11 മണിക്കൂര്‍ നീണ്ട ദൗത്യം ആരംഭിച്ചു; രണ്ട് കുട്ടികളെ പുറത്തെത്തിച്ചു

Sunday 8 July 2018 4:47 pm IST

ബാങ്കോക്ക്: തായ്‌ലന്‍ഡില്‍ ഗുഹയ്ക്കുള്ളില്‍ കുടുങ്ങിയ 12 കുട്ടികളെയും അവരുടെ പരിശീലകനേയും പുറത്തെത്തിക്കാനുള്ള 11 മണിക്കൂര്‍ നീണ്ട ദൗത്യം ആരംഭിച്ചു. ദൗത്യത്തിൻ്റെ ആദ്യഫലമെന്നോണം കുടുങ്ങിയ രണ്ട് കുട്ടികളെ രക്ഷാപ്രവര്‍ത്തകര്‍ പുറത്തെത്തിച്ചു.

അഞ്ച് തായ് മുങ്ങല്‍ വിദഗ്ധരും 13 രാജ്യന്തര നീന്തല്‍ സംഘത്തിലെ അംഗങ്ങളും അടങ്ങുന്ന 18 അംഗ സംഘമാണ് രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കുന്നത്.രക്ഷാപ്രവര്‍ത്തനത്തിന്റെ ഭാഗമായി ഗുഹാപരിസരത്തു തടിച്ചുകൂടിയ മാധ്യമപ്രവര്‍ത്തകരെ ഒഴിപ്പിച്ചു. മഴ അല്‍പം കുറഞ്ഞു നില്‍ക്കുന്നതിനാല്‍ ജലനിരപ്പ് ഇപ്പോള്‍ താഴ്ന്നുവരികയാണ്. ഇതോടെ ഗുഹയില്‍ നിന്നു പുറത്തേക്കുള്ള വഴിയില്‍ പലയിടത്തും കുട്ടികള്‍ക്കു നടന്നെത്താനുമാവും. അടുത്ത മഴ വരുന്നതിന് മുമ്പ് തന്നെ കുട്ടികളെ രക്ഷിക്കാനാണ് ശ്രമം. 

ഓരോ കുട്ടിക്കുമൊപ്പം ഒരു ഡൈവര്‍ വീതമുണ്ടാകും. ബഡ്ഡി ഡൈവിങ് എന്ന രീതിയാണ് ഇവിടെ സ്വീകരിക്കുക. ഇടുങ്ങിയ, ദുര്‍ഘടമായ വഴികളാണ് ഗുഹയില്‍ പലയടിത്തും. വായുസഞ്ചാരം കുറവുള്ള ഈ വഴികളിലൂടെ അതിസാഹസികമായി നീന്തിവേണം കുട്ടികളെ പുറത്തെത്തിക്കാന്‍. ഗുഹയ്ക്കു പുറത്തു നിന്ന് കുട്ടികളിലിരിക്കുന്ന സ്ഥലത്തേയ്‌ക്കെത്താന്‍ ആറു മണിക്കൂര്‍ വേണം. പുറത്തെത്തിക്കുന്ന കുട്ടികള്‍ക്കും പരിശീലകനും അടിയന്തിര വൈദ്യസഹായം ലഭ്യമാക്കുന്നതിന് 13 ആംബുലന്‍സുകളും ഹെലികോപ്ടറും രണ്ടിടങ്ങളിലായി തയാറാക്കി നിര്‍ത്തിയിട്ടുണ്ട്

കഴിഞ്ഞ ജൂണ്‍ 23 നാണ് അണ്ടര്‍ 16 ഫുട്‌ബോള്‍ ടീം അംഗങ്ങളും പരിശീലകനും ഗുഹയില്‍ കുടുങ്ങിയത്. തൊട്ടുപിന്നാലെ പെയ്ത കനത്തമഴയെ തുടര്‍ന്ന് വെള്ളവും ചെളിയും അടിഞ്ഞ് സംഘം ഗുഹയില്‍ അകപ്പെടുകയായിരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.