മാരാരുടെ വീക്ഷണം

Monday 9 July 2018 2:41 am IST

മറ്റൊരു പ്രശസ്തനായ 'ഭാരതപര്യടന' കര്‍ത്താവിന്റെ ഭീഷ്മരെപ്പറ്റിയുള്ള വിലയിരുത്തലും പരിശോധനയ്ക്ക് വിധേയമാക്കേണ്ടതാണ്. ഭീഷ്മര്‍ കാലേകൂട്ടി ചിന്തിച്ചുറപ്പിച്ചതിനു ശേഷമല്ലെങ്കിലും അച്ഛന് പ്രി

യം ചെയ്യാന്‍ ആ ഉഗ്രമായ സത്യപ്രതിജ്ഞ ചെയ്ത നിലയ്ക്ക് അതുതന്നെ ശ്രേയോമാര്‍ഗ്ഗമെന്നുറച്ച് അതില്‍ തന്നെ ഉറച്ചു നിന്നത് അത്യന്തം സ്തുത്യര്‍ഹമാണെന്നാണ് കുട്ടിക്കൃഷ്ണ മാരാര്‍ കരുതുന്നത്. ഇക്കാര്യത്തില്‍ വനവാസം കഴിഞ്ഞ് രാജ്യം വീണ്ടും സ്വീകരിച്ച വാല്മീകിയുടെ രാമനേക്കാള്‍, ഒരുപടി മേലെയാണ് ഭീഷ്മരുടെ നില, എന്നു പറയാതെ പറഞ്ഞിരിക്കുന്നു. ഇതും സമഞ്ജസമായ കാഴ്ചപ്പാടല്ല. ഒന്നാമത് ധര്‍മ്മവ്യാധകഥയില്‍ മുകളില്‍ ഉദ്ധരിച്ചിട്ടുള്ള വ്യാസോക്തികള്‍ ചിന്തിച്ചാല്‍ ആത്യന്തിക സത്യം ലോകഹിതം അനുവര്‍ത്തിക്കുകയാണ്. വിപര്യയേ കൃതോധര്‍മ്മ: ( വിപരീതമായാല്‍ അത് അധര്‍മ്മമാവും)  എന്നു നിലപാടു വ്യക്തമാക്കിയിട്ടുണ്ട്. 

ശാന്തിപര്‍വ്വത്തില്‍ ശ്രീ ശുക്രനോട് നാരദ മഹര്‍ഷി ഇങ്ങനെ പറയുന്ന ഒരു ഭാഗമുണ്ട്. 

 'സത്യസ്യ വചനം ശ്രേയ: 

സത്യാദപിഹിതം വദേത്

യദ് ഭൂതഹിതമത്യന്തം 

ഏതത് സത്യം മതം മമ' 

           ( മഹാഭാരതം ശാന്തിപര്‍വ്വം, 329.3 )  

( സത്യം പറയുക എന്നുള്ളത് ശ്രേയസ്‌കരം തന്നെയാണ്. എന്നാല്‍ അതിനേക്കാള്‍  ശ്രേയസ്‌കരം  ഹിതം ചെയ്യുകയാണ്. യാതൊന്നാണോ എല്ലാ ജീവാജാലങ്ങള്‍ക്കും ഹിതകരമായിട്ടുള്ളത്  അതാണ് ആത്യന്തിക സത്യം എന്നാണ് എന്റെ അഭിപ്രായം. ) 

 ഒരു പ്രവൃത്തിയുടെ ഫലം പുണ്യമോ പാപമോ അഥവാ ശ്രേയോമാര്‍ഗം കാട്ടിത്തരുന്നതോ വിപരീത ദിശയിലേക്ക് നയിക്കുന്നതോ എന്നു നിര്‍ണയിക്കുന്നത് അതിന്റെ പരിണാമം നോക്കിയാണ്. ഭീഷ്മര്‍ മാതൃവചനവും ആപദ്ധര്‍മ്മവും രാജധര്‍മ്മമായ സ്വധര്‍മ്മവും ലോകഹിതവും ഒന്നും മാനിക്കാതെ തന്റെ സത്യത്തില്‍ നിന്ന് തീര്‍ത്തും വ്യതിചലിക്കാതെ, അതിനു മാത്രം മഹത്വം കൊടുത്തതിന്റെ ഫലം സാന്ത്വ: സുഖമോ ബഹുജനസുഖമോ?  ചിന്തനീയമാണ്. ആത്യന്തികമായ പരിണാമം മഹാഭാരത യുദ്ധവും സര്‍വ്വനാശവുമായിരുന്നില്ലേ?  അത് അദ്ദേഹത്തിനോ ആ രാജപരമ്പരയ്‌ക്കോ എന്ത് ശ്രേയസ്സാണ് നേടിക്കൊടുത്തത് ? തനിക്കുതന്നെ അപഹാസ്യമായ വിഭക്ത വ്യക്തിത്വം പേറിയുള്ള ജീവിതം നയിക്കേണ്ടി വന്നില്ലേ? (പാ

