രക്ഷാ ദൗത്യം വിജയിക്കുന്നു; അവരിൽ നാലുപേർ തിരിച്ചു വന്നു

Monday 9 July 2018 3:17 am IST

ബാങ്കോക്ക്: ഇരുണ്ട ഗുഹയുടെ ആഴങ്ങളില്‍ നിന്ന് ആ കുഞ്ഞുങ്ങള്‍ പ്രകാശത്തിന്റേയും പ്രാര്‍ഥനയുടേയും ലോകത്തേക്ക് വന്നു തുടങ്ങി. രണ്ടാഴ്ചയിലേറെയായി തായ്‌ലന്‍ഡില്‍ ഗുഹയില്‍ അകപ്പെട്ട പന്ത്രണ്ടു കുട്ടികളില്‍ നാലു പേരെ രക്ഷാപ്രവര്‍ത്തകര്‍ ഇന്നലെ പുറത്തെത്തിച്ചു. ലോകമാകെ പ്രതീക്ഷയോടെ കാത്തിരിക്കുമ്പോള്‍, ജൂനിയര്‍ ഫുട്‌ബോള്‍ ടീമിലെ അംഗങ്ങളായ കുട്ടികളേയും അവരുടെ പരിശീലകനേയും രക്ഷിക്കാനുള്ള ദൗത്യം ഇന്നലെ ആരംഭിക്കുകയായിരുന്നു. ഗുഹയിലെ വെള്ളമിറങ്ങുന്നതു വരെ കാത്തിരിക്കാതെ സര്‍വസജ്ജരായി രക്ഷാപ്രവര്‍ത്തകര്‍ ഗുഹയ്ക്കുള്ളിലേക്കു നീങ്ങി, കേവ് ഡൈവിങ്ങില്‍ വിദഗ്ധരായ പതിനെട്ടു പേര്‍.

കുട്ടികളില്‍ ഓരോരുത്തരെയായി പുറത്തെത്തിക്കുന്ന തരത്തിലാണ് ദൗത്യത്തിന്റെ രൂപരേഖ തയാറാക്കിയത്. നാലു കുട്ടികളെ പുറത്തെത്തിച്ചതോടെ രക്ഷാപ്രവര്‍ത്തനം നിര്‍ത്തിവച്ചു. അടുത്ത ഘട്ടം ആരംഭിക്കാന്‍ പത്തു മണിക്കൂറിന്റെയെങ്കിലും തയാറെടുപ്പ് ആവശ്യമാണെന്ന് തായ് സൈന്യത്തിന്റെ വക്താവ് അറിയിച്ചു. ഇന്ന് രക്ഷാപ്രവര്‍ത്തനം പുനഃരാരംഭിക്കും. ഇന്നലെ രാത്രി വൈകി ഗുഹാ പരിസരത്ത് മഴ പെയ്തത് നേരിയ ആശങ്കയ്ക്കു കാരണമായി.

എന്നാല്‍ നാലു കുട്ടികളെ പുറത്തെത്തിച്ചതോടെ തികഞ്ഞ ശുഭാപ്തി വിശ്വാസത്തിലാണെന്ന് സൈനിക വക്താവ് അറിയിച്ചു. രക്ഷപ്പെടുത്തിയ കുട്ടികളെ ആശുപത്രിയിലേക്കു മാറ്റി. അവരുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. വലിയ വിജയം എന്നാണ് രക്ഷാപ്രവര്‍ത്തനം ഏകോപിപ്പിക്കുന്ന സംയുക്ത കമാന്‍ഡിന്റെ തലവന്‍ നരോങ്‌സാക് ദൗത്യത്തെ വിശേഷിപ്പിച്ചത്. ഇന്നലെ വൈകിട്ട് 5.40നാണ് ആദ്യ കുട്ടിയെ ഗുഹയ്ക്കു പുറത്തെത്തിച്ചത്. അടുത്ത രണ്ടു മണിക്കൂറിനുള്ളില്‍ മൂന്നു കുട്ടികളെക്കൂടി രക്ഷിച്ചു. 

ഒരു കുട്ടിയെ ഒരു മുങ്ങല്‍ വിദഗ്ധന്‍ വെള്ളത്തിലൂടെ മുന്നോട്ടു നയിക്കുന്നു. രണ്ടു പേര്‍ ആ കുട്ടിയുടെ സുരക്ഷിതത്വമുറപ്പാക്കി പിന്തുടരുന്നു എന്ന രീതിയാണ് അവലംബിച്ചത്. കുട്ടിക്ക് ഓക്‌സിജന്‍ കിട്ടാനുള്ള സിലിണ്ടര്‍ മുന്നിലുള്ള ഡൈവറുടെ കൈവശമായിരുന്നു. 3.2 കിലോമീറ്റര്‍ ദൂരം ഇങ്ങനെ താണ്ടി. പിന്നീടുള്ള ഇടുങ്ങിയ ഭാഗം കുട്ടിയെ ശരീരത്തോടു ചേര്‍ത്തു പിടിച്ച് കടത്തിക്കൊണ്ടു വരികയായിരുന്നു. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.