തീവ്രവാദത്തിൻ്റെ പര്യായമായി കേരളം

Monday 9 July 2018 2:47 am IST
കുറച്ച് വോട്ടിനുവേണ്ടി കമ്മ്യൂണിസ്റ്റ് - കോണ്‍ഗ്രസ് പാര്‍ട്ടികള്‍ കൂട്ടുനില്‍ക്കുന്നത് ചില ഇസ്ലാമിക തീവ്രവാദ ഗ്രൂപ്പുകളുമായിട്ട് മാത്രമല്ല മാവോയിസ്റ്റുകള്‍ പോലുള്ള ദേശവിരുദ്ധ-ഇന്ത്യാ വിരുദ്ധ ശക്തികളുമായിട്ടുകൂടിയാണ്. അത് തിരിച്ചറിയാനും നിലപാടുകളില്‍ മാറ്റം വരുത്താനും ഈ പാര്‍ട്ടികള്‍ തയ്യാറാവുമെന്ന് കരുതുന്നില്ല. കാരണം ഇത് ഒരു ദേശീയ നയമായിട്ട് പല കക്ഷികളും സ്വീകരിച്ചതിന്റെ സൂചനകളാണ് അടുത്തിടെ കണ്ടത്

രാജ്യം വലിയ സുരക്ഷാ  പ്രതിസന്ധിയിലേക്കാണ് നീങ്ങുന്നത് എന്നത് ഒരിക്കല്‍ കൂടി ഓര്‍മ്മിപ്പിക്കുന്നതാണ് എസ്ഡിപിഐ - എന്‍ഡിഎഫ് തുടങ്ങിയ പ്രസ്ഥാനങ്ങള്‍ക്ക് സംരക്ഷണമേകുന്ന പ്രമുഖ രാഷ്ട്രീയ കക്ഷികളുടെ നിലപാടുകള്‍. എറണാകുളത്ത് മഹാരാജാസ് കോളേജിലുണ്ടായ കൊലപാതകം ഇസ്ലാമിക തീവ്രവാദ പ്രസ്ഥാനങ്ങളുടെ നീക്കങ്ങളുടെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ്; അത്തരം സംഘടനകള്‍ക്ക് സിപിഎമ്മും കോണ്‍ഗ്രസുമൊക്കെ നല്‍കിവരുന്ന കലവറയില്ലാത്ത പിന്തുണയുടെ ഏറ്റവും പുതിയ ഉദാഹരണവും. 

കുറച്ച് വോട്ടിനുവേണ്ടി കമ്മ്യുണിസ്റ്റ് - കോണ്‍ഗ്രസ് പാര്‍ട്ടികള്‍ കൂട്ടുനില്‍ക്കുന്നത് ചില ഇസ്ലാമിക തീവ്രവാദ ഗ്രൂപ്പുകളുമായിട്ട് മാത്രമല്ല മാവോയിസ്റ്റുകള്‍ പോലുള്ള ദേശവിരുദ്ധ-ഇന്ത്യാ വിരുദ്ധ ശക്തികളുമായിട്ടുകൂടിയാണ്. അത് തിരിച്ചറിയാനും നിലപാടുകളില്‍ മാറ്റം വരുത്താനും ഈ പാര്‍ട്ടികള്‍ തയ്യാറാവുമെന്ന് കരുതാന്‍ കാരണം കാണുന്നില്ല. കാരണം ഇത് ഒരു ദേശീയ നയമായിട്ട് പല കക്ഷികളും സ്വീകരിച്ചതിന്റെ സൂചനകളാണ് അടുത്തിടെ കണ്ടത്. 

