ഇതു സാഹിത്യവാസനയല്ല, ദുര്‍ഗന്ധം

Sunday 8 July 2018 3:13 am IST
സക്കറിയയ്ക്ക് ജന്മനാ സാഹിത്യവാസന ഉണ്ടായിരുന്നിരിക്കാം. പക്ഷേ, അതു ദുര്‍ഗന്ധമായി മാറിയിരിക്കുന്നു. അത് നമ്മുടെ സാംസ്‌കാരികാന്തരീക്ഷത്തെ മലീമസമാക്കുന്നു. എന്നാല്‍ സക്കറിയയ്ക്ക് കൊള്ളരുതാത്തത് എഴുതുന്നയാളായിരുന്നു ഒ.വി.വിജയനെങ്കില്‍ അദ്ദേഹത്തിന്റെ പേരിലുള്ള അവാര്‍ഡ് രണ്ടു കയ്യും നീട്ടി വാങ്ങിയതിന്റെ ഔചിത്യം എത്ര ആലോചിച്ചിട്ടും മനസിലാകുന്നില്ല. ഇരന്നു വാങ്ങുകയും പുലഭ്യം പറയുകയും ചെയ്യുന്ന ഇരട്ട മുഖം സക്കറിയയ്ക്ക് ചേരും.

പോള്‍ സക്കറിയ എന്ന കഥാകാരന്‍ കുറെ നാളായി സാഹിത്യ വിചാരത്തിനോ സാഹിത്യ സൃഷ്ടിക്കോ അല്ല ശ്രമിക്കുന്നത്. മതപരമായി അസംഘടിതരായ ഹിന്ദു സമൂഹത്തിനുമേല്‍ കുതിര കയറുന്ന പണിയാണ് എടുക്കാറുള്ളത്. അതിന് അദ്ദേഹത്തിന് അച്ചാരം കിട്ടിയിട്ടുണ്ടായിരിക്കണം. രണ്ടോ മൂന്നോ കാരണങ്ങള്‍ അതിനുണ്ടായിരിക്കാം. ഒരു കാരണം, അസഹിഷ്ണുതയും സംസ്‌കാര ശൂന്യതയും പാരമ്പര്യമായി കിട്ടിയതാകാം. മറ്റൊന്ന്, തന്റെ സര്‍ഗശേഷി വറ്റിയപ്പോള്‍ അവാര്‍ഡും അടുത്തൂണും കിട്ടുന്നതിനുള്ള കുറുക്കുവഴി. അതുമല്ലെങ്കില്‍ വ്യക്തി ജീവിതത്തിലെ നികത്താനാവാത്ത എന്തെങ്കിലും പതനങ്ങളും അതില്‍ നിന്നുള്ള അപകര്‍ഷതാബോധവും. അപകര്‍ഷത മറയ്ക്കാനുള്ള തന്ത്രമായി മറ്റുള്ളവരെ പുലഭ്യം പറയാമല്ലോ. ഇതിലേതാണെങ്കിലും സക്കറിയ കുറെ നാളായി സംസ്‌കാര ശൂന്യമായ പ്രവൃത്തികളിലാണ് ഏര്‍പ്പെട്ടിരിക്കുന്നത്. 

സാംസ്‌കാരിക അന്തരീക്ഷത്തില്‍ വിഷമാലിന്യം വലിച്ചെറിഞ്ഞ് അസ്വസ്ഥതകളും അസഹിഷ്ണുതയും വളര്‍ത്തുന്ന ചില സാഹിത്യകാരന്മാരില്‍ മുമ്പനാണ് സക്കറിയ. ഗുണ്ടകളും അക്രമികളും ജാതീയമായ പ്രശ്‌നങ്ങളാല്‍ ചില എഴുത്തുകാരെ ആക്രമിച്ചപ്പോള്‍, മുഴുവന്‍ ഹിന്ദു സമൂഹത്തെയും സംസ്‌കാരത്തെയും അവമതിക്കാനുള്ള അവസരമാക്കി ആ സന്ദര്‍ഭത്തെ സക്കറിയ മാറ്റി. എന്നാല്‍ പരീക്ഷാ ചോദ്യ പേപ്പറില്‍ മുഹമ്മദ് എന്ന ഒരു കഥാപാത്രത്തിന്റെ പേര് ഉദ്ധരിച്ചതിന്റെ പേരില്‍ ഒരു ഗുരുനാഥന്റെ കൈ വെട്ടിയപ്പോള്‍ സക്കറിയയുടെ നാക്ക് അണ്ണാക്കിലോളം പിന്‍വലിഞ്ഞു പോയിരുന്നു. 

