സംന്യാസത്തിന്റെയും ത്യാഗത്തിന്റെയും സ്വരൂപം എന്താണ്? (18-1) ശ്ലോകം

Monday 9 July 2018 2:40 am IST

കഴിഞ്ഞ അധ്യായത്തില്‍-

''കര്‍മ്മ ചൈവതദര്‍ഗ്ഗീയം

സദിത്യേവാഭിധീയതേ.'' എന്ന ശ്ലോകത്തില്‍ ഭഗദര്‍ത്ഥമായി ചെയ്യുന്ന കര്‍മ്മത്തെയാണ് സത്ത്-എന്നു പറയപ്പെടുന്നത് എന്ന് വ്യക്തമാക്കി. കര്‍മ്മങ്ങളുടെ ഫലത്തെ ലഭിക്കണം; കര്‍മ്മത്തെ ത്യജിക്കരുത് എന്നു സൂചിപ്പിച്ചു. പന്ത്രണ്ടാമധ്യായത്തിലും.

''സര്‍വ്വകര്‍മ്മഫലത്യാഗം

 തതഃ കുരു

യാതായവാന്‍'' എന്ന ശ്ലോകത്തില്‍ കര്‍മ്മഫലത്തെ മാത്രമാണ് ത്യജിക്കാന്‍ നിര്‍ദ്ദേശിച്ചത്; കര്‍മ്മത്തെയല്ല. എന്നാല്‍ അഞ്ചാം അധ്യായത്തില്‍-

''സര്‍വ്വകര്‍മ്മാണി

 മനസാ

സംന്യസ്യാസ്‌തേസുഖം വശീ''- എന്ന് എല്ലാത്തരം കര്‍മ്മങ്ങളെയും സംന്യസിക്കാനാണ് ഭഗവാന്‍ ഉപദേശിച്ചത്. ഇങ്ങനെ സര്‍വകര്‍മ്മങ്ങളും സംന്യസിക്കണമെന്ന് ഒരിടത്തും ഫലം മാത്രം സംന്യസിച്ച് കര്‍മ്മങ്ങള്‍ അനുഷ്ഠിക്കണമെന്ന് മറ്റൊരിടത്തും പരസ്പര വിരുദ്ധമായി സര്‍വ്വജ്ഞനും ഭക്തവത്സലനുമായ ഭഗവാന്‍ എന്തുകൊണ്ടാണ് ഉപദേശിക്കുന്നത്? അതുകൊണ്ട് സംന്യാസത്തിന്റെയും ത്യാഗത്തിന്റെയും സ്വരൂപം ഒന്നുതന്നെയാണോ, വ്യത്യസ്തമാണോ എന്ന് സംശയിച്ച് അര്‍ജ്ജുനന്‍ സംന്യാസത്തിന്റെയും ത്യാഗത്തിന്റെയും യഥാര്‍ത്ഥാവസ്ഥ അറിയാന്‍ വേണ്ടി ചോദിക്കുന്നു.

സംന്യാസ ശബ്ദത്തിന്റെ അര്‍ത്ഥം- തത്ത്വം-യഥാര്‍ത്ഥാവസ്ഥ അറിയാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. അതുപോലെ ത്യാഗ ശബ്ദത്തിന്റെയും അര്‍ത്ഥം. പൃഥക്- ജ്ഞാനമോ ഭക്തിയോ ലഭിക്കാത്തവര്‍, ചില കര്‍മ്മങ്ങള്‍ അനുഷ്ഠിക്കണം, ചില കര്‍മ്മങ്ങള്‍ സംന്യസിക്കണം എന്നാണോ ഉദ്ദേശിച്ചത്? സംന്യാസ ശബ്ദംകൊണ്ട് അര്‍ത്ഥമാക്കുന്നത് അതാണോ? ത്യാഗത്തിന്റെ തത്ത്വം സംന്യാസത്തില്‍നിന്ന്, വ്യത്യസ്തമായ മറ്റൊന്നാണോ? അതോ ഒന്നുതന്നെയാണോ? മനസ്സിലായില്ല! ഹൃഷികേശ! എന്ന് അങ്ങയെ ഞാന്‍ വിളിക്കട്ടെ! എല്ലാ ഇന്ദ്രിയങ്ങളുടെയും നാഥനായ അങ്ങേയ്ക്ക് എന്റെ അന്തര്‍ഗതം അനുസരിച്ച് തന്നെ മറുപടി പറയാന്‍ കഴിയുമല്ലോ.

കേശിഷൂദന!-എന്നും ഞാന്‍ അങ്ങയെ വിളിക്കട്ടെ. കേശി മുതലായ അസുരന്മാരെ, കളിയായിട്ടുതന്നെ നിഗ്രഹിച്ച അങ്ങേയ്ക്ക് എന്റെ സംശയം നശിപ്പിക്കാന്‍ പ്രയാസമുണ്ടാവകുയേ ഇല്ല.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.