നാരദഭക്തിസൂത്രം വിശ്വസിക്കുന്നവര്‍ ഉത്തമ ഭക്തനാകും

Sunday 8 July 2018 3:02 am IST

''യഃ ഇദം നാരദപ്രോക്തം ശിവാനുശാസനം

വിശ്വസിതി ശ്രദ്ധത്തേ സ ഭക്തിമാന്‍ ഭവതി

സഃ പ്രേഷ്ഠം ലഭതേ സ പ്രേഷ്ഠം ലഭതേ ഇതി''

ശ്രീ സദാശിവഭഗവാന്റെ അനുശാസന പ്രകാരം ശ്രീനാരദനാല്‍ പ്രസ്താവിക്കപ്പെട്ട ഈ നാരദഭക്തിസൂത്രം വിശ്വസിച്ച് ശ്രദ്ധയോടെ വീക്ഷിക്കുന്നവന്‍  ആരായാലും ആ വ്യക്തി നല്ല ഒരു ഭക്തനായിത്തീരും. ആ ഭക്തന്റെ ആഗ്രഹങ്ങള്‍ പൂര്‍ത്തീകരിക്കും. അവന്റെ  ജീവിതാഭിലാഷം-മോക്ഷം- പൂര്‍ണമാകും.

ജ്ഞാനദാതാവും ലോകഗുരുവുമായ ശ്രീ ദക്ഷിണാമൂര്‍ത്തിയുടെ ആജ്ഞാനുസൃതം തയ്യാറാക്കിയതാണ് ഈ നാരദഭക്തിസൂത്രം. സനത്കുമാരന്‍, സനകന്‍, സനന്ദനന്‍, സനാതനന്‍ എന്നീ കുമാരന്മാര്‍ക്ക് ഉപദേശങ്ങള്‍ നല്‍കി നിത്യബ്രഹ്മചാരികളാക്കിയ ഗുരുവാണ് ഭഗവാന്‍ ദക്ഷിണാമൂര്‍ത്തി.

ഈ ജ്ഞാനതീര്‍ഥം പകര്‍ന്നു തന്നത് ഭഗവാനായ നാരദ ഋഷിയും. നാരം (തീര്‍ഥം) ദാനം ചെയ്യുന്നവനാണല്ലോ നാരദന്‍. ഇത് വിശ്വസിച്ച് ശ്രദ്ധയോടെ അനുഷ്ഠിക്കുന്നവന്‍- വിശുദ്ധമായി ശ്വസിക്കുന്നവന്‍- പ്രാണായാമം ചെയ്യുന്നവന്‍- പ്രാണനെ മനസ്സിലാക്കി ജീവിക്കുന്നവന്‍ യഥാര്‍ഥ ഭക്തനാകുന്നു.

സേപ്രഷ്ഠം ലഭതേ. അവന്റെ ആഗ്രഹങ്ങള്‍ നടപ്പാകുന്നു. ലൗകിക സുഖങ്ങള്‍ ലഭ്യമാകും എന്നാണ് ആദ്യം മനസിലാക്കേണ്ടത്. അഷ്ടസിദ്ധികളും അവന് പ്രാപ്തമാകും.വീണ്ടും ആവര്‍ത്തിച്ച് സപ്രേഷ്ഠം ലഭതേ എന്നു പറയുമ്പോള്‍ അവന്റെ അധ്യാത്മിക ലക്ഷ്യങ്ങളും പൂര്‍ത്തീകരിക്കുമെന്ന് മനസിലാക്കണം. 

ഓരോ വ്യക്തിയുടെയും ജീവിത ഉദ്ദേശ്യം, ജന്മോദ്ദേശ്യം ജന്മാന്തരങ്ങളിലുള്ള കടങ്ങളും പാപങ്ങളുമെല്ലാം പോക്കി ഭഗവത്പാദത്തിലേക്ക് എത്തുക എന്നതു തന്നെയാണ്. ആ ജീവിതാഭിലാഷം നാരദഭക്തിസൂത്രം വിശദമായി പഠിക്കുന്നതിലൂടെ ലഭ്യമാകും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.