ശതാഭിഷേകം ശതാബ്ദിയാഘോഷമായി!

Sunday 8 July 2018 3:26 am IST

ഈയിടെ ഒരു പ്രമുഖ വ്യക്തിയുടെ ശതാഭിഷേകം ആഘോഷിച്ചു. അദ്ദേഹത്തിന്റ 'ജന്മശതാബ്ദി' ആഘോഷിച്ചു എന്നാണ് വാര്‍ത്ത വന്നത്. 84-ാം വയസ്സിലാണ് ശതാഭിഷേകം. ആയിരം പൂര്‍ണ്ണ ചന്ദ്രനെ കണ്ടവര്‍ക്കായി നടത്തുന്ന ചടങ്ങാണത്. 84 വയസ്സായ ഒരാള്‍ ആയിരം പൂര്‍ണ്ണചന്ദ്രനെ കണ്ടിട്ടുണ്ടാകുമെന്നാണ് വയ്പ്. ഇതറിയാത്തതുകൊണ്ടാണ് ശതാഭിഷേകം ശതാബ്ദിയാഘോഷമായത്. 'ശതാബ്ദി' 100 വര്‍ഷം തികയലാണ്. ഒരു സംഘടനയുടെ ശതാബ്ദിയാഘോഷം ചിലര്‍ '100 ശതാബ്ദിയാഘോഷ' മാക്കുകയുണ്ടായി.

'കലാലയം രക്തരൂക്ഷിത'മാക്കരുതെന്ന് അദ്ദേഹം വിദ്യാര്‍ത്ഥി സംഘടനാ നേതാക്കളോട് അഭ്യര്‍ത്ഥിച്ചു.''

'രക്തരൂഷിതം' ശരി. രക്തംപുരണ്ട എന്നര്‍ഥം. ചിലപ്പോള്‍ വിപ്ലവം 'രക്തരൂക്ഷിത' മാകാറുണ്ട്.

'രൂഷിതം' 'രൂക്ഷിത'മാക്കുന്നവരില്‍ പലര്‍ക്കും 'തീക്ഷ്ണം' 'തീഷ്ണ'മാണ്. 'തീക്ഷ്ണം' ശരി. ചൂട്, മൂര്‍ച്ച, ശക്തി എന്നൊക്കെ അര്‍ഥം.

'ഉത്കൃഷ്ഠ' മായ കൃതികള്‍ രചിക്കുന്നവരും വായിക്കുന്നവരും കുറവാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. 'ഉത്കൃഷ്ട'മാണ് ശരി എന്ന് പലര്‍ക്കും അറിയില്ല.

'ഉദ്ദിഷ്ഠ' കാര്യസിദ്ധിക്കായി ക്ലേശിക്കുന്നവര്‍ ഏറെയുണ്ട്. ഉദ്ദേശിച്ച, നിശ്ചയിച്ച, ലക്ഷ്യമാക്കിയ എന്നൊക്കെ അര്‍ഥം കിട്ടാന്‍ 'ഉദ്ദിഷ്ടം', മതി. 'അഭീഷ്ടം' പലര്‍ക്കും അഭീഷ്ഠമാണ്. 'വൃഷ്ഠി'യും 'കഷ്ഠ'വും 'കഷ്ഠപ്പാടും' ഭാഷയില്‍ കുറഞ്ഞിട്ടില്ല. അഭീഷ്ടം, വൃഷ്ടി, കഷ്ടം, കഷ്ടപ്പാട് എന്നിവ ശരി.

അവരുടെ 'ഉദ്ദേശശുദ്ധി'യില്‍ ഞങ്ങള്‍ക്കു സംശയമുണ്ട്.

'ഉദ്ദേശ്യശുദ്ധി' എന്നാണു വേണ്ടത്. ഉദ്ദേശ്യത്തിന് 'ലക്ഷ്യം' എന്നര്‍ഥം. 'ഉദ്ദേശം' എന്നാല്‍ 'ഏകദേശം'.

