കോണ്‍. ഓഫീസിലെ സ്ത്രീ പീഡനം: രാഹുല്‍ ഗാന്ധിയുടെ നിലപാടിതാണ്

Sunday 8 July 2018 9:19 pm IST

ന്യൂദല്‍ഹി: കോണ്‍ഗ്രസ് പാര്‍ട്ടി ഓഫീസില്‍ സ്ത്രീ പീഡിപ്പിക്കപ്പെട്ടാലോ? പാര്‍ട്ടി അധ്യക്ഷന്‍ രാഹുല്‍ഗാന്ധി അപ്പോള്‍ എന്തുചെയ്യും? കേരളത്തില്‍ പാര്‍ട്ടിഓഫീസ് ജീവനക്കാരിയെ നിലമ്പൂരില്‍ ചുട്ടുകൊന്നിട്ടുണ്ട്. ദല്‍ഹിയില്‍ പാര്‍ട്ടിയുടെ സോഷ്യല്‍ മീഡിയ വിഭാഗത്തിലെ ജീവനക്കാരി പാര്‍ട്ടി ഓഫീസില്‍ പീഡിപ്പിക്കപ്പെട്ടു. പലവട്ടം. ആദ്യം പെണ്‍കുട്ടിയെ വാക്കുകൊണ്ട് അപമാനിച്ചു. പിന്നെ പ്രവൃത്തികൊണ്ടും. കുട്ടിയെ കയറിപ്പിടിച്ചു. പരാതികള്‍ക്ക് ഫലമില്ലാതായി. ഒടുവില്‍ അവര്‍ ഇന്ത്യാടുഡേ ടിവിയില്‍ പറയാവുന്നത്ര തുറന്നു പറഞ്ഞു. കീറിപ്പറിഞ്ഞു വീണത് പാര്‍ട്ടി അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ മുഖംമൂടിയും.

സോഷ്യല്‍ മീഡിയ വിഭാഗത്തില്‍ ജോലിക്കാരിയെ അവിടെത്തന്നെ ശക്തമായ സ്വാധീനമുള്ള ചിരാഗ് പട്‌നായിക് ശല്യം ചെയ്തു. തനിക്ക് താല്‍പര്യമില്ലെന്ന് കുട്ടി ഒഴിഞ്ഞുമാറി. അയാള്‍ പിന്മാറിയില്ല. മേലധികാരികള്‍ക്ക് വാക്കാല്‍ പരാതി പറഞ്ഞു. ഫലമില്ലാതായപ്പോള്‍ ഐടി വിഭാഗം ചുമതലക്കാരി ദിവ്യ സ്പന്ദനയോടു പറഞ്ഞു, പരാതി രേഖാമൂലം നല്‍കി. പക്ഷേ ഒന്നും നടന്നില്ല. കോണ്‍ഗ്രസ് ആസ്ഥാനത്ത് വനിതകളുടെ പരാതി കേള്‍ക്കാനും പരിഹരിക്കാനും സംവിധാനമില്ല.

ഒടുവില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്ക് രേഖാമൂലം പരാതി അയച്ചു. ആഴ്ച കഴിഞ്ഞു. പരാതി കിട്ടിയതായി പോലും അറിയിപ്പില്ല. 

രാജ്യത്ത് എവിടെയെങ്കിലും ഏതെങ്കിലും സ്ത്രീക്കെതിരേ ചെറുവിരലനക്കിയാല്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ കുറ്റപ്പെടുത്തുന്ന രാഹുല്‍ ഗാന്ധിക്ക് സ്വന്തം പാര്‍ട്ടി ആസ്ഥാനത്ത് പാര്‍ട്ടിയുടെ ഔദ്യോഗിക സംവിധാനത്തില്‍ ഒരു പെണ്‍കുട്ടി പീഡിപ്പിക്കപ്പെട്ടിട്ട് അന്വേഷിക്കാന്‍ പോലും സമയമില്ല.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.