ഏറ്റുമാനൂര്‍ വിഗ്രഹമോഷണം: മൂന്നര പതിറ്റാണ്ടിന് ശേഷം രമണിക്ക് സഹായവുമായി ദേവസ്വം ബോര്‍ഡ്

Monday 9 July 2018 3:00 am IST

ഏറ്റുമാനൂര്‍: ഏറ്റുമാനൂര്‍ മഹാദേവ ക്ഷേത്ര വിഗ്രഹമോഷണക്കേസിലെ പ്രതിയെ പിടികൂടുന്നതിന് സഹായിച്ച രമണിക്കു ഒടുവില്‍ വീടു വയ്ക്കുന്നതിനും ജോലി നല്‍കുന്നതിനും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ഒരുങ്ങുന്നു. ഏറ്റുമാനൂര്‍ മഹാദേവക്ഷേത്രത്തില്‍ ആരംഭിക്കുന്ന കഥകളി പഠനക്കളരിയുടെയും ഗ്രന്ഥശാലയുടെയും ഉദ്ഘാടനത്തിനിടെയാണ് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ. പത്മകുമാര്‍ ഇക്കാര്യം പറഞ്ഞത്. മൂന്നര പതിറ്റാണ്ടിന് ശേഷമാണ് ദേവസ്വം ബോര്‍ഡിന്  സഹായഹസ്തം നീട്ടാന്‍ വീണ്ടുവിചാരം ഉണ്ടായത്. പ്രതിയെ പിടികൂടി കഴിഞ്ഞപ്പോള്‍ അന്നത്തെ ബോര്‍ഡ് അധികാരികള്‍ നിരവധി വാഗ്ദാനങ്ങള്‍ നടത്തിയിരുന്നു. അവ പിന്നീട് വന്ന ഭരണകര്‍ത്താക്കള്‍ മറന്നു. 

 രമണിയുടെ ശോച്യാവസ്ഥ മനസ്സിലാക്കി ഭക്തജനങ്ങളുടെ സഹകരണത്തോടെ വീടു വച്ച് നല്‍കാനാണ് ദേവസ്വം ബോര്‍ഡിന്റെ തീരുമാനം. നിയമപരമായി പരിശോധിച്ച് ജോലി നല്‍കുന്നതിനും ശ്രമിക്കും.  1981 മെയ് 24 നാണ് ഏറ്റുമാനൂര്‍ മഹാദേവ ക്ഷേത്രത്തിലെ ശ്രീകോവില്‍ കുത്തിത്തുറന്ന് സ്വര്‍ണവിഗ്രഹം മോഷ്ടിച്ചത്. മോഷ്ടാവായ സ്റ്റീഫന്‍ ശ്രീകോവില്‍ കുത്തിത്തുറക്കാന്‍ ഉപയോഗിച്ച പാര പൊതിഞ്ഞ നോട്ടുബുക്കിന്റെ കടലാസാണ് കേസില്‍ നിര്‍ണായകമായത്. പോലീസ് കണ്ടെടുത്ത നോട്ടുബുക്കിന്റെ പേജില്‍ രമണിയുടെ പേരും ഡിവിഷനും സ്‌കൂളിന്റെ പേരുമുണ്ടായിരുന്നു. തിരുവനന്തപുരം പാറശ്ശാലയിലുള്ള സ്‌കൂളിന്റെ വിലാസമാണ് കേസിനു തുമ്പുണ്ടാക്കിയത്. 

 പഴയ നോട്ടുബുക്ക് അടുത്തുള്ള ഇരുമ്പു സാധനങ്ങള്‍ വില്‍ക്കുന്ന കടയില്‍ വിറ്റിരുന്നു. സ്റ്റീഫന്‍ വാങ്ങിയ പാര പൊതിഞ്ഞു കൊടുത്ത കടലാസാണ് തെളിവായത്. മോഷണത്തിനു ശേഷം ക്ഷേത്രത്തിനുള്ളിലെ കിണറ്റിലാണ് പാര ഉപേക്ഷിച്ചത്. കിണറ്റില്‍ നിന്നാണ് രമണിയുടെ പേരും സ്‌കൂള്‍ വിലാസവുമെഴുതിയ കടലാസു കിട്ടിയത്. അന്വേഷണ സംഘം പാറശ്ശാലയിലെത്തി നടത്തിയ അന്വേഷണത്തിലാണ് കമ്പിപ്പാര വാങ്ങിയയാളായ സ്റ്റീഫന്‍ പിടിയിലായത്. സ്റ്റീഫന്‍ പറഞ്ഞതനുസരിച്ച് വെറ്റിലത്തോട്ടത്തില്‍ കുഴിച്ചിട്ട വിഗ്രഹം വീണ്ടെടുത്തു. രമണിയിപ്പോള്‍ തിരുവനന്തപുരം വെള്ളറടയിലാണ് താമസം. ഭര്‍ത്താവ് ആറു മാസം മുന്‍പു മരിച്ചു. ജയില്‍ ശിക്ഷ കഴിഞ്ഞിറങ്ങിയ സ്റ്റീഫന്‍ ഇപ്പോള്‍ ഭക്തിമാര്‍ഗത്തിലേക്കു മാറി കണ്ണൂര്‍ ജില്ലയിലെ കോളയാട് താമസിക്കുന്നതായാണ് അറിവ്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.