ഒരു  ഭരണകൂടത്തെ എതിര്‍ക്കാന്‍ ആര്‍ക്കും ആരുമായും എന്തിനുവേണ്ടിയും കൂട്ടുകൂടാം എന്നതായിരിക്കുന്നു  രാജ്യത്തെ പ്രതിപക്ഷ രാഷ്ട്രീയ ചിന്ത. നരേന്ദ്ര മോദി സര്‍ക്കാര്‍ അധികാരത്തിലേറിയത് മുതല്‍ അത് പ്രകടമായി കാണുന്നു. അതിന്റെ പ്രത്യക്ഷ ഉദാഹരണമാണ് ദല്‍ഹിയിലെ ജെഎന്‍യുവില്‍ കണ്ടത്. സൂചിപ്പിച്ചത്, 2016 ഫെബ്രുവരി 9ന് അവിടെയുയര്‍ന്ന  ദേശവിരുദ്ധ മുദ്രാവാക്യങ്ങളുടെ കഥയാണ്; 'സബര്‍മതി ധാബ'യില്‍ അന്ന് കവിത പാരായണത്തിന് എന്നുപറഞ്ഞുകൊണ്ട് ഒത്തുകൂടിയവര്‍ വിളിച്ച മുദ്രാവാക്യം നാമൊക്കെ ഓര്‍മ്മിക്കുന്നുണ്ടാവണം. 'കാശ്മീരിനെ സ്വതന്ത്രമാക്കുന്നത് വരെ യുദ്ധം തുടരും; ഇന്ത്യയെ ഛിന്നഭിന്നമാക്കുന്നത് വരെ യുദ്ധം തുടരും...'. അതിന് അന്ന്  നേതൃത്വം നല്‍കാനായി എത്തിയവരില്‍ എസ്എഫ്‌ഐ, എഐഎസ്എഫ്, ഐസ എന്നീ വിദ്യാര്‍ഥി സംഘടനകളൊക്കെ ഉണ്ടായിരുന്നു. 

പോരാ, ആ മുദ്രാവാക്യങ്ങള്‍ അവിടെ മുഴങ്ങുമ്പോള്‍ സീതാറാം യെച്ചൂരി, ഡി.രാജ, രാഹുല്‍ ഗാന്ധി, കെജ്രിവാള്‍ തുടങ്ങിയവര്‍ അവിടേക്ക് ഓടിയെത്തി. അഫ്സല്‍ ഗുരുവിനെ പാടിപ്പുകഴ്ത്താനും അജ്മല്‍ കസബിനെ വധശിക്ഷയ്ക്ക് വിധേയമാക്കിയ സുപ്രീം കോടതി വിധിയെ വിമര്‍ശിക്കാനുമൊക്കെ അവിടെക്കൂടിയവര്‍ മടിച്ചില്ല. അതൊക്കെത്തന്നെയാണ് പിന്നീട് ഹൈദരാബാദ് സര്‍വകലാശാലയില്‍ നടന്നതും. ഇത്രമാത്രം നഗ്‌നമായ ദേശവിരുദ്ധ പ്രവര്‍ത്തനങ്ങളെ ഒരിക്കല്‍ പോലും ദേശീയ രാഷ്ട്രീയ പാര്‍ട്ടികളുടെ നേതാക്കള്‍ ഇതുവരെ തള്ളിപറഞ്ഞിട്ടില്ല. 

ജമ്മുകശ്മീരില്‍ വിഘടനവാദ നേതാക്കള്‍ക്കെതിരെ ശക്തമായ ചില നടപടികള്‍ക്ക് കേന്ദ്ര ഏജന്‍സികള്‍ തയ്യാറായത് അടുത്തിടെയാണല്ലോ. വരവില്‍ കവിഞ്ഞ സ്വത്ത്, അവരുടെ രാജ്യദ്രോഹ പ്രവര്‍ത്തനങ്ങള്‍, സാമ്പത്തിക ഇടപാടുകള്‍ തുടങ്ങിയവ സംബന്ധിച്ച് പാക്കിസ്ഥാനില്‍ നിന്ന് ലഭിച്ച സുപ്രധാന രഹസ്യ വിവരങ്ങള്‍, തീവ്രവാദത്തിന് അവര്‍ നല്‍കുന്ന പിന്തുണ സംബന്ധിച്ച തെളിവുകള്‍ എന്നിവയൊക്കെ അതിന് കാരണമായിരുന്നു. അന്ന് എന്‍ഫോഴ്സ്മെന്റ് അധികൃതരും സിബിഐയുമൊക്കെ രംഗത്തിറങ്ങിയപ്പോള്‍ അവര്‍ക്ക് പിന്തുണയുമായി പരസ്യമായി എത്തിയത് ആരൊക്കെയാണ്? ദല്‍ഹിയില്‍ നിന്ന് കശ്മീരിലെത്തിയ സീതാറാം യെച്ചൂരി ഒരു ഹുറിയത് നേതാവിന്റെ വീട്ടുപടിക്കല്‍ കാത്തുനില്‍ക്കുന്ന ചിത്രം ആര്‍ക്കാണ് മറക്കാനാവുക? ഇവിടെ മനുഷ്യാവകാശ പ്രശ്‌നമൊന്നുമില്ലല്ലോ; മറിച്ച് രാഷ്ട്രവിരുദ്ധ പ്രവര്‍ത്തനമല്ലെ നടന്നുവന്നിരുന്നത്. 

