തിന്നാന്‍ പഠിക്കണം; കുടിക്കാനും

Sunday 8 July 2018 2:33 am IST
ഉപ്പുതൊട്ടു കര്‍പ്പൂരം വരെ വില കൊടുത്തു വാങ്ങി ശീലിച്ച മലയാളി ഇന്ന് വന്‍ പ്രതിസന്ധിയിലാണ്. ഭക്ഷണത്തിലും വെള്ളത്തിലും സര്‍വ്വത്ര മായം. പലതും കാന്‍സര്‍, ഉദരപ്രശ്‌നങ്ങള്‍, വന്ധ്യത, ഹൃദ്രോഗം തുടങ്ങി ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് കാരണമാകാം. എന്തു കഴിക്കും നമ്മള്‍?

മീനില്‍ ഫോര്‍മാലിനും അമോണിയയും. പച്ചക്കറികളില്‍ എത്തയോണ്‍, പ്രൊഫെനോഫോസ് പോലെയുള്ള മാരക കീടനാശിനികള്‍, കാത്സ്യം കാര്‍ബൈഡ് ഉപയോഗിച്ച് പഴുപ്പിച്ച മാമ്പഴം, കോഴിയിച്ചിയില്‍ ആന്റിബയോട്ടിക്കുകളും ഈസ്‌ടൊജനും, ബേക്കറി സാധനങ്ങള്‍ കേടുകൂടാതെ ദീര്‍ഘനാള്‍ സൂക്ഷിക്കാന്‍ ബിഎച്ച്എ പോലെയുള്ള പ്രിസര്‍വേറ്റീവുകള്‍. ഉപ്പുതൊട്ടു കര്‍പ്പൂരം വരെ വില കൊടുത്തു വാങ്ങി ശീലിച്ച മലയാളി ഇന്നു വന്‍ പ്രതിസന്ധിയിലാണ്. ഭക്ഷണത്തിലും വെള്ളത്തിലും സര്‍വ്വത്ര മായം. പലതും കാന്‍സര്‍, ഉദരപ്രശ്‌നങ്ങള്‍, വന്ധ്യത, ഹൃദ്രോഗം തുടങ്ങി ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങള്‍ക്കു കാരണമാകാം.

മൃതദേഹങ്ങള്‍ അഴുകാതിരിക്കാനും മറ്റും ഉപയോഗിക്കുന്ന ഫോര്‍മാലിന്‍, മത്സ്യം കേടുവരാതെ ഇരിക്കാന്‍ വ്യാപകമായി ഉപയോഗിക്കുന്നു എന്നതാണ് ഏറ്റവും ഒടുവിലെ ഞെട്ടിക്കുന്ന വാര്‍ത്ത. സംസ്ഥാനത്തെ വിവിധ ചെക്ക് പോസ്റ്റുകള്‍ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിലാണ് ഫോര്‍മലിന്‍, അമോണിയ, ക്ലോറിന്‍ ഡയോക്‌സൈഡ് തുടങ്ങിയ രാസവസ്തുക്കള്‍ ചേര്‍ത്ത മീന്‍ പിടിച്ചെടുത്തത്. സെന്‍ട്രല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫിഷറീസ് ടെക്‌നോളജി(സിഫ്ട്) വികസിപ്പിച്ചെടുത്ത പേപ്പര്‍ സ്ട്രിപ് ഉപയോഗിച്ചായിരുന്നു പരിശോധന. മീന്‍ കാഴ്ചയില്‍ ഫ്രഷ് ആയിരിക്കാനും ചീഞ്ഞ മത്സ്യത്തിന്റെ രൂക്ഷഗന്ധം അകറ്റാനും മീനിനു നല്ലതിളക്കം കിട്ടാനുമൊക്കെയാണ് ഈ രാസവസ്തുക്കള്‍ മത്സ്യത്തില്‍ ചേര്‍ക്കുന്നത്. സ്ഥിരമായി ഇവ ഉള്ളിലെത്തിയാല്‍ ആന്തരിക രക്തസ്രാവത്തിനും ഗുരുതരമായ ഉദരപ്രശ്‌നങ്ങള്‍ക്കും കാന്‍സറിനുമൊക്കെ കാരണമാകും.