ലോകം മുഴുവന്‍ അംഗീകരിക്കുകയും ആദരിക്കുകയും ചെയ്യുന്ന മാതാ അമൃതാനന്ദമയിയെക്കുറിച്ച്  മ്ലേച്ചമായ തരത്തില്‍ എഴുതി. ഒരമ്മയെ അധിക്ഷേപിക്കുന്നത് എല്ലാ അമ്മമാരെയും അധിക്ഷേപിക്കുന്നതിന് തുല്യമാണ്. ക്രിസ്ത്യന്‍ പാതിരിക്കൂട്ടം ഒരു വീട്ടമ്മയെ പീഡിപ്പിക്കുകയും ലൈംഗിക ചൂഷണം നടത്തുകയും ചെയ്തപ്പോള്‍ സക്കറിയയുടെ പേനത്തുമ്പില്‍നിന്നു മഷി വരാതായി.  ബിഷപ്പ് തന്നെ ദൈവദാസിമാരെ ബലാല്‍സംഗം ചെയ്ത വാര്‍ത്ത വരുമ്പോള്‍ സക്കറിയ തെരുവില്‍ അലയുന്ന അന്ധനെപ്പോലെ അഭിനയിക്കുന്നു.  

 ഭാരതത്തിന്റെ യുഗപുരുഷന്‍ സ്വാമി വിവേകാനന്ദന്റെ സ്മാരകമാണല്ലോ കന്യാകുമാരിയുടെ ഏറ്റവും വലിയ സവിശേഷത. കന്യാകുമാരി എന്നു പറയുമ്പോള്‍ത്തന്നെ ആ യുവ കേസരിയുടെ ശക്തിയും ചൈതന്യവും, അഭിമാനവും സംസ്‌കാരമുള്ളവരിലേക്ക് സംക്രമിക്കും. ആത്മീയതയുടെയും സ്വതന്ത്യത്തിന്റെയും അനുരണനം നമ്മില്‍ വല്ലാത്തൊരു അനുഭൂതി തന്നെ സൃഷ്ടിക്കും. ആ കന്യാകുമാരിയെ അശ്ലീലം നിറഞ്ഞ ഭാഷയില്‍ ചിത്രീകരിക്കാന്‍ മാത്രം ദുഷിപ്പു നിറഞ്ഞതായിരുന്നു സക്കറിയയുടെ മനസ്സും ബുദ്ധിയും. വിവേകാനന്ദപ്പാറയില്‍ കാമകേളികളാടുന്നവരെ സങ്കല്‍പിക്കാനേ ആ മനുഷ്യന്റെ സംസ്‌കാരത്തിനായുള്ളു.  

