പ്രധാനമന്ത്രിയുടെ ഓഫീസ് ഇടപെട്ടു; ഡി.സി. സാഹിത്യോത്സവത്തിന് 20 ലക്ഷം നല്‍കില്ല

Sunday 8 July 2018 10:05 pm IST

ന്യൂദല്‍ഹി: രാജ്യദ്രോഹ കേസിലും പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ ഉപയോഗിച്ച് പെണ്‍വാണിഭം നടത്തിയതിലും പ്രതികളായവരെ കുത്തിനിറച്ച് ഡി.സി. ഫൗണ്ടേഷന്‍ സംഘടിപ്പിച്ച സാഹിത്യോത്സവത്തിന് സാമ്പത്തിക സഹായം നല്‍കേണ്ടെന്ന് കേന്ദ്ര സര്‍ക്കാര്‍ തീരുമാനം. കഴിഞ്ഞ ഫെബ്രുവരി ഒന്‍പത് മുതല്‍ 11 വരെ കോഴിക്കോട് നടന്ന ഫെസ്റ്റിവലിന് കേന്ദ്ര ടൂറിസം വകുപ്പ് 20 ലക്ഷം രൂപ അനുവദിച്ചിരുന്നു. ദേശവിരുദ്ധ പ്രചാരണത്തിനുള്ള വേദിയായി സാഹിത്യോത്സവം മാറിയെന്ന് വിലയിരുത്തിയാണ് ടൂറിസം വകുപ്പിന്റെ  പിന്മാറ്റം. പണം നല്‍കേണ്ടെന്ന് മന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം നിര്‍ദ്ദേശം നല്‍കി. 

 പരിപാടിക്കെതിരെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും മന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനത്തിനും നിരവധി പരാതികള്‍ ലഭിച്ചിരുന്നു. കേരളത്തിലെ ബിജെപി നേതാക്കളും പ്രവര്‍ത്തകരും അധ്യക്ഷന്‍ അമിത് ഷാക്കും പരാതി അയച്ചു. ഇതോടെ പ്രധാനമന്ത്രിയുടെ ഓഫീസ് ടൂറിസം വകുപ്പിനോട് വിശദീകരണം ചോദിച്ചു. മാനദണ്ഡങ്ങള്‍ ലംഘിച്ചാണ് സാഹിത്യോത്സവത്തിന് പണം നല്‍കിയതെന്നും വ്യക്തമായി. ഇടത് ചിന്തകര്‍ മാത്രം പരിപാടിയില്‍ പങ്കെടുത്താല്‍ മതിയെന്ന് ഡയറക്ടറായ സച്ചിദാനന്ദന്‍ പറഞ്ഞതും വിമര്‍ശനത്തിനിടയാക്കി. സാഹിത്യോത്സവം ഇടത് മേളയാക്കരുതെന്നും എല്ലാവര്‍ക്കും അഭിപ്രായം പറയാനുള്ള വേദിയാകണമെന്നും പരിപാടിയില്‍ പങ്കെടുത്ത് സച്ചിദാനന്ദന് കണ്ണന്താനം മറുപടി നല്‍കിയിരുന്നു. 

 പീഡന കേസിലെ പ്രതി രാഹുല്‍ പശുപാലന്‍, മാവോയിസ്റ്റ് ബന്ധത്തിന് അറസ്റ്റിലായ നദീര്‍, രാജ്യദ്രോഹ കേസിലെ പ്രതി കനയ്യകുമാര്‍, രാജ്യവിരുദ്ധ പ്രചാരണത്തിന് നേതൃത്വം നല്‍കുന്ന കെ.എസ്. ഭഗവാന്‍, അരുദ്ധതി റോയ്, പ്രകാശ് രാജ്, കെ.ഇ.എന്‍ കുഞ്ഞഹമ്മദ്, ടീസ്ത സെതല്‍വാദ്, സുനില്‍ പി ഇളയിടം, സിപിഎം സഹയാത്രികരായ എം.മുകുന്ദന്‍, എന്‍.എസ്. മാധവന്‍, കെ.ആര്‍. മീര, സാറാ ജോസഫ്, സക്കറിയ തുടങ്ങിയവരായിരുന്നു പ്രധാന പ്രാസംഗികര്‍. ലൗ ജിഹാദിനെ ന്യായീകരിക്കാന്‍ സംഘടിപ്പിച്ച ഒരു സെഷനില്‍ ന്യൂനപക്ഷങ്ങള്‍ മതപരിവര്‍ത്തനം ആയുധമാക്കണമെന്ന പ്രകോപനപരമായ പ്രസംഗവും കെ.ഇ.എന്‍ നടത്തിയിരുന്നു.

കെ. സുജിത്

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.