പീഡനം 'പീഢന'മാക്കുന്നവര്‍ ക്രീഡ 'ക്രീഢ'യാക്കാറുണ്ട്. രാസക്രീഢയും ശാര്‍ദ്ദൂല വിക്രീഢിതവും ആപാദചൂഢവും അവരുടെ സംഭാവനകലാണ്. രാസക്രീഡ, ശാര്‍ദ്ദൂല വിക്രീഡിതം, ആപാദചൂഡം എന്നിവ ശരി. 

'രാഷ്ടീയപരമായ' കാരണങ്ങളാണ് അക്രമത്തിനു പിന്നിലെന്ന് അദ്ദേഹം ആരോപിച്ചു. 'രാഷ്ട്രീയത്തിന് 'പരം' ആവശ്യമില്ല. 'രാഷ്ട്രീയകാരണങ്ങളാണ്' എന്നുമതി. 'സാംസ്‌കാരികപരമായ' കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നവര്‍ കുറവല്ല. 'സംസ്‌കാരത്തെ സംബന്ധിച്ച' എന്നര്‍ത്ഥം കിട്ടാന്‍ 'സാംസ്‌കാരിക'മെന്നോ 'സംസ്‌കാരപര'മെന്നോ എഴുതണം. സാന്മാര്‍ഗികപരം, സാമുദായികപരം, കാര്‍ഷികപരം എന്നിവയും തെറ്റ്. സാന്മാര്‍ഗികം, സാമുദായികം, കാര്‍ഷികം എന്നിവ ശരി. 

പഠനകാലത്തുതന്നെ അദ്ദേഹം കലാരംഗത്ത് വ്യക്തിമുദ്ര പതിപ്പിച്ചു.

'വ്യക്തിമുദ്ര പതിച്ചു' എന്നാണ് ശരിയായ പ്രയോഗം. എന്തു ചെയ്യാം 'പതിപ്പിക്കല്‍' തുടരുന്നു.

അടുത്തകാലത്ത് ഏറെ പ്രചാരം കിട്ടിയ പ്രയോഗമാണ് 'സ്വകാര്യ അഹങ്കാരം'

ആവര്‍ത്തനം കൊണ്ട് 'ആദര്‍ശത്തിന്റെ ആള്‍രൂപ' മെന്നപോലെ 'സ്വകാര്യ അഹങ്കാര'വും വിരസമാകുന്നു. ആരും ആര്‍ക്കും സ്വകാര്യ അഹങ്കാരമാകാമെന്ന സ്ഥിതിയാണ്. വിശിഷ്ടവ്യക്തിയെ ആദരിക്കുന്ന ചടങ്ങാണെങ്കില്‍ സ്വകാര്യഅഹങ്കാരം എന്ന വിശേഷണം കേട്ടു കേട്ട് അദ്ദേഹം അവശനാകും!

'പ്രശസ്ത കവിയായ അദ്ദേഹം എന്റെയും നമ്മുടെ നാട്ടുകാരുടെയും സ്വകാര്യ അഹങ്കാരമായ വാര്‍ഡു മെംബറെ ക്ഷണിച്ചുകൊള്ളുന്നു''

ഈ മട്ടിലാണ് സ്വകാര്യഅഹങ്കാര ജ്വരം പടരുന്നത്.

ഒരു യോഗത്തില്‍ കേട്ടത്:

''ഞാന്‍ കൂടുതലൊന്നും പറയുന്നില്ല. അദ്ദേഹം എല്ലാംകൊണ്ടും നമ്മുടെ നാട്ടുകാരുടെ സ്വകാര്യ അഹങ്കാരിയാണ്, ക്ഷമിക്കണം സ്വകാര്യ അലങ്കാരമാണ്''

'പൊതു അഹങ്കാര'വും 'പരസ്യ അഹങ്കാര'വും താമസിയാതെ എത്തിയേക്കാം!

പിന്‍കുറിപ്പ്:

''ചൂര്‍ണിക്കരയില്‍ ഞാറ്റുവേല ഫെസ്റ്റ് തുടങ്ങി''

ഞാറ്റുവേലയോട്  ഫെസ്റ്റ് ചേര്‍ത്തവര്‍ക്ക് ബെസ്റ്റ് വിഷസ്!

'വിളവെടുപ്പു ഫെസ്റ്റിന്' കാത്തിരിക്കാം.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.