ആ മാനസികാവസ്ഥ തന്നെയാണ് ഒ.വി.വിജയനെ അവഹേളിക്കുന്നതിനും കാരണം. ഭാരതത്തിന്റെ സാംസ്‌കാരിക ബിംബങ്ങളെ ആരെങ്കിലും അവതരിപ്പിക്കുന്നത് സംസ്‌കാര ശുന്യനായ സക്കറിയയ്ക്ക് സഹിക്കുന്നില്ല. ഖസാക്കിന്റെ ഇതിഹാസകാരന്‍ കാലം പോകെപ്പോകെ സംസ്‌കാരത്തിന്റെ വേരുകളിലേക്ക് ആഴ്ന്നിറങ്ങി. ആത്മാന്വേഷണത്തിന്റെ പ്രയാണത്തില്‍ സനാതന ധര്‍മ്മത്തിന്റെ അടരുകള്‍ പലതും കണ്ടറിഞ്ഞു. നിശ്ശബ്ദതയുടെ കയങ്ങളില്‍ ഊളിയിട്ടപ്പോള്‍ ഉറന്നൊഴുകിയതാണ് ഗുരുസാഗരത്തിലെ മൊഴികള്‍. ധ്യാന നിമീലിതനായ ഋഷിയുടെ മനോമുകുരത്തില്‍ തെളിഞ്ഞു ദര്‍ശിച്ചതാണ് മധുരം ഗായതിയിലെ ഇതിവൃത്തം. ആ ആര്‍ഷ പ്രതിഭയുടെ പ്രഭാപൂരം കണ്ട് ഓരിയിടുന്ന ജംബുകം മാത്രമാണ് പോള്‍ സക്കറിയ എന്ന സക്കറിയ. 

സക്കറിയയ്ക്ക് ജന്മനാ സാഹിത്യവാസന ഉണ്ടായിരുന്നിരിക്കാം. പക്ഷേ, അതു ദുര്‍ഗന്ധമായി മാറിയിരിക്കുന്നു. അത് നമ്മുടെ സാംസ്‌കാരികാന്തരീക്ഷത്തെ മലീമസമാക്കുന്നു. ഭാരതീയ ബിംബങ്ങളെ അവഹേളിക്കുന്ന മത തീവ്രവാദികളുടെ ലക്ഷ്യം സാധിച്ചു കൊടുക്കുന്നതിന് അവാര്‍ഡ് രൂപത്തില്‍ കൂലിപ്പണം ലഭിക്കുന്നുണ്ടായിരിക്കാം. എന്നാല്‍ സക്കറിയയ്ക്ക് കൊള്ളരുതാത്തത് എഴുതുന്നയാളായിരുന്നു ഒ.വി.വിജയനെങ്കില്‍ അദ്ദേഹത്തിന്റെ പേരിലുള്ള അവാര്‍ഡ് രണ്ടു കയ്യും നീട്ടി വാങ്ങിയതിന്റെ ഔചിത്യം എത്ര ആലോചിച്ചിട്ടും മനസിലാകുന്നില്ല. ഇരന്നു വാങ്ങുകയും പുലഭ്യം പറയുകയും ചെയ്യുന്ന ഇരട്ട മുഖം സക്കറിയയ്ക്ക് ചേരും. 

കാലത്തിന്റെ കുത്തൊഴുക്കില്‍ സക്കറിയയെപ്പോലുള്ള ദുഷിപ്പുകള്‍ ഒലിച്ചു പോകും. എന്നാല്‍ ഭാരതീയ സംസ്‌കാരത്തിന്റെ മണ്ണില്‍ ആഴമുള്ള വേരുകള്‍ ആഴ്ത്തി നില്‍ക്കുന്ന സാഹിത്യത്തിലെ വന്‍ വടവൃക്ഷങ്ങള്‍ തലയെടുത്തു നില്‍ക്കും. ലോകത്തിന് സംസ്‌കാരത്തിന്റെ തണലും കുളിര്‍മ്മയും നിരന്തരം ഏകിക്കൊണ്ടിരിക്കും. മൃദു ഹൈന്ദവതയെന്നും തീവ്ര ഹൈന്ദവതയെന്നും ഒക്കെയുള്ള വികല വിഭജനങ്ങള്‍ അപ്രത്യക്ഷമാകും. ഹൈന്ദവത ഒന്നേയുള്ളു, അത് ലോകത്തിന് അനുഗ്രഹം വര്‍ഷിക്കുന്നതും സമാശ്വാസം നല്‍കുന്നതുമായിരിക്കും. അത് ഒരു ഋഷി മനസോടെ കണ്ടെത്തിയ ആളാണ് ഒ.വി.വിജയന്‍. അതിന്റെ ഏറ്റവും വലിയ തെളിവ് അദ്ദേഹത്തിന്റെ ശുദ്ധവും ദൃഢവുമായ വാക്കുകളാണ്. 

