്റെ കൂടി നീതിപരമായ ഉപദേശം മൂലം പാണ്ഡവരെ വാരണാവതത്തിലേക്കു പറഞ്ഞയയ്ക്കുകയും അപ്പോള്‍ ദുര്യോധനന്റെ മറ്റൊരു മന്ത്രിയായ പുരോചനനെക്കൊണ്ട് വാരണാവതത്തില്‍ അരക്കില്ലം നിര്‍മ്മിക്കാന്‍ വേണ്ട ഏര്‍പ്പാടുകള്‍ ചെയ്യിക്കുകയും ചെയ്തു. അനന്തരം സംഭവങ്ങള്‍ പ്രസിദ്ധമാണല്ലോ. പിന്നീട് പാഞ്ചാലീ സ്വയംവരമെല്ലാം കഴിഞ്ഞ് ശക്തരായ പാണ്ഡവരെപ്പറ്റി ധൃതരാഷ്ട്രര്‍ അറിഞ്ഞ് വിദുരരെ അയച്ച് അവരെ വരുത്തുകയും അര്‍ഹതപ്പെട്ട പകുതി രാജ്യം കൊടുക്കുകയുമാണ് ചെയ്യുന്നത്. അതിന് ധൃതരാഷ്ട്രരെ പ്രേരിപ്പിക്കുന്നത് ഭീഷ്മര്‍, ദ്രോണര്‍, വിദുരര്‍ ഇവരെല്ലാമാണ്.

വിദ്വാന്‍ ശാന്തനവന്‍ ഭീഷ്മര്‍, ദ്രോണര്‍, 

ബ്രഹ്മര്‍ഷിമുഖ്യനും(രാജഗുരു) 

നീയുമവ്വണ്ണമെന്നോടു ഹിതമേറ്റമുരപ്പതാം

ആ വീരരായ കൗന്തേയര്‍ പാണ്ഡുവിന്നെപ്രകാരമോ 

എന്മക്കള്‍ക്കേതുവിധമീരാജ്യം വിഹിതമാവതോ

അതേവിധം പാണ്ഡവര്‍ക്കതിനില്ലൊരു സംശയം

ഇപ്രകാരം ധൃതരാഷ്ട്രര്‍ പറഞ്ഞ് വിദുരരെ ദ്രുപദരാജധാനിയിലേക്കയച്ച് പാണ്ഡവരെ സല്‍ക്കാരപൂര്‍വം വരുത്തി അര്‍ദരാജ്യം നല്‍കുന്നു. ഇവിടെയെങ്ങും ഭീഷ്മര്‍ അനുചിതമായി സമ്മര്‍ദ്ദം ചെലുത്തി നീതി നടത്തുന്നു എന്ന വ്യാജേന അര്‍തരാജ്യം കൊടുപ്പിച്ചതായി ഒരു സൂചന പോലുമില്ല. ആസമയം ധൃതരാഷ്ട്രര്‍  രാജാവാണ്. അദ്ദേഹം പല വിദ്വാന്മാരുടെ ഉപദേശപ്രകാരവും ന്യായം നോക്കിയും ആണ് പാണ്ഡവര്‍ക്ക് പകുതി രാജ്യം നല്‍കാന്‍ തീരുമാനിച്ചത്. തന്നെയല്ല, തന്റെ പുത്രന്മാര്‍ക്ക് എപ്രകാരമാണോ അവകാശപ്പെട്ടിരിക്കുന്നത് അപ്രകാരം തന്നെ പാണ്ഡവര്‍ക്കും അവകാശപ്പെട്ട ഭൂമി എന്നാണ് പറഞ്ഞത്. അല്ലാതെ, പരമ്പരാനുമോദിതമായി പാണ്ഡവര്‍ക്ക് അവകാശപ്പെട്ട ഭൂമി എന്നല്ല. 

ഇതുപോല, കുന്തിയോടൊപ്പമുള്ള പാണ്ഡവരെ അരക്കില്ലത്തിലിട്ടു ദഹിപ്പിക്കാന്‍ ശ്രമിച്ചതിന് ദുര്യോധനന് ശിക്ഷ കൊടുക്കാതെ വിട്ടതും ഭീഷ്മരുടെ ധര്‍മ വിലോപമായി കാണാനാവില്ല. അധികാരമോ ഭരണത്തില്‍ കൈകാര്യകര്‍ത്തൃത്വമോ ഒന്നുമില്ലാതിരുന്ന ഭീഷ്മര്‍ ഇതില്‍ എങ്ങനെ കുറ്റക്കാരനാകുമെന്നു മനസ്സിലാകുന്നില്ല. ഇക്കാര്യത്തില്‍ ന്യായം നടത്തേണ്ടത് രാജാവായ ധൃതരാഷ്ട്രര്‍ ആയിരുന്നു. അതിന് അദ്ദേഹത്തെ ഭീഷ്മര്‍ ഉപദേശിച്ചിരിക്കാം. അതുമല്ലെങ്കില്‍ ഉപദേശിച്ചില്ലായിരിക്കാം. അതൊന്നും വ്യാസന്‍ സൂചിപ്പിക്കുന്നില്ല. ആ ദൃഷ്ടിയില്‍ ഇക്കാര്യത്തില്‍ ഭീഷ്മരില്‍ മാത്രം പഴി ചാരുന്നതിന് യാതൊരു ന്യായീകരണവുമില്ല.

(തുടരും)  

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.