അവാര്‍ഡല്ല; ഉപഹാരം മാത്രമെന്ന് വൈറോളജി ഇന്‍സ്റ്റിട്യൂട്ട്

Saturday 7 July 2018 11:24 pm IST
" അമേരിക്കയിലെ ബാള്‍ട്ടിമോറിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹ്യൂമന്‍ വൈറോളജി പിണറായിക്ക് സന്ദര്‍ശകര്‍ക്കുള്ള ഉപഹാരം നല്‍കുന്നു. ആരോഗ്യമന്ത്രി കെ.കെ. ശൈലജ സമീപം"

തൃശൂര്‍: മുഖ്യമന്ത്രി പിണറായി വിജയനെ അമേരിക്കയിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹ്യൂമന്‍ വൈറോളജി അവാര്‍ഡ് നല്‍കി ആദരിച്ചുവെന്നത് പച്ചക്കള്ളം. മുഖ്യമന്ത്രി തന്നെ തന്റെ ഫേസ്ബുക്ക് പേജില്‍ ഈ വ്യാജ അവകാശവാദം ഉന്നയിച്ചെങ്കിലും ഇന്‍സ്റ്റിറ്റ്യൂട്ട് സത്യം വെളിപ്പെടുത്തിയതോടെ മുഖ്യമന്ത്രി നാണം കെട്ടു.

ബാള്‍ട്ടിമോറിലെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ട് സന്ദര്‍ശിക്കുക മാത്രമാണ് പിണറായിയും ആരോഗ്യമന്ത്രി കെ.കെ. ശൈലജയും ചെയ്തത്. സന്ദര്‍ശകര്‍ക്ക് നല്‍കുന്ന ഉപഹാരം മാത്രമാണ് ഇവര്‍ക്ക് നല്‍കിയതെന്നും പുരസ്‌കാരമൊന്നും നല്‍കിയിട്ടില്ലെന്നും ഇന്‍സ്റ്റിറ്റ്യൂട്ട് പിആര്‍ഒ എസ്. നോറ വ്യക്തമാക്കി. 

എന്നാല്‍ കേരളത്തിലെ നിപ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ കണക്കിലെടുത്ത് തനിക്കും മന്ത്രി ശൈലജയ്ക്കും വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ട് അവാര്‍ഡ് നല്‍കിയെന്നാണ് മുഖ്യമന്ത്രി തന്റെ ഫേസ്ബുക്ക് പേജില്‍ അവകാശപ്പെടുന്നത്. ഇത്തരമൊരു ബഹുമതി തങ്ങള്‍ ആര്‍ക്കും നല്‍കിയിട്ടില്ലെന്ന് ഇന്‍സ്റ്റിറ്റ്യൂട്ട് വ്യക്തമാക്കി. കേരളത്തിന് ആരോഗ്യമേഖലയില്‍ അന്താരാഷ്ട്ര തലത്തില്‍ ലഭിക്കുന്ന വലിയ ബഹുമതിയായാണ് ഈ ആദരവിനെ കാണുന്നതെന്നാണ് പിണറായി പറഞ്ഞത്. എയ്ഡ്‌സ് രോഗത്തിന് കാരണമായ എച്ച്‌ഐവി വൈറസുകളെ കണ്ടെത്തുന്നതില്‍ മുഖ്യ പങ്കുവഹിച്ച റോബര്‍ട്ട് സി. ഗാലോയുടെ നേതൃത്വത്തില്‍ നടന്ന ചര്‍ച്ചയില്‍ താനും ആരോഗ്യമന്ത്രിയും പങ്കെടുത്തതായും പിണറായി പറഞ്ഞു

ആഗോളതലത്തില്‍ വൈറസ് ജന്യരോഗങ്ങളെയും പ്രതിരോധ പ്രവര്‍ത്തനങ്ങളെയും കുറിച്ച് ഗവേഷണം നടത്തുന്ന സ്ഥാപനമാണ് വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ട്. 

വിവാദ നായകന്‍

വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ട് അടുത്തിടെ സ്ഥാപിച്ച റോബര്‍ട്ട് ഗാലോ വിവാദ പുരുഷനാണ്. നേരത്തെ ഇയാള്‍ പ്രവര്‍ത്തിച്ചിരുന്ന നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹെല്‍ത്തില്‍  പണം തിരിമറി ആരോപണം നേരിട്ടിരുന്നു. അന്നത്തെ പല സഹപ്രവര്‍ത്തകരും ഇക്കാര്യം ചൂണ്ടിക്കാട്ടിയിട്ടുമുണ്ട്. പണമുണ്ടാക്കാനുള്ള പുതിയ വഴിയാണ് വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടെന്നും അവര്‍ ആരോപിക്കുന്നു. ഗാലോയുടെ പ്രശസ്തി ധാര്‍മികമായി ഇരുണ്ടതാണെന്നാണ് മറ്റൊരു പ്രമുഖന്‍ പറയുന്നത്.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.