കുറച്ചു വര്‍ഷം മുമ്പ് ഒ.വി.വിജയന്‍ കോട്ടയത്ത് അദ്ദേഹത്തിന്റെ വസതിയില്‍ വിശ്രമിക്കുമ്പോള്‍ പി.പരമേശ്വര്‍ജി കാണാന്‍ പോയി. കൂട്ടത്തില്‍ ഈ ലേഖകനും ഭാരതീയ വിചാര കേന്ദ്രത്തിന്റെ ഇപ്പോഴത്തെ ജനറല്‍ സെക്രട്ടറി കെ.സി. സുധീര്‍ ബാബുവും ഉണ്ടായിരുന്നു. ഏറെനേരം പരമേശ്വര്‍ജി സംസാരിച്ചു. ദല്‍ഹിയിലെ പഴയ കാല സൗഹൃദം പങ്കുവച്ചു. എഴുത്തിന്റെ നിഗൂഢതകള്‍ ഓര്‍മ്മപ്പെടുത്തി. 

മുമ്പുണ്ടായിരുന്ന ദാര്‍ശനിക വ്യതിയാനം സൂചിപ്പിച്ചു. കൃതികളില്‍ ആര്‍ഷ പാരമ്പര്യത്തെ അഭിവ്യഞ്ജിപ്പിച്ചതിനെ സാമോദം പ്രകീര്‍ത്തിച്ചു. എല്ലാം ശ്രദ്ധയോടെ കേട്ടിരുന്ന വിജയനോട് എന്തെങ്കിലും ഒന്ന് എഴുതിത്തരാമോ എന്ന് പരമേശ്വര്‍ജി ചോദിച്ചു. വിജയന്റെ മുഖത്ത് സൂര്യന്‍ തെളിഞ്ഞു. ഉള്ളില്‍ പൂനിലാവ് പടര്‍ന്നതുപോലെ കണ്ണുകള്‍ ദീപ്തമായി. കൂടെയുണ്ടായിരുന്ന സഹായി കടലാസും പേനയും നല്‍കി. മെലിഞ്ഞുണങ്ങിയ വിരലുകളില്‍ നാരായം ഉറപ്പിച്ചു. മുനിയുടെ അന്തര്‍ഗതം അക്ഷരങ്ങളായി പത്രത്തില്‍ ആലേഖനം ചെയ്യപ്പെട്ടു - 'ഹൈന്ദവതയുടെ അനന്ത സ്ഥലികള്‍ തേടുകയാണ് ഞാന്‍'-- ഇതായിരുന്നു ആ വാക്കുകള്‍. 

ഹൈന്ദവതയുടെ അനന്ത സ്ഥലികളില്‍ ഒ.വി.വിജയന്‍ എന്ന എഴുത്തുകാരന്റെ ഭൗതിക ശരീരം വിലയം പ്രാപിച്ചു. അപ്പോഴും അദ്ദേഹം കുറിച്ചിട്ട വാക്കുകള്‍ തലമുറകള്‍ക്ക് പ്രചോദനവും അന്തര്‍ ദൃഷ്ടിയും നല്‍കിക്കൊണ്ടിരിക്കും. സക്കറിയമാര്‍ സംസ്‌കാര ശൂന്യതയുടെയും അസഹിഷ്ണുതയുടെയും ഇരുണ്ട ഇടങ്ങളില്‍ കിടന്ന് കൈകാലിട്ടടിച്ച് നിലവിളിച്ചുകൊണ്ടുമിരിക്കും. അതിലാരും ഖേദിക്കേണ്ടതില്ല.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.