പി. ചിദംബരത്തിന്റെ വീട്ടില്‍ വന്‍ കവര്‍ച്ച

Sunday 8 July 2018 3:00 pm IST

ചെന്നൈ: മുൻ കേന്ദ്രമന്ത്രിയും കോൺഗ്രസ് നേതാവുമായ പി.ചിദംബരത്തിന്റെ ചെന്നൈയിലെ വീട്ടിൽ വന്‍ കവര്‍ച്ച. ഒന്നരക്കോടി രൂപയുടെ ആഭരണങ്ങൾ കളവുപോയതായി പോലീസ് പറഞ്ഞു. ഇന്ന് രാവിലെയാണ് മോഷണം പുറത്തറിയുന്നത്.

ഒരു മാസം മുമ്പ് വീട് അടച്ചു പൂട്ടി പി ചിദംബരത്തിന്റെ ഭാര്യ നളിനി ചിദംബരം ഊട്ടിയിൽ പോയിരുന്നു. തിരിച്ചെത്തിയപ്പോഴാണ് ‌വീട് കൊള്ളയടിച്ചതായി മനസിലായത്. വീട്ടു ജോലിക്കാരാണ് കൊള്ളയ്ക്ക് പിന്നിലെന്ന് പോലീസ് സംശയിക്കുന്നു. ഇന്ന് രാവിലെ ഏഴ് മണിക്ക് തിരിച്ചെത്തിയ ചിദംബരത്തിന്റെ ഭാര്യ അലമാര തുറന്നു കിടക്കുന്നത് കണ്ടതിനെ തുടര്‍ന്നാണ് വസ്തുവകകള്‍ പരിശോധിച്ചത്. 

ആഭരണങ്ങള്‍ക്ക് പുറമേ ആറ് സില്‍ക്ക് സാരികളും കാണാതായിട്ടുണ്ട്. വീട്ടിൽ നിന്ന് ലഭിച്ച സിസിടിവി ദൃശ്യങ്ങൾ പ്രകാരം മുഖം‌മൂടി ധരിച്ച രണ്ടു സ്ത്രീകൾ വീട്ടിൽ കടക്കുന്നത് കണ്ടെത്തിയിരുന്നു. ഇവർ ഒളിവിലാണെന്ന് പോലീസ് പറഞ്ഞു. എയർസെൽ മാക്സിസ് കേസിൽ പി ചിദംബരവും കുടുംബവും അന്വേഷണം നേരിടുന്ന സാഹചര്യത്തിൽ നടന്ന മോഷണം സംശയാസ്പദമാണെന്ന വാദവും ഉയരുന്നുണ്ട്.

വിരലടയാള വിദഗ്ദ്ധര്‍ വീട്ടിലെത്തി വിവരങ്ങള്‍ ശേഖരിച്ചു. ചെന്നൈ പോലീസ് എഫ്‌ഐ‌ആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം തുടങ്ങി. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.