മലയാളിയുടെ ഭക്ഷണ സംസ്‌കാരം രണ്ടു പതിറ്റാണ്ടിനിടെ വളരെയേറെ മാറിപ്പോയി. പറമ്പില്‍ നട്ടുവളര്‍ത്തിയിരുന്ന പച്ചക്കറികള്‍ അടുക്കളയില്‍ പാകം ചെയ്ത് കഴിച്ചു ശീലിച്ചവരായിരുന്നു നമ്മള്‍. തൊഴുത്തിലെ പശുവിന്റെ നറുംപാലും നാടന്‍ കോഴിയുടെ മുട്ടയും നമ്മുടെ കുട്ടികള്‍ക്ക് ആവശ്യമായ പോഷകങ്ങള്‍ നല്‍കിയിരുന്നു. അടുക്കളകള്‍ വെറും ഷോ കിച്ചനായി മാറിയപ്പോള്‍, ഈറ്റിങ് ഔട്ട് നമ്മുടെ സംസ്‌കാരത്തിന്റെ ഭാഗമായപ്പോള്‍, ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ മാംസം ഭക്ഷിക്കുന്ന നാടായി കേരളം മാറിയപ്പോള്‍ കീടനാശിനികളും രാസവസ്തുക്കളും കലര്‍ന്ന പഴങ്ങളും പച്ചക്കറികളും ആന്റി ബയോട്ടിക് കോഴിയിച്ചറികളുമൊക്കെ അതിര്‍ത്തി കടന്നു വരാന്‍ തുടങ്ങി. ദൈവത്തിന്റെ സ്വന്തം നാടായിരുന്ന കേരളം അങ്ങനെ രോഗങ്ങളുടെ സ്വന്തം നാടായി. 

നാട്ടില്‍ വ്യാപകമായി കണ്ടുവരുന്ന പല ആരോഗ്യപ്രശ്‌നങ്ങള്‍ക്കും ഭക്ഷണത്തിലെ മായം ചേര്‍ക്കലുമായി ബന്ധമുണ്ട്. ഏറ്റവും പുതിയ കണക്കനുസരിച്ച് കേരളത്തില്‍ ഒരു ലക്ഷം പേരെയെടുത്താല്‍ നൂറുപേര്‍ക്ക് ഏതെങ്കിലും തരത്തിലുള്ള കാന്‍സര്‍ ഉണ്ട്. ഒരു വര്‍ഷം 50,000 പേരില്‍ പുതിയതായി കാന്‍സര്‍ കണ്ടെത്തുന്നു. ബ്ലഡ് കാന്‍സര്‍, ലിംഫോമ, ശ്വാസകോശാര്‍ബുദം, സ്തനാര്‍ബുദം, കുടലിലെ കാന്‍സര്‍ എന്നിവയാണ് പ്രധാനമായും കേരളത്തില്‍ കണ്ടുവരുന്നത്. കീടനാശിനികള്‍ കലര്‍ന്ന പച്ചക്കറികളും കൃത്രിമ നിറങ്ങള്‍ ചേര്‍ത്ത ഭക്ഷണ വിഭവങ്ങളും പ്രിസര്‍വേറ്റീവുകളും കാന്‍സറിനു കാരണമാകാമെന്ന് സൂചനയുണ്ട്. 