അത്തരക്കാരുമായി ഇന്ത്യയിലെ പ്രതിപക്ഷ കക്ഷിനേതാക്കള്‍ക്ക് എന്താണിത്ര ആത്മബന്ധം? 

ഹിസ്ബുള്‍ മുജാഹിദീന്‍ നേതാവിനെതിരെ ഇന്ത്യ നീക്കം ശക്തമാക്കുമ്പോള്‍, കശ്മീരിലെ ഭീകരര്‍ക്കെതിരെ നീങ്ങുമ്പോള്‍ എന്തിനാണിവര്‍ വിഷമിക്കുന്നത്? അതിന്റെ ഏറ്റവുമൊടുവിലത്തെ ഉദാഹരണമാണ് കര്‍ണാടകത്തില്‍ നടന്ന നിയമസഭാ തിരഞ്ഞെടുപ്പ്. അവിടെ എസ്ഡിപിഐ നിര്‍ത്തിയ  സ്ഥാനാര്‍ഥികളെ പിന്‍വലിച്ചത് ആര്‍ക്കുവേണ്ടിയായിരുന്നു? ഒന്നും രണ്ടുമല്ല അനവധി സ്ഥാനാര്‍ഥികളെയാണ് പിന്‍വലിച്ചത്. എന്തായിരുന്നു രാഹുല്‍ ഗാന്ധിയും അല്ലെങ്കില്‍  കോണ്‍ഗ്രസും ആ ഇസ്ലാമിക തീവ്രവാദ സംഘടനയുമായുണ്ടാക്കിയ ധാരണ? രാജ്യം അത് അറിയേണ്ടേ? 

ഇതിനൊക്കെയൊപ്പം കാണേണ്ടതാണ് മാവോയിസ്റ്റ് തീക്കളി. രാഷ്ട്രവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് അവര്‍ സ്വീകരിക്കുന്ന മാര്‍ഗ്ഗങ്ങള്‍ ആരെയും ബോധ്യപ്പടുത്തേണ്ടതില്ലല്ലോ. കോണ്‍ഗ്രസ് ഭരിക്കുമ്പോഴും അവര്‍ സ്വീകരിച്ച നിലപാട് ഇതുതന്നെയാണ്. അവര്‍ക്ക് കാര്യങ്ങള്‍ അറിയാത്തതല്ല. എന്നാല്‍ ഏറ്റവുമൊടുവില്‍ നമ്മുടെ രഹസ്യാന്വേഷണ ഏജന്‍സികളും മറ്റും കണ്ടെടുത്ത രേഖകള്‍ കാണിക്കുന്നത് കോണ്‍ഗ്രസ്- കമ്മ്യൂണിസ്റ്റ് -മാവോയിസ്റ്റ് ബാന്ധവത്തെയാണ്. 

