സ്‌കോര്‍പ്പിയോയില്‍ ലോറിയിടിച്ച് അഞ്ച് മരണം

Monday 9 July 2018 8:25 am IST

കാസര്‍കോട്: ഗൃഹപ്രവേശനച്ചടങ്ങ് കഴിഞ്ഞ് മടങ്ങുകയായിരുന്ന കുടുംബം സഞ്ചരിച്ച സ്‌കോര്‍പ്പിയോയില്‍ ലോറിയിടിച്ച് സ്ത്രീകളുള്‍പ്പെടെ  അഞ്ചുപേര്‍ മരിച്ചു. എട്ടു മാസമായ  കുഞ്ഞ് ഉള്‍പ്പെടെ 13 പേര്‍ക്ക്  പരിക്കേറ്റു. 

ഇന്നലെ രാവിലെ 6 ന്  കാസര്‍കോട്-മംഗലാപുരം ദേശീയപാതയില്‍ ഉപ്പള നയാബസാറിലാണ് അപകടം. തലപ്പാടി കെ.സി റോഡിലെ പരേതനായ മുഹമ്മദ് കുഞ്ഞിയുടെ ഭാര്യ ബീഫാത്തിമ (65), മക്കളായ നസീമ(30), അസ്മ (28), അസ്മയുടെ ഭര്‍ത്താവ് ഇംതിയാസ് (38), ബീഫാത്തിമയുടെ മറ്റൊരു മകളായ സൗദയുടെ ഭര്‍ത്താവ് മുഷ്താഖ് (38) എന്നിവരാണ് മരിച്ചത്.

അസ്മയുടെ മക്കളായ സല്‍മാന്‍ (16), അബ്ദുല്‍ റഹ്മാന്‍ (12), മാഷിദ (10), അമല്‍ (6), ആബിദ് (എട്ട് മാസം), നസീമയുടെ മക്കളായ ഷാഹിദ് (16), ആഫിയ (9), ഫാത്തിമ (ഒന്ന്), മുഷ്താഖിന്റെ ഭാര്യ സൗദ, മക്കളായ സവാദ്(12), ഫാത്തിമ (10), അമര്‍ (5), സുമയ്യ (3) എന്നിവര്‍ക്ക് പരിക്കേറ്റു. ഇവരെ ഉപ്പളയിലെ സ്വകാര്യ ആശുപത്രിയിലും  മംഗലാപുരം ആശുപത്രിയിലും പ്രവേശിപ്പിച്ചു.

 ഇംതിയാസും മുഷ്താഖും ഉള്ളാള്‍ മുക്കച്ചേരി സ്വദേശികളാണ്. പാലക്കാട് മംഗലം  ഡാമിന് സമീപത്ത് ബീഫാത്തിമയുടെ മറ്റൊരു മകളായ റുഖിയയുടെ ഗൃഹപ്രവേശനച്ചടങ്ങ് കഴിഞ്ഞ് മടങ്ങുന്ന വഴി  നയാബസാറിലെത്തിയപ്പോള്‍ മഹാരാഷ്ട്രയില്‍ നിന്ന് കൊച്ചിയിലേക്ക് പോവുകയായിരുന്ന ചരക്ക് ലോറി ഇടിക്കുകയായിരുന്നു.  സ്‌കോര്‍പ്പിയോ വെട്ടിപ്പൊളിച്ചാണ് മരിച്ചവരെയും പരിക്കേറ്റവരെയും പുറത്തെടുത്തത്.  

ലോറി ഡ്രൈവര്‍ ഷിമോഗ സ്വദേശി അയൂബിനെ  കസ്റ്റഡിയിലെടുത്തു. അപകടകരമായ വളവും വാഹനങ്ങളുടെ അതിവേഗവും ഉപ്പള നയാബസാറില്‍ മരണം വിതയ്ക്കുകയാണ്. മൂന്നുവര്‍ഷത്തിനിടെ ഇവിടെയുണ്ടായ വാഹനാപകടങ്ങളില്‍ മരിച്ചത് 20 പേര്‍. ഒരു വര്‍ഷം മുമ്പ് നയാബസാറില്‍ കാറും ലോറിയും കൂട്ടിയിച്ച് നാലുപേരാണ് മരിച്ചത്. രണ്ടു വര്‍ഷം മുമ്പ് ബസ്സും കാറും കൂട്ടിയിടിച്ച് നാലുപേര്‍ മരിച്ചിരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.