വെല്‍ഡണ്‍ സുരേഷ് ഗോപി; സിപിഎമ്മിനും ഇടുക്കി എംപിക്കും കിട്ടിയത് കനത്ത പ്രഹരം

Saturday 7 July 2018 9:02 pm IST
പദ്ധതി നടപ്പിലാക്കാന്‍ കഴിയുകയാണെങ്കില്‍ അതിന് കൊല്ലപ്പെട്ട അഭിമന്യൂ ജലവിതരണ പദ്ധതിയെന്നായിരിക്കും പേരെന്ന പ്രഖ്യാപനവും കൂടിയായപ്പോള്‍ കമ്യൂണിസ്റ്റുകള്‍ക്കും ബിജെപി വിരുദ്ധര്‍ക്കും സഹിക്കാവുന്നതിനപ്പുറമായിപ്പോയി.

തൊടുപുഴ: വട്ടവടയിലെത്തി, എസ്ഡിപിഐ ഭീകരര്‍ കൊലപ്പെടുത്തിയ അഭിമന്യുവിന്റെ കുടുംബാംഗങ്ങളെ ആശ്വസിപ്പിക്കാനെത്തിയ ബിജെപി എംപി സുരേഷ് ഗോപിയുടെ സന്ദര്‍ശനം വിവാദമാക്കുന്നതിനു പിന്നില്‍ പല കാരണങ്ങള്‍. 

ഇടുക്കിയില്‍ ഭൂമി കൈയേറ്റവും പാര്‍ട്ടി രാഷ്ട്രീയവുമായി  മാത്രം നടക്കുന്ന സിപിഎം എംപി ജോയ്‌സ് ജോര്‍ജ്ജിന് ഏറ്റ കനത്ത രാഷ്ട്രീയ പ്രഹരം മറയ്ക്കാനാണ് സുരേഷ് ഗോപിയുടെ സന്ദര്‍ശനം സിനിമാറ്റിക് ആയെന്ന പ്രചാരണം.

ബിജെപി എംപിയായ സുരേഷ് ഗോപിയുടെ സന്ദര്‍ശനം കേന്ദ്ര സര്‍ക്കാരിന്റെ നേരിട്ടുള്ള സാന്നിധ്യമായി സംസ്ഥാന സര്‍ക്കാരും ഭരണ മുന്നണിയും മുഖ്യ കക്ഷി സിപിഎമ്മും കാണുന്നു. വെള്ളിയാഴ്ച കേന്ദ്ര ആഭ്യന്തരമന്ത്രി വന്നുപോയതിനു പിന്നാലെയാണ് സുരേഷ് ഗോപി വട്ടവടയില്‍ അഭിമന്യുവിന്റെ വീട്ടിലെത്തിയത്. അടുത്തയാഴ്ച പാര്‍ലമെന്റ് സമ്മേളനം നടക്കാനിരിക്കെ കേരളത്തിലെ പ്രശ്‌നങ്ങള്‍ രാജ്യസഭയില്‍ ചര്‍ച്ചയ്ക്ക് കൊണ്ടുവരാനുള്ള ലക്ഷ്യവും ഈ സന്ദര്‍ശനത്തിനുണ്ടെന്ന് സിപിഎം ഭയക്കുന്നു.

സുരേഷ് ഗോപിയുടെ സന്ദര്‍ശനത്തെ തുടര്‍ന്ന് പ്രദേശവാസികള്‍ എംപിയെന്ന നിലയില്‍ നടത്തിയ അഭ്യര്‍ഥനകള്‍ മണ്ഡലം ലോക്‌സഭാ എംപിയിലുള്ള അവിശ്വാസവും അതൃപ്തിയുംകൂടിയായിട്ടുണ്ട്. വട്ടവട സ്‌കൂളിന്റെ ശോച്യാവസ്ഥ പരിഹരിക്കാന്‍ എംപി ജോയ്‌സ് ജോര്‍ജ്ജിന് നാലു വര്‍ഷം പിന്നിട്ടിട്ടും ഒന്നും ചെയ്യാന്‍ കഴിഞ്ഞിട്ടില്ല. രാഷ്ട്രീയ എതിര്‍പ്പുകളില്ലെങ്കില്‍ സ്‌കൂള്‍ നവീകരിക്കാന്‍ എംപിയെന്ന നിലയില്‍ സഹായം നല്‍കാന്‍ തയാറാണെന്ന പ്രഖ്യാപനം സ്ഥലം എംപിക്കു പ്രഹരമായി. 