മഹാരാഷ്ട്രയില്‍ നടന്ന ഭീമ- കൊറഗണ്‍ യുദ്ധവാര്‍ഷികത്തിന്റെ മറവില്‍ നടന്ന വര്‍ഗീയ കലാപം ആസൂത്രണം ചെയ്തത് മാവോയിസ്റ്റുകളായിരുന്നു; അതിനവര്‍ക്ക് ധനപരമായ, നിയമപരമായ സഹായങ്ങള്‍ നല്‍കിയത് കോണ്‍ഗ്രസും. രാഹുല്‍ ഗാന്ധിയുടെ പുതിയ വിശ്വസ്തനായ ഗുജറാത്ത് എംഎല്‍എയുമൊക്കെ അതില്‍ വഹിച്ച പങ്ക്  വ്യക്തമായിട്ടുണ്ട്. രാഷ്ട്രീയനേട്ടമുണ്ടാക്കാനായി വര്‍ഗീയ കലാപമുണ്ടാക്കാനും മറ്റും ശ്രമിക്കുന്നു; അതിനായി മാവോയിസ്റ്റുകളുടെ സഹായം പറ്റുന്നു. ഇന്ത്യന്‍ രാഷ്ട്രീയം ഏത് നിലവാരത്തിലേക്ക് എത്തി എന്നതല്ലേ ഇത് കാണിച്ചുതന്നത്. 

കേരളത്തില്‍ മുസ്ലിം ലീഗിനെ പരാജയപ്പെടുത്താന്‍ എന്നുപറഞ്ഞാണ് എസ്ഡിപിഐ - എന്‍ഡിഎഫ് പോലുള്ള ശക്തികളെ സിപിഎം സഹായിച്ചതും സഹായം തേടിയതും. മലപ്പുറത്തും കോഴിക്കോട്ടുമൊക്കെ കോളേജ്  തിരഞ്ഞെടുപ്പില്‍  കാമ്പസ് ഫ്രണ്ടുമായി പരസ്യമായി ചങ്ങാത്തമുണ്ടാക്കിയത് എസ്എഫ്‌ഐയാണ്. നമ്മുടെ ചില ഗ്രാമ പഞ്ചായത്തുകളില്‍ അവരുമായി ചേര്‍ന്ന് ഭരണം കയ്യാളാന്‍ പോലും സിപിഎം മടിച്ചില്ല എന്നുപറഞ്ഞാല്‍ എല്ലാമായല്ലോ. വേറെ ഒരു പാര്‍ട്ടിയിലാണ് എങ്കില്‍ അത് നേതൃത്വം അറിയാതെ പറ്റിയതാണ് എന്നൊക്കെ പറയാം; സിപിഎമ്മില്‍ അതുസംഭവിക്കില്ല  എന്നതാര്‍ക്കാണ് അറിയാത്തത്? ഹിന്ദുക്കള്‍ക്ക് ഭൂരിപക്ഷമുള്ള സിപിഎമ്മിലാണ് ഇസ്ലാമിക തീവ്രവാദ സംസ്‌കാരം കൊടിപിടിക്കുന്നത്. അതാണ് സഖാക്കള്‍ യഥാര്‍ഥത്തില്‍ തിരിച്ചറിയേണ്ടത്. സിപിഎം കേരളത്തില്‍ എസ്ഡിപിഐ പോലുള്ളവയെ സംരക്ഷിക്കുന്നതിന് ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് ജഡ്ജിമാരെ അധിക്ഷേപിച്ചുകൊണ്ട് കേരള ഹൈക്കോടതിയിലേക്ക് മാര്‍ച്ച് നടത്തിയവരെ മാസങ്ങളോളം അറസ്റ്റ് ചെയ്യാതിരുന്ന സംഭവം. അതുപോലെ എന്തൊക്കെ... ഇവിടെ ഓര്‍ക്കേണ്ടത് കേരളമാണ് ഇന്നിപ്പോള്‍ ഐഎസ് - ലഷ്‌കര്‍ ഇ തൊയ്ബ-ഹിസ്ബുള്‍ മുജാഹിദീന്‍ എന്നിവയടക്കമുള്ള ഇസ്ലാമിക തീവ്രവാദ പ്രസ്ഥാനങ്ങളുടെ റിക്രൂട്ട്‌മെന്റ് ഹബ്. 

