ജിഎന്‍പിസിക്കെതിരെ നിലപാട് കടുപ്പിച്ച് എക്‌സൈസ്; ഗ്രൂപ്പ് അഡ്മിന്‍ മുന്‍കൂര്‍ ജാമ്യം തേടി

Monday 9 July 2018 3:00 am IST

തിരുവനന്തപുരം: ഫെയ്‌സ്ബുക്ക് കൂട്ടായ്മയായ ജിഎന്‍പിസി (ഗ്ലാസിലെ നുരയും പ്ലേറ്റിലെ കറിയും) അഡ്മിന്‍ അറസ്റ്റ് ഒഴിവാക്കാന്‍ മുന്‍കൂര്‍ ജാമ്യം തേടി. അതേസമയം എക്‌സൈസ് വകുപ്പ് ഗ്രൂപ്പിനെതിരെ നിലപാട് കടുപ്പിച്ചു. സമൂഹ മാധ്യമങ്ങളിലൂടെ മദ്യപാനം പ്രോത്സാഹിപ്പിക്കുന്നുവെന്നതിന്റെ പേരില്‍ എക്‌സൈസ് കേസെടുത്തതിനെ തുടര്‍ന്നാണ് കൂട്ടായിമയിലെ അഡ്മിനില്‍ ഒരാളായ ടി.എന്‍. അജിത്കുമാര്‍ ജില്ലാ കോടതിയില്‍ മൂന്‍കൂര്‍ ജാമ്യം തേടിയത്. മദ്യപാനം പ്രോത്സാഹിപ്പിക്കാന്‍ ശ്രമിച്ചിട്ടില്ലെന്നു ചൂണ്ടിക്കാട്ടിയാണ് അജിത് കോടതിയെ സമീപിച്ചത്.

  ജുവനൈല്‍ ജസ്റ്റിസ് നിയമം, മതസ്പര്‍ധ വളര്‍ത്താന്‍ ശ്രമം എന്നിവ അടക്കമുള്ള വകുപ്പുകള്‍ പ്രകാരം കേസെടുക്കണമെന്നാവശ്യപ്പെട്ട് വിശദറിപ്പോര്‍ട്ട് എക്‌സൈസ് പോലീസിന് കൈമാറി. മദ്യത്തിനൊപ്പം കുട്ടികളെയും മതചിഹ്നങ്ങളെയും ചേര്‍ത്തുവച്ചുള്ള ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തത് ചൂണ്ടികാട്ടിയാണിത്.  ഗ്രൂപ്പിന്റെ സ്ഥാപക അഡ്മിന്‍ ആയ അജിത്കുമാറിനെ ഒന്നാം പ്രതിയാക്കിയും അഡ്മിന്‍മാരില്‍ മറ്റൊരാളായ നേമം സ്വദേശിനി വിനീതയെ രണ്ടാം പ്രതിയാക്കിയുമാണു കേസ്. 

  ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ സൈബര്‍ ഗ്രൂപ്പുകളില്‍ ഒന്നാണ് ഇരുപത് ലക്ഷത്തിനടുത്ത് അംഗങ്ങളുള്ള ജിഎന്‍പിസി.   അംഗങ്ങള്‍ക്ക് സംസ്ഥാനത്തുടനീളമുള്ള ബാറുകളില്‍ ഡിസ്‌കൗണ്ട് അടക്കമുള്ള ആനുകൂല്യങ്ങള്‍ നല്‍കിയിരുന്നതായും പറയപ്പെടുന്നു. എന്നാല്‍ തങ്ങളുടെ ഗ്രൂപ്പിന്റെ പേരിലുള്ള വ്യാജ ഗ്രൂപ്പുകളാണ് ഇത്തരം നിയമ ലംഘനങ്ങള്‍ നടത്തിയതെന്നും ഇത് അന്വേഷിക്കണമെന്നും അവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും ഡിജിപിക്കും ജിഎന്‍പിസി പരാതി നല്‍കി.

ഇതിനിടെ, ടി.എന്‍. അജിത്കുമാറിന്റെ വസതിയില്‍ എക്‌സൈസ് സംഘം റെയിഡ് നടത്തി. വൈകുന്നേരം ആരംഭിച്ച റെയിഡ് രാത്രിവരെ നീണ്ടു. ഇയാളെ ചോദ്യം ചെയ്യാന്‍ വിളിച്ചിട്ട് എത്താത്ത സാഹചര്യത്തിലാണ് വീട്ടില്‍ റെയിഡ് നടത്തിയത്. റെയ്ഡില്‍ ഒരു എയര്‍ ഗണ്ണും, മദ്യപാനം പ്രോത്സാഹിപ്പിക്കുന്ന പരിപാടിയുടെ കൂപ്പണുകളും എക്‌സൈസ് സംഘം പിടിച്ചെടുത്തു. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.