അതിനു പിന്നാലെയാണ് വര്‍ഷങ്ങളായി ജനങ്ങള്‍ ആവശ്യപ്പെടുന്ന പ്രാദേശിക കുടിവെള്ള പ്രശ്‌നത്തിനു പരിഹാരം കാണാന്‍ തയാറാണെന്നും ഒരു കോടി രൂപ എംപിവികസന ഫണ്ടില്‍നിന്ന് നല്‍കാമെന്നും സുരേഷ് ഗോപി പ്രസ്താവിച്ചത്.

അത്രയും മാത്രമല്ല, ആ പദ്ധതി നടപ്പിലാക്കാന്‍ കഴിയുകയാണെങ്കില്‍ അതിന് കൊല്ലപ്പെട്ട അഭിമന്യൂ ജലവിതരണ പദ്ധതിയെന്നായിരിക്കും പേരെന്ന പ്രഖ്യാപനവും കൂടിയായപ്പോള്‍ കമ്യൂണിസ്റ്റുകള്‍ക്കും ബിജെപി വിരുദ്ധര്‍ക്കും സഹിക്കാവുന്നതിനപ്പുറമായിപ്പോയി. കൊല്ലപ്പെട്ടത് എസ്എഫ്‌ഐയുടെ നേതാവ്. സിപിഎം ഇനിയും ആ വിഷയത്തില്‍ ഉറച്ച നിലപാട് പ്രഖ്യാപിച്ചിട്ടുമില്ല. ആ സാഹചര്യത്തിലാണ് ബിജെപി എംപി സുരേഷ് ഗോപി രാഷ്ട്രീയം മറന്ന് അഭിമന്യുവിന്റെ സ്മാരകമായി വികസന പദ്ധതിയി കുടിവെള്ള വിതരണ സംവിധാനം ഒരുക്കാന്‍ തയാറെന്ന് പ്രഖ്യാപിച്ചത്. രാഷ്ട്രീയ ആഘാതം താങ്ങാനാകാതെ സഖാക്കളും ബിജെപി വിരുദ്ധരും സുരേഷ് ഗോപിയെ സാമൂഹ്യ മാധ്യമങ്ങളില്‍ പരിഹസിക്കാനിറങ്ങുകയായിരുന്നു. 

സിനിമാതാരംകൂടിയായ എംപിക്കൊപ്പം ചിത്രമെടുക്കാനും സെല്‍ഫിയെടുക്കാനും ചെന്നവരെ 'കടക്കൂ പുറത്തെന്ന്' ഓടിക്കാനോ കൈയില്‍ പിടിച്ച് തള്ളിമാറ്റാനോ മുഖ്യമന്ത്രി പറിണായി വിജയനെപ്പോലെ സുരേഷ് ഗോപി തയാറായില്ലെന്നതാണ് ആക്ഷേപം. എന്നാല്‍, ഇന്നുതന്നെ അഭിമന്യുവിന്റെ വീടു സന്ദര്‍ശിച്ച മുന്‍ എംപിയും സിപിഎം നേതാവുമായ എം.എ. ബേബിയുമായി സുരേഷ് ഗോപി അവിടെ കൂടിക്കണ്ടതും സംസാരിച്ചതും ആരും ചര്‍ച്ച ചെയ്തതുമില്ല.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.