എന്‍ഡിഎയ്‌ക്കൊപ്പം; നിലപാട് വ്യക്തമാക്കി ജെഡിയു

Monday 9 July 2018 2:33 am IST

ന്യൂദല്‍ഹി: എന്‍ഡിഎ വിടുമെന്ന അഭ്യൂഹങ്ങള്‍ ശക്തമായി നിഷേധിച്ച് നിതീഷ് കുമാറിന്റെ ജെഡിയു. അടുത്ത വര്‍ഷം നടക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ എന്‍ഡിഎ മുന്നണിയില്‍ തന്നെയാകും മത്സരിക്കുകയെന്ന് ദല്‍ഹിയില്‍ നടന്ന ദേശീയ നിര്‍വാഹക സമിതി യോഗത്തിന് ശേഷം ജെഡിയു വക്താവ് കെ.സി. ത്യാഗി വ്യക്തമാക്കി. എന്‍ഡിഎ ഒറ്റക്കെട്ടായി തെരഞ്ഞെടുപ്പിനെ നേരിടും. ബീഹാറില്‍ മുഴുവന്‍ സീറ്റിലും വിജയിക്കും. ജെഡിയു എത്ര സീറ്റില്‍ മത്സരിക്കുമെന്ന് പിന്നീട് തീരുമാനിക്കും. ജനറല്‍ സെക്രട്ടറി സഞ്ജയ്കുമാര്‍ ഝാ പറഞ്ഞു. ലോക്‌സഭാ തെരഞ്ഞെടുപ്പിലെ സീറ്റ് വിഭജനത്തെച്ചൊല്ലി എന്‍ഡിഎയില്‍ ഭിന്നത ഉടലെടുത്തതായും ജെഡിയു സഖ്യം വിടുമെന്നും വാര്‍ത്തകള്‍ വന്നിരുന്നു. 

മുതിര്‍ന്ന നേതാക്കളെല്ലാവരും പങ്കെടുത്ത യോഗത്തില്‍, തെരഞ്ഞെടുപ്പുകള്‍ ഒരുമിച്ച് നടത്തണമെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആശയത്തെ പിന്തുണച്ച് ബീഹാര്‍ മുഖ്യമന്ത്രിയായ നിതീഷ് കുമാര്‍ സംസാരിച്ചു. രാഷ്ട്രീയ തീരുമാനങ്ങളെടുക്കുന്നതിന് നിതീഷിനെ യോഗം ചുമതലപ്പെടുത്തി. വിവിധ സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ സ്വീകരിക്കേണ്ട നിലപാട് പിന്നീട് ചര്‍ച്ച ചെയ്യും. 2014ല്‍ ബീഹാറിലെ 40 ലോക്‌സഭാ സീറ്റില്‍ 22 ഇടത്ത് ബിജെപി ജയിച്ചിരുന്നു. സഖ്യകക്ഷികളായ എല്‍ജെപിക്ക് ആറും ആര്‍എല്‍എസ്പിക്ക് മൂന്നും സീറ്റുകള്‍ ലഭിച്ചപ്പോള്‍ ഒറ്റയ്ക്ക് മത്സരിച്ച ജെഡിയു രണ്ടിലൊതുങ്ങി. 

ആറ് വര്‍ഷത്തിലേറെയായി ഇന്ത്യയില്‍ താമസിക്കുന്ന അഫ്ഗാനിസ്ഥാന്‍, ബംഗ്ലാദേശ്, പാക്കിസ്ഥാന്‍ എന്നീ രാജ്യങ്ങളിലുള്ള ഹിന്ദു, സിഖ്, ക്രിസ്ത്യന്‍, ജൈന, ബുദ്ധ, പാഴ്‌സി മതവിഭാഗങ്ങള്‍ക്ക് പൗരത്വം നല്‍കുന്നതിന് നിയമഭേദഗതി കൊണ്ടുവരാനുള്ള കേന്ദ്ര സര്‍ക്കാര്‍ നീക്കത്തെ ജെഡിയു എതിര്‍ത്തു. പൗരത്വത്തിന് മതം മാനദണ്ഡമാകരുതെന്ന് പാര്‍ട്ടി പറഞ്ഞു. മുസ്ലിം മതതീവ്രവാദികളുടെ ആക്രമണങ്ങളെ തുടര്‍ന്ന് ജീവിക്കാന്‍ സാധിക്കാതെ ഈ സംസ്ഥാനങ്ങളിലെ ന്യൂനപക്ഷങ്ങള്‍ ഇന്ത്യയിലേക്ക് അഭയാര്‍ഥികളായി വരുന്ന സാഹചര്യത്തിലാണ് നിയമഭേദഗതിക്ക് കേന്ദ്രം തയാറെടുക്കുന്നത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.