ണ്ഡവരോട് പരോക്ഷമായി കൂറുപുലര്‍ത്തുകയും പ്രത്യക്ഷത്തില്‍ ദുര്‍ബുദ്ധിയായ ധാര്‍ത്തരാഷ്ട്രര്‍ക്ക് പ്രിയം ചെയ്യുകയാണെന്ന് തോന്നും വിധം യുദ്ധത്തില്‍ ഏര്‍പ്പെടേണ്ടി വരികയും ചെയ്ത ഭീഷ്മരുടെ ഗതികേടാണ് ഇവിടെ സൂചിപ്പിക്കുന്നത്.) അതുതന്നെയല്ല, തന്റെ തന്നെ അന്ത്യം, ശവങ്ങള്‍ നാലുപാടും ചിതറിക്കിടക്കുന്ന ആ രണഭൂമിയുടെ നടുക്ക് ആര്‍ത്തനാദങ്ങളും ഹിംസമൃഗങ്ങളുടെ ഘോരശബ്ദങ്ങളും കൊണ്ടു മുഖരിതമായ അന്തരീക്ഷത്തില്‍ തനിയെ ദേഹമാകെ തറഞ്ഞു കയറിയ നൂറുനൂറു കൂരമ്പുകളുടെ പുറത്ത് മര്‍മ്മാന്തക പീഡ സഹിച്ച് ഒരിറ്റ് ദാഹജലം പോലും ഇറക്കാന്‍ ബുദ്ധിമുട്ടുകൊണ്ട് ഉത്തരായനം വരെ കിടക്കേണ്ടി വന്നില്ലേ?  അച്ഛനി

ല്‍ നിന്നും 'സ്വച്ഛന്ദ മൃത്യു സംഭവിക്കട്ടെ' എന്ന വരം ലഭിച്ചിരുന്നിട്ടും മഹാഭക്തനായി ഭഗവാന്റെ നാമം ജപിച്ചുകൊണ്ട്  ജീവന്‍ വെടിയാന്‍ സംഗതിയായിട്ടും കര്‍മ്മഫലങ്ങള്‍ കൊണ്ട് അനേകം യാതനകള്‍ മരണകാലത്ത് സഹിക്കേണ്ടി വന്നു എന്നു മാത്രമേ ഭീഷ്മരുടെ കാര്യത്തില്‍ നമുക്ക് സമാധാനിക്കാന്‍ സാധിക്കുന്നുള്ളൂ. ധര്‍മ്മജ്ഞനെന്ന് പ്രസിദ്ധനായെങ്കിലും ധര്‍മ്മിഷ്ഠനെന്നോ ധര്‍മ്മഭൃതാംവരനെന്നോ പുകള്‍ കൊണ്ടില്ല. സത്യം പാലിക്കുന്നതിലും കഠിനവേദന സഹിക്കുന്നതിലും ദുരന്തങ്ങള്‍ക്ക് സാക്ഷിയായി വര്‍ത്തിക്കുന്നതിലുമെല്ലാം ഭീഷ്മര്‍ യഥാര്‍ത്ഥത്തില്‍ ഭീഷ്മര്‍ തന്നെയായി. ലോകത്തിന് മാതൃകയായില്ല., ആദര്‍ശം കാട്ടിക്കൊടുക്കുന്നവനായില്ല. സത്യസന്ധനായ ഭീഷ്മര്‍ എന്നു പോലും പ്രസിദ്ധനായില്ല.

തുടരും    

(മഹാഭാരതത്തിലെ ഭീഷ്മരുടെ സത്യത്തിന്റെയും ധര്‍മത്തിന്റെയും സാധനകളെ അധികരിച്ചുള്ള ഒരു പുനര്‍വായന)

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.