സങ്കടക്കടലായി സോച്ചി; നായകനായി സുബാസിച്ച്

Monday 9 July 2018 3:05 am IST

സോച്ചി: റഷ്യയുടെ അവിശ്വസനീയമായ കുതിപ്പിന് വിരാമമിട്ട് ക്രൊയേഷ്യ ലോകകപ്പിന്റെ സെമിഫൈനലില്‍. തുല്യശക്തികളുടെ പോരാട്ടം കണ്ട ക്വാര്‍ട്ടര്‍ ഫൈനലിലെ ഷൂട്ടൗട്ടില്‍ ആതിഥേയരെ ക്രൊയേഷ്യ മുക്കി. മൂന്നിനെതിരെ നാലു ഗോളുകള്‍ക്കാണ് അവര്‍ , സ്‌റ്റേഡിയം നിറഞ്ഞ  റഷന്‍ ആരാധകരെ നിരാശരാക്കി വിജയം പിടിച്ചത്. ഇത് രണ്ടാം തവണയാണ്  സെമിയിലെത്തുന്നത്. ബുധനാഴ്ച നടക്കുന്ന രണ്ടാം സെമിയില്‍ ഇംഗ്ലണ്ടാണ് എതിരാളികള്‍.

നിശ്ചിത സമയത്തും (1-1) അധിക സമയത്തും (2-2) ഇരു ടീമുകളും ഒപ്പത്തിനൊപ്പം നിന്നതിനെ തുടര്‍ന്നാണ് ഷൂട്ടൗട്ടില്‍ വിജയികളെ നിശ്ചയിച്ചത്. ഷൂട്ടൗട്ടില്‍ സ്‌മോളോവിന്റെ കിക്ക് തടഞ്ഞ് ഗോളി സുബാസിച്ച് ക്രൊയേഷ്യക്ക് പ്രതീക്ഷ നല്‍കി. കോവാസിച്ചിന്റെ ഷോട്ട് റഷ്യന്‍ ഗോളി അകിന്‍ഫീവ് രക്ഷപ്പെടുത്തിയതോടെ ഇരു ടീമുകളും തുല്യത പാലിച്ചു. റഷ്യയുടെ മരിയോ ഫെര്‍ണാണ്ടസ് കിക്ക് നഷ്ടപ്പെടുത്തി. മോഡ്രിച്ച് ലക്ഷ്യം കണ്ടതോടെ ക്രൊയേഷ്യ വീണ്ടും മുന്നില്‍. നിര്‍ണായകമായ അവസാന കിക്ക് ഗോളിലേക്ക് തിരിച്ചുവിട്ട് റാകിടിക്ക് ക്രൊയേഷ്യയെ സെമിയിലേക്ക് കടത്തിവിട്ടു.

സ്വന്തം കാണികളുടെ പ്രോത്സാഹനത്തോടെ കളിച്ച റഷ്യ ക്രൊയേഷ്യക്കെതിരെ മിന്നുന്ന പ്രകടനമാണ് കാഴ്ചവെച്ചത്.മുപ്പത്തിയൊന്നാം മിനിറ്റില്‍ ഡെനിസ് ചെരിഷേവ് ഗോള്‍ നേടി റഷ്യക്ക് സുന്ദരമായ തുടക്കം സമ്മാനിച്ചു. പക്ഷെ ചെരിഷേവിനും സംഘത്തിനും ലീഡ് നിലനിര്‍ത്താനായില്ല.

ഗോള്‍ വീണതോടെ  പൊരുതിക്കളിച്ച  ക്രൊയേഷ്യ എട്ട് മിനിറ്റുകള്‍ക്കുളളില്‍ സമനില പടിച്ചു. ആന്ദ്രെ ക്രമാറിക്കാണ് ലക്ഷ്യം കണ്ടത്. പിന്നീട് ഇരു ടീമുകളും നന്നായി കളിച്ചെങ്കിലും ഗോള്‍ അടിക്കാനായില്ല. രണ്ടാം പകുതിയിലും ഗോള്‍  ഗോള്‍ പിറന്നില്ല.

തുടര്‍ന്ന് എക്‌സ്ട്രാ ടൈമിലേക്ക് കളി നീണ്ടു. അധികസമയത്തിന്റെ പത്താം മിനിറ്റില്‍ ലൂക്കാ മോഡ്രിച്ചിന്റെ കോര്‍ണറില്‍ തലവെച്ച് വിഡ ഗോള്‍ നേടിയതോടെ ക്രൊയേഷ്യക്ക് വിജയപ്രതിക്ഷയായി. എന്നാല്‍ രണ്ടാം പകുതിയില്‍ റഷ്യ തിരിച്ചടിച്ചു. ബ്രസീലില്‍ നിന്നെത്തി രണ്ട് വര്‍ഷം മുമ്പ് റഷ്യന്‍ പൗരത്വം നേടിയ മരിയോ ഫെര്‍ണാണ്ടസാണ് നിര്‍ണായക ഗോള്‍ നേടി റഷ്യക്ക് വീണ്ടും പ്രതിക്ഷകള്‍ നല്‍കിയത്. എന്നാല്‍ ഷൂട്ടൗട്ടില്‍ ഫെര്‍ണാണ്ടസ് വില്ലനായി. കിക്ക് നഷ്ടപ്പെടുത്തിയതോടെ ആതിഥേയരുടെ സെമി മോഹം അസ്തമിച്ചു. 1986 ലെ മെക്‌സിക്കോ ലോകകപ്പിനുശേഷം ക്വാര്‍ട്ടര്‍ ഫൈനലില്‍ പുറത്താകുന്ന ആദ്യ ആതിഥേയ രാജ്യമാണ് റഷ്യ.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.