രാഹുല്‍ ജൂനിയര്‍; കോണ്‍ഗ്രസ് അധ്യക്ഷനെ കുത്തി മമത

Monday 9 July 2018 2:35 am IST

ന്യൂദല്‍ഹി: കോണ്‍ഗ്രസ്സുമായി സഹകരിക്കാന്‍ തയ്യാറാണെന്ന് വ്യക്തമാക്കുമ്പോഴും രാഹുലിനെ ഇകഴ്ത്തിക്കാട്ടി ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി. ''ബിജെപിയെ ഭരണത്തില്‍ നിന്നിറക്കാന്‍ കോണ്‍ഗ്രസ്സുമായി സഖ്യത്തിന് തയാറാണ്. സോണിയാ ഗാന്ധിയുമായി നല്ല ബന്ധമുണ്ട്. എന്നാല്‍ 'ജൂനിയര്‍' ആയ രാഹുലുമായി ഒന്നിച്ച് പ്രവര്‍ത്തിച്ചിട്ടില്ല. സോണിയയെക്കുറിച്ചും രാജീവിനെക്കുറിച്ചും പറയാന്‍ സാധിക്കും. ജൂനിയറായ രാഹുലിനെക്കുറിച്ച് പറയാനാകില്ല'', മമത വ്യക്തമാക്കി. രാഹുല്‍ അധ്യക്ഷനായതിന് ശേഷം കോണ്‍ഗ്രസ്സുമായി അകല്‍ച്ചയിലുള്ള മമത പ്രാദേശിക പാര്‍ട്ടികളുമായി ചേര്‍ന്ന് മൂന്നാം മുന്നണി രൂപീകരിക്കാന്‍ ശ്രമിക്കുന്നുണ്ട്. രാഷ്ട്രീയത്തില്‍ പക്വതയോ അനുഭവപരിചയമോ ഇല്ലാത്ത രാഹുലിനെ അംഗീകരിക്കാന്‍ തയ്യാറല്ലെന്ന് നിരവധി തവണ മമത സൂചന നല്‍കിയിട്ടുണ്ട്. 

 കോണ്‍ഗ്രസ്സുമായി സഹകരിക്കാന്‍ തയ്യാറാകാത്ത പ്രാദേശിക പാര്‍ട്ടികളെ കുറ്റപ്പെടുത്താന്‍ താന്‍ തയാറല്ലെന്ന് മമത പറഞ്ഞു. അവര്‍ക്ക് പ്രാദേശികമായ സാഹചര്യങ്ങള്‍ കണക്കിലെടുക്കേണ്ടതുണ്ട്. സ്വാധീനമനുസരിച്ച് കോണ്‍ഗ്രസ്സും പ്രാദേശിക പാര്‍ട്ടികളും സഖ്യത്തെ നയിക്കുകയാണ് ഉചിതം. പ്രധാനമന്ത്രിയാവുമോയെന്ന ചോദ്യത്തിന് പ്രസക്തിയില്ലെന്ന് മമത പറഞ്ഞു. ഞാന്‍ സാധാരണ വ്യക്തിയാണ്. ഇപ്പോഴുള്ള ജോലിയില്‍ സംതൃപ്തയാണ്. നൂറ് കണക്കിന് ഹിറ്റ്‌ലര്‍മാരെപ്പോലെയാണ് ബിജെപി പെരുമാറുന്നത്. ഒന്നിച്ച് പ്രവര്‍ത്തിക്കുകയെന്നതാണ് പ്രധാനം, മമത ചൂണ്ടിക്കാട്ടി.

തെരഞ്ഞെടുപ്പ് സഖ്യത്തെച്ചൊല്ലി ബംഗാളിലെ കോണ്‍ഗ്രസ്സില്‍ ഭിന്നത നിലനില്‍ക്കെയാണ് മമത നിലപാട് വ്യക്തമാക്കിയത്. കോണ്‍ഗ്രസ്സിലെ ഒരു വിഭാഗം തൃണമൂലുമായും മറുവിഭാഗം സിപിഎമ്മുമായും സഖ്യത്തിനായി വാദിക്കുന്നുണ്ട്. കഴിഞ്ഞ ദിവസം ഇവര്‍ രാഹുലുമായി ചര്‍ച്ച നടത്തിയെങ്കിലും തീരുമാനത്തിലെത്തിയില്ല. ഇതുവരെ പത്തോളം കോണ്‍ഗ്രസ് എംഎല്‍എമാര്‍ തൃണമൂലിലേക്ക് മാറിയിട്ടുണ്ട്. ഏതാനും നേതാക്കളും എംഎല്‍എമാരും തൃണമൂലില്‍ ചേക്കേറുമെന്ന ഭയത്തിലാണ് കോണ്‍ഗ്രസ്. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.