സ്ത്രീകളെ കന്യാസ്ത്രീകള്‍ കുമ്പസരിപ്പിക്കണം: ചര്‍ച്ച് ആക്ട് ആക്ഷന്‍ കൗണ്‍സില്‍

Sunday 8 July 2018 1:11 am IST
സ്ത്രീകളെ പുരോഹിതന്മാര്‍ കുമ്പസരിപ്പിക്കുന്നത് നിരോധിക്കുന്നതിന് നിയമനിര്‍മാണം നടത്തുക, ചര്‍ച്ച് ആക്ട് നടപ്പിലാക്കുക തുടങ്ങിയ ആവശ്യങ്ങള്‍ കൂടി ഉന്നയിച്ചായിരുന്നു ധര്‍ണ.
" സ്ത്രീകളെ കന്യാസ്ത്രീകള്‍ കുമ്പസരിപ്പിച്ചാല്‍ മതിയെന്നാവശ്യപ്പെട്ട് ചര്‍ച്ച് ആക്ഷന്‍ കൗണ്‍സില്‍ വൈസ് ചെയര്‍പേഴ്‌സണ്‍ അഡ്വ. ഇന്ദുലേഖ ജോസഫിന്റെ നേതൃത്വത്തില്‍ സെക്രട്ടേറിയറ്റിനു മുന്നില്‍ നടത്തിയ ധര്‍ണ. അമ്മ അലോഷ്യ ജോസഫ്, അച്ഛന്‍ ജോസഫ് ജോര്‍ജ്, സെബാസ്റ്റ്യന്‍ സമീപം."

തിരുവനന്തപുരം: സ്ത്രീകളെ കന്യാസ്ത്രീകള്‍ കുമ്പസരിപ്പിക്കണമെന്നാവശ്യപ്പെട്ട് ചര്‍ച്ച് ആക്ട് ആക്ഷന്‍ കൗണ്‍സില്‍ വൈസ് ചെയര്‍പേഴ്സണും കേരള കത്തോലിക്കാ നവീകരണ പ്രസ്ഥാനത്തിന്റെ നിയമോപദേഷ്ടാവുമായ അഡ്വ. ഇന്ദുലേഖാ ജോസഫിന്റെ നേതൃത്വത്തില്‍ സെക്രട്ടേറിയറ്റിനു മുന്നില്‍ ധര്‍ണ നടത്തി. സ്ത്രീകളെ പുരോഹിതന്മാര്‍ കുമ്പസരിപ്പിക്കുന്നത് നിരോധിക്കുന്നതിന് നിയമനിര്‍മാണം നടത്തുക, ചര്‍ച്ച് ആക്ട് നടപ്പിലാക്കുക തുടങ്ങിയ ആവശ്യങ്ങള്‍ കൂടി ഉന്നയിച്ചായിരുന്നു ധര്‍ണ. 

സ്ത്രീകളെ കന്യാസ്ത്രീകള്‍ കുമ്പസരിപ്പിക്കുന്നതിലൂടെ ചൂഷണങ്ങള്‍ തടയാന്‍ കഴിയുമെന്ന് ഇന്ദുലേഖ പറഞ്ഞു. അതല്ലെങ്കില്‍ കുമ്പസരിക്കുന്നയാളുടെ വ്യക്തിത്വം പുറത്തുപറയാതെ കുമ്പസരിപ്പിക്കുകയോ മുന്‍പ് സഭയില്‍ നിലനിന്നിരുന്ന പിഴമൂളല്‍ സമ്പ്രദായം പുനഃസ്ഥാപിക്കുകയോ വേണം. ഇക്കാര്യത്തില്‍ സഭാനേതൃത്വം അടിയന്തരമായി തീരുമാനമെടുക്കണം. പുരോഹിതന്മാര്‍ പ്രതിസ്ഥാനത്തു വരുന്ന കേസുകളില്‍ സഭാ നേതൃത്വത്തിന്റെ സമ്മര്‍ദം കാരണം ശരിയായ അന്വേഷണം നടക്കുന്നില്ല. ഇതിനു ശാശ്വത പരിഹാരം കാണുന്നതിന് സര്‍ക്കാരും വനിതാ കമ്മീഷനും വിഷയത്തില്‍ അടിയന്തരമായി ഇടപെടണമെന്നും അവര്‍ ആവശ്യപ്പെട്ടു. 

  പ്രൊഫ. ജോസഫ് വര്‍ഗീസ്, അലോഷിയ ജോസഫ്, ലത്തീന്‍കത്തോലിക്ക ഐക്യവേദി പ്രസിഡന്റ് അഡ്വ. ജെയിംസ് ഫെര്‍ണാണ്ടസ്, സെബാസ്റ്റ്യന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.