മാവോയിസ്റ്റുകള്‍ അറസ്റ്റിലായപ്പോഴും നാം കണ്ടത് 'കേരള കണക്ഷ'നാണ്. അത്  എന്തുകൊണ്ട് സംഭവിക്കുന്നു ... ഇന്ത്യയില്‍  തങ്ങള്‍ക്ക് ഏറ്റവും സുരക്ഷിതമായ സ്ഥലം സിപിഎം വാഴുന്ന കേരളമാണ് എന്ന ബോധ്യം ഇസ്ലാമിക തീവ്രവാദികള്‍ക്കുണ്ട് എന്നതുതന്നെ. അതിന് കേരളത്തിലെ പിണറായിയോ കോടിയേരിയോ മാത്രമാണ് അതിനുത്തരവാദി എന്ന് പറയാനാവുകയുമില്ല. സീതാറാം യെച്ചൂരി അടക്കമുള്ളവരുടെ ചിന്തയും പ്രവൃത്തിയും അതിനൊക്കെ കാരണമാവുന്നുണ്ട്. ഇത് കേവലം കേരളം കേന്ദ്രീകരിച്ചുള്ള ചിന്തയില്‍ ഉടലെടുത്ത സംരക്ഷണ സിദ്ധാന്തമല്ല എന്നര്‍ത്ഥം. 1985 കാലത്ത് ഇസ്ലാമിക തീവ്രവാദത്തിനും ആ സമുദായത്തിലെ ദുഷിച്ച ആചാരങ്ങള്‍ക്കുമെതിരെ പടപൊരുതിയ ഇഎംഎസ് നമ്പൂതിരിപ്പാടിന്റെ പാര്‍ട്ടി ഇന്നിപ്പോള്‍ പലയിടത്തും എസ്ഡിപിഐ-എന്‍ഡിഎഫ്-മാവോയിസ്റ്റുകള്‍ എന്നിവയുടെയൊക്കെ 'ബി' ടീമായി മാറുകയാണ്. ഇഎംഎസ്സില്‍ നിന്ന് കൊടിയേരിയിലെത്തുമ്പോള്‍ ഉണ്ടായ മാറ്റം ചെറുതല്ല.

കഴിഞ്ഞ സ്വാതന്ത്ര്യ ദിനപ്രസംഗത്തില്‍ പ്രധാനമന്ത്രി പറഞ്ഞ ഒരു കാര്യമുണ്ട്: 'ഇന്ത്യയെ ഐഎസിന്റെ താവളമാക്കാന്‍ ഇന്ത്യയിലെ മുസ്ലിം സഹോദരര്‍ സമ്മതിക്കില്ല' എന്ന്. തങ്ങള്‍ ഇന്ത്യയെ ലക്ഷ്യമിടുന്നു എന്ന ഐഎസിന്റെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു നരേന്ദ്ര മോദി. അതില്‍ ഭംഗം വരുന്നത് കേരളത്തിലാണ്. കേരളം സാക്ഷരതയില്‍ വളരെ മുന്നിലാണ്; അതില്‍ നാമൊക്കെ അഭിമാനിക്കാറുമുണ്ട്. അതേസമയം അവശ്യ വസ്തുക്കള്‍ക്കെല്ലാം മറ്റ് സംസ്ഥാനങ്ങളെ ആശ്രയിക്കുന്ന സംസ്ഥാനവുമാണ് കേരളം. ആ പരശുരാമ ഭൂമി ഇന്നിപ്പോള്‍ കയറ്റുമതി ചെയ്യുന്നത് ചെറുപ്പക്കാരെയാണ്; ഇസ്ലാമിക-മാവോയിസ്റ്റ് തീവ്രവാദത്തിലേക്ക്. അത് കേരളത്തിന് സല്‍പ്പേരാണോ നല്‍കുക എന്നത് ചിന്തിക്കേണ്ടത് ഇസ്ലാമിക സമൂഹം മാത്രമല്ല അതിലുപരി മുഖ്യമന്ത്രിയും സിപിഎമ്മും കോണ്‍ഗ്രസുമാണ്.

കെവിഎസ് ഹരിദാസ്

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.