ആദ്യ സെല്‍ഫ് ഡ്രൈവിങ് വീല്‍ചെയറുമായി അമൃതയിലെ വിദ്യാര്‍ഥികള്‍

Monday 9 July 2018 2:32 am IST

കൊച്ചി: അമൃത വിശ്വ വിദ്യാപീഠത്തിലെ വിദ്യാര്‍ഥികള്‍ ഇന്ത്യയിലെ ആദ്യ സെല്‍ഫ് ഡ്രൈവിങ് വീല്‍ചെയര്‍ വികസിപ്പിച്ചു.  ഉപയോക്താവിനെ ഒരിടത്തു നിന്നും മറ്റൊരിടത്തേക്ക് സ്വയം നിയന്ത്രണത്തിലൂടെ തടസങ്ങള്‍ ഒഴിവാക്കി സുരക്ഷിതമായി എത്തിക്കാന്‍ കഴിവുള്ള വീല്‍ചെയറാണ് മൂന്നു അവസാന വര്‍ഷ ബിടെക്ക്  വിദ്യാര്‍ഥികള്‍ പ്രൊഫസറുടെ നേതൃത്വത്തില്‍ വികസിപ്പിച്ചത്.

സെല്‍ഫ്-ഇ എന്ന് പേരിട്ടിരിക്കുന്ന വീല്‍ ചെയര്‍ സ്വയം നാവിഗേഷനായി റോബോട്ടിക്ക് ഓപ്പറേറ്റിങ് സിസ്റ്റമാണ് ഉപയോഗിക്കുന്നത്. സ്മാര്‍ട്ട്‌ഫോണ്‍ ആപ്പിലൂടെ ലേസര്‍ സെന്‍സര്‍ ഉപയോഗിച്ച് ചുറ്റുപാടുമുള്ള സ്ഥലത്തിന്റെ നീങ്ങുന്നതും അല്ലാത്തതുമായ വസ്തുക്കളുടെ വിവരങ്ങള്‍ ഉള്‍പ്പടെയുള്ള ഒരു ഭൂപടം സ്വയം തയ്യാറാക്കിയാണ് ഇത് സാധ്യമാക്കുന്നത്. ഉപയോക്താവ് മാപ്പിലെ ആവശ്യമുള്ള സ്ഥലത്ത് തൊടുമ്പോള്‍ വീല്‍ചെയര്‍ തനിയെ അവിടേയ്ക്കു നീങ്ങും. 

വില കൂടിയ സെല്‍ഫ് ഡ്രൈവിങ് വീല്‍ചെയറുകള്‍ ഇറക്കുമതി ചെയ്യാനാകുമെങ്കിലും അമൃതയിലെ വിദ്യാര്‍ഥികള്‍ വികസിപ്പിച്ചിരിക്കുന്നത് ഒരു ലക്ഷം രൂപയില്‍ താഴെ മാത്രം മാത്രം ചെലവു വരുന്നതാണ്.  വിദേശ യൂണിവേഴ്‌സിറ്റികളുടെ സഹായമില്ലാതെ, ഇന്ത്യയിലെ ഒരു യൂണിവേഴ്‌സിറ്റി ലാബില്‍ വികസിപ്പിച്ചെടുത്തതാണിത്. വീല്‍ചെയര്‍ ഇനി  ആശുപത്രികളിലെയും എയര്‍പോര്‍ട്ടുകളിലെയും വിവിധ പരിതസ്ഥിതികളില്‍ പരീക്ഷിക്കേണ്ടതുണ്ടെന്നും  അമൃത വിശ്വ വിദ്യാപീഠത്തിന് ഈ ഉല്‍പ്പന്നം വാണിജ്യതലത്തിലാക്കാന്‍ കഴിയുമെന്നാണ് വിശ്വാസമെന്നും പദ്ധതിക്കു പിന്നില്‍ പ്രവര്‍ത്തിച്ച അമൃത വിശ്വ വിദ്യാപീഠം ഹ്യൂമണൈറ്റേറിയന്‍ ടെക്‌നോളജി ലാബ് ഡയറക്ടറും ഇലക്‌ട്രോണിക്‌സ് ആന്‍ഡ് കമ്മ്യൂണിക്കേഷന്‍ അസിസ്റ്റന്റ് പ്രൊഫസറുമായ ഡോ. രാജേഷ് കണ്ണന്‍ മേഗലിംഗം പറഞ്ഞു.

ചിന്ത രവി തേജ, ശരത് ശ്രീകാന്ത്, അഖില്‍ രാജ് എന്നിവരാണ് സെല്‍ഫ്-ഇ വീല്‍ച്ചെയര്‍ രൂപകല്‍പ്പന ചെയ്ത വിദ്യാര്‍ഥികള്‍. അമൃത വിശ്വ വിദ്യാപീഠം ഹ്യൂമണൈറ്റേറിയന്‍ ടെക്‌നോളജി ലാബില്‍ കഴിഞ്ഞ രണ്ടു വര്‍ഷമായി ജൂനിയര്‍ ഗവേഷകരായി പ്രവര്‍ത്തിക്കുകയാണ് ഇവര്‍. സ്മാര്‍ട്ട്‌ഫോണ്‍ ആപ്പ് ഉപയോഗിക്കാന്‍ ബുദ്ധിമുട്ടുള്ള രോഗിയാണെങ്കില്‍ ബന്ധുക്കള്‍ക്കാര്‍ക്കെങ്കിലും വീല്‍ചെയര്‍ തള്ളാതെ തന്നെ ആന്‍ഡ്രോയിഡ് ആപ്പ് ഉപയോഗിച്ച് അവരെ സഹായിക്കാം. റോബോട്ടിക്ക് ഓപ്പറേറ്റിങ് സിസ്റ്റത്തോടൊപ്പം റഡാര്‍ സെന്‍സര്‍ കൂടി ഉപയോഗിച്ചാണ് മാര്‍ഗതടസങ്ങള്‍ വീല്‍ചെയര്‍ മനസിലാക്കി ഒഴിവാക്കുന്നത്. വാതിലിലൂടെ അകത്തേക്കും പുറത്തേക്കും കടക്കുന്നതാണ് സെല്‍ഫ്-ഇ നേരിടുന്ന പ്രതിസന്ധി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.