മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എം.എം. ജേക്കബ് അന്തരിച്ചു

Monday 9 July 2018 2:59 am IST

പാലാ: മുന്‍ മേഘാലയ ഗവര്‍ണറും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായിരുന്ന രാമപുരം മുണ്ടയ്ക്കല്‍ എം.എം. ജേക്കബ് (90) അന്തരിച്ചു. 12 വര്‍ഷം മേഘാലയാ ഗവര്‍ണര്‍, രാജ്യസഭാ ഉപാധ്യക്ഷന്‍, കേന്ദ്ര സഹമന്ത്രി എന്നീ സ്ഥാനങ്ങള്‍ അദ്ദേഹം വഹിച്ചിട്ടുണ്ട്. രാഷ്ട്രീയ രംഗത്തുനിന്ന് ആരോഗ്യപ്രശ്‌നങ്ങളാല്‍ വിട്ടുനില്‍ക്കുകയായിരുന്നു. ഇന്നലെ രാവിലെ ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടര്‍ന്ന് പാലായിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും 7.45 ഓടെ മരണം സ്ഥിരീകരിച്ചു. 

ഭാരത് സേവക് സമാജിലൂടെ പൊതുപ്രവര്‍ത്തന രംഗത്തെത്തിയ ജേക്കബ് ദേശീയ, സംസ്ഥാന തലത്തില്‍ നിരവധി സ്ഥാനങ്ങളാണ് വഹിച്ചിട്ടുള്ളത്. നിലപാടുകളില്‍ കാര്‍ക്കശ്യം പുലര്‍ത്തിയിരുന്ന കോണ്‍ഗ്രസ്സിലെ അപൂര്‍വ വ്യക്തിത്വമായിരുന്നു എം.എം. ജേക്കബ്. നിയമസഭാ തെരഞ്ഞെടുപ്പില്‍ പാലായില്‍ കെ.എം. മാണിക്കെതിരെ രണ്ടു തവണ മത്സരിച്ചു. 1970ല്‍ 374 വോട്ടിനും പിന്നീട് 10 വര്‍ഷത്തിനു ശേഷം 1980ല്‍ 4,566 വോട്ടിനും പരാജയപ്പെട്ടു. 1982ലും 1988ലും രാജ്യസഭാംഗമായി. 1986ല്‍ രാജ്യസഭാ ഉപാധ്യക്ഷനാകുന്ന ആദ്യ മലയാളിയായി. രാജ്യസഭയില്‍ കോണ്‍ഗ്രസ് ചീഫ് വിപ്പായും പ്രവര്‍ത്തിച്ചിട്ടുണ്ട്. മൂന്നു തവണ കേന്ദ്ര സഹമന്ത്രിയായി, രാജീവ്ഗാന്ധി മന്ത്രിസഭയില്‍ പാര്‍ലമെന്ററി സഹമന്ത്രി, ജലവിഭവത്തിന്റെ സ്വതന്ത്രചുമതല എന്നിവ വഹിച്ചു. നരസിംഹറാവു മന്ത്രിസഭയില്‍ ആഭ്യന്തര സഹമന്ത്രിയായി..

തിരുവല്ല കുന്നുതറ കുടുംബാംഗം പരേതയായ അച്ചാമ്മയാണ് ഭാര്യ. മക്കള്‍: ജയ (കേരള ട്രാവല്‍സ് മാനേജിംഗ് ഡയറക്ടര്‍), ജെസ്സി (ഇന്ത്യന്‍ എംബസി, ജര്‍മനി), എലിസബത്ത് (എയര്‍ ഇന്ത്യ, എറണാകുളം), റേച്ചല്‍ (ചെന്നൈ). മരുമക്കള്‍: കെ.സി. ചന്ദ്രഹാസന്‍ (തിരുവനന്തപുരം), ബാള്‍ക് റെയ്ഡ്‌സ് (ജര്‍മനി), തോമസ് എബ്രഹാം (എറണാകുളം), എള്‍ഫിന്‍ മാത്യു (ചെന്നൈ). സംസ്‌കാരം ഇന്ന് രണ്ടിന് രാമപുരം മാര്‍ അഗസ്റ്റിന്‍സ് ഫൊറോന പള്ളി സെമിത്തേരിയില്‍.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.