ദീര്‍ഘനാള്‍ ഇത്തരം വിഷവസ്തുക്കള്‍ ഉള്ളില്‍ ചെല്ലുന്നതോടെ  കുട്ടികളുടെ ആരോഗ്യവും തകരാറിലാകും. ജനിതക കൈവല്യങ്ങള്‍, രക്താര്‍ബുദം, മസ്തിഷ്‌ക നാഡീ വ്യൂഹ രോഗങ്ങള്‍ തുടങ്ങി പല ദീര്‍ഘകാലരോഗങ്ങളും കുട്ടികളില്‍ പ്രത്യക്ഷപ്പെടാനിടയുണ്ട്.

അന്യസംസ്ഥാനങ്ങളില്‍ നിന്ന് വിഷം കലര്‍ന്ന മീനും പച്ചക്കറിയും അതിര്‍ത്തി കടന്ന് നമ്മുടെ നാട്ടിലെത്താതിരിക്കാന്‍ ചെക്ക് പോസ്റ്റുകളില്‍ കര്‍ശന പരിശോധന ഉണ്ടാകണം. ഭക്ഷ്യസുരക്ഷാ വകുപ്പിന്റെയും ആരോഗ്യ വകുപ്പിന്റെയും സംയുക്ത പരിശോധനകള്‍ പോലീസ് സഹായത്തോടെ കാര്യക്ഷമമായി നടപ്പാക്കണം. പരിശോധിക്കാനാവശ്യമായ ലബോറട്ടറി സംവിധാനങ്ങളും രാസഘടകങ്ങള്‍ കണ്ടെത്താനുമള്ള സ്ട്രിപ്പും സുലഭമായി ലഭ്യമാക്കണം.

ഭക്ഷണ വിതരണ കേന്ദ്രങ്ങള്‍, തട്ടുകടകള്‍, തുടങ്ങിയ ഇടങ്ങളില്‍ ആരോഗ്യ - ഭക്ഷ്യസുരക്ഷാ വകുപ്പുകളുടെ സംയുക്ത പരിശോധന വേണം. കേടായതും പഴകിയതുമായ ഭക്ഷണസാധനങ്ങള്‍ പിടിച്ചെടുത്ത് നശിപ്പിക്കണം.  ഉടമകള്‍ക്കെതിരെ ലൈസന്‍സ് റദ്ദാക്കുന്നതുള്‍പ്പെടെയുള്ള കര്‍ശന നടപടികള്‍ സ്വീകരിക്കണം. മത്സ്യബന്ധന വിതരണ കേന്ദ്രങ്ങള്‍ പരിശോധിച്ച് മത്സ്യം, ഐസ്, വെള്ളം എന്നിവയുടെ സാമ്പിളുകള്‍ ശേഖരിച്ച് കെമിക്കല്‍, മൈക്രോബയോളജി പരിശോധനകള്‍ നടത്തണം. ഇതിനാവശ്യമായ ലബോറട്ടറികള്‍ മേഖലാടിസ്ഥാനത്തില്‍ സ്ഥാപിക്കുകയും വിദഗ്ദ്ധരടക്കമുള്ള ജീവനക്കാരെ നിയമിക്കുകയും വേണം.

  ആരോഗ്യകരമായ ഭക്ഷണ സംസ്‌കാരം വളര്‍ത്തിയെടുക്കേണ്ടിയിരിക്കുന്നു. നമ്മുടെ പരമ്പരാഗത ഭക്ഷണരീതികള്‍ പോഷകസമ്പുഷ്ടവും സമീകൃതവുമായിരുന്നു. ആവശ്യമായ പച്ചക്കറികളും പഴവര്‍ഗ്ഗങ്ങളും ജൈവകൃഷി സമ്പ്രദായത്തിലൂടെ പറമ്പിലോ ടെറസിലോ വളര്‍ത്തിയെടുക്കാന്‍ കഴിയണം. അടുക്കളകള്‍ വീണ്ടും സജീവമാകണം. അങ്ങനെ, തീന്‍മേശകള്‍ പോയിസണ്‍ മേശയാകാതെ സൂക്ഷിക്കണം.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.