കുഴിയോ? വകുപ്പു തന്നെ പിരിച്ചുവിടേണ്ടി വരും മന്ത്രീ‍

Sunday 8 July 2018 3:28 am IST
" കുഴി കടന്ന് കതിര്‍മണ്ഡപത്തിലേക്ക്: മട്ടാഞ്ചേരി ഹാര്‍ബര്‍ പാലത്തിനു സമീപത്തെ കുഴി നിറഞ്ഞ റോഡിലൂടെ സഞ്ചരിക്കുന്ന വധൂവരന്മാരുടെ വാഹനം"

കൊച്ചി: വഴിയിലെ കുഴിയുടെ പേരില്‍ മന്ത്രി സുധാകരന്‍ എന്‍ജിനീയറെ സസ്‌പെന്‍ഡ് ചെയ്ത നടപടി കൊള്ളാം. പക്ഷെ, നാട്ടിലെ വഴികളിലെ കുഴികള്‍ അടയ്ക്കാത്തതിന് ശക്തമായ നടപടി എടുത്താല്‍ പൊതുമരാമത്ത് വകുപ്പ് തന്നെ പിരിച്ചു വിടേണ്ടിവരും. ആലപ്പുഴ മുതല്‍ ചങ്ങനാശേരി വരെയുള്ള 23 കിലോമീറ്റര്‍ റോഡില്‍ 2,200 കുഴികളുണ്ടായിരുന്നു. അങ്ങനെയെങ്കില്‍ ആയിരക്കണക്കിന് കിലോമീറ്റര്‍ റോഡുകളില്‍ എത്ര കുഴിയുണ്ടെന്ന് മന്ത്രി പരിശോധിക്കുമോ? 

എംസി റോഡിന്റെയും ദേശീയപാതയുടെയും ചില ഭാഗങ്ങളൊഴിച്ച് മിക്ക വഴികളും ഇന്ന് കുളങ്ങളും ഗര്‍ത്തങ്ങളും ചിലവ പാതാളസമാനവുമാണ്. മരാമത്തു വകുപ്പിന്റെ കൈവശം മാത്രമല്ല തദ്ദേശസ്ഥാപനങ്ങളുടെ നിയന്ത്രണത്തിലും ധാരാളം വഴികളുണ്ട്. ജനങ്ങളെ സംബന്ധിച്ച് അവ ആരുടെ കൈവശമെന്ന് അറിയേണ്ടതില്ല. ജനങ്ങള്‍ക്ക് കാല്‍നടയായോ ബസ്സിലോ ഓട്ടോയിലോ മറ്റു വാഹനങ്ങളിലോ സുഗമമായി സഞ്ചരിച്ചാല്‍ മാത്രം മതി. സംസ്ഥാനത്ത് പലയിടങ്ങളിലും റോഡുകള്‍ തകര്‍ന്നു തരിപ്പണമായി കിടക്കുകയാണ്. മഴ കൂടി കഴിഞ്ഞതോടെ കാല്‍നട പോലും അസാധ്യം. ഇതുമൂലം അപകടങ്ങള്‍ നിത്യം. ഗതാഗതക്കുരുക്കോ അസഹനീയം.  

ഗുണനിലവാരമില്ലാത്ത പണിയും അറ്റകുറ്റപ്പണിയുടെ അഭാവവും വെള്ളം ഒഴുകിപ്പോകാന്‍ ഓടയില്ലാത്തതും എല്ലാം ഇതിന് കാരണമാണ്. അഴിമതിയാണ് ഇൗ കുഴപ്പങ്ങള്‍ക്ക് കാരണം. കരാറുകാരന് ലഭിച്ച പണം അഴിമതിക്കാര്‍ക്ക് വീതിച്ചു നല്‍കിക്കഴിയുമ്പോള്‍ പിന്നെ റോഡുപണിക്ക് പണം കാണില്ല. ലാഭം ഉണ്ടാക്കാന്‍ കരാറുകാരനും പണിയില്‍ കൃത്രിമം കാണിക്കും. രണ്ടും കൂടിയാകുമ്പോള്‍ ജനം കുഴിയിലാകും. 

ഇരുചക്രവാഹനങ്ങള്‍ കുഴിയില്‍ വീണ് മരണമടയുന്നവരും പരിക്കേല്‍ക്കുന്നവരും ധാരാളമാണ്. കഴിഞ്ഞ നാലുവര്‍ഷത്തില്‍ റോഡപകടങ്ങളില്‍ 16,000 പേരാണ് കേരളത്തില്‍ മരിച്ചത്. അമിതവേഗവും വാഹനങ്ങളുടെ അവസ്ഥയും നിയമങ്ങള്‍ പാലിക്കാത്തതുമെല്ലാം ഇതിനു കാരണങ്ങളാണ്. അതുപോലെ തന്നെ റോഡുകളുടെ അവസ്ഥയും അപകടങ്ങള്‍ക്ക് പ്രധാനകാരണമാണ്. ദിവസവും ശരാശരി 12 പേരാണ് അപകടങ്ങളില്‍ മരിക്കുന്നത്. പരിക്കേല്‍ക്കുന്നത് നൂറ്റിയന്‍പതോളം പേര്‍ക്കും.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.