ഡിറ്റ്‌കോ എന്ന സൂപ്പര്‍മാനിസം

Monday 9 July 2018 8:35 am IST

ഹീറോയിസം ഒന്നുവേറെ തന്നെ. സൂപ്പര്‍മാനിസം എന്നാകുമ്പോള്‍ അതിന്റെ കാന്തിക വലയം പിന്നേയും വലുതാകും. ലോകം  കടുത്ത ആരാധനയിലും ആദരവിലും കൊണ്ടാടിയ  അതിശയപ്പിറവിപോലായൊരു കഥാപാത്രം-സ്‌പൈഡര്‍മാന്‍ ന്റെ സഹ സ്രഷ്ടാവ് സ്റ്റീവ് ഡിറ്റ്‌കോയുടെ മരണവും മറ്റൊരു തരത്തില്‍ ലോകത്തെ അതിശയിപ്പിച്ചിട്ടുണ്ടാകാം. സൂപ്പര്‍മാനെ ജനിപ്പിച്ച മനുഷ്യനു മരണമോ.

മാര്‍വല്‍ സ്റ്റുഡിയോയുടെ കോമിക് പുസ്തക വിപണിയെ വന്‍വ്യവസായമാക്കിയത് സ്‌പൈഡര്‍ മാന്‍ എന്ന സൂപ്പര്‍മാനായിരുന്നു. വരയിലേയും കഥയിലേയും ആ വലിയ ഹീറോയെ പെട്ടെന്നാണ് ലോകം ഇഷ്ടങ്ങളുടെ ഉച്ചിയിലെത്തിച്ചത്. പിന്നെ ചുവപ്പും നീലയുമിട്ട ആ കഥാപാത്രം താഴേക്കിറങ്ങിയില്ല 

ഐതിഹ്യ കഥാപാത്രങ്ങളേയും  അല്‍ഭുത മനുഷ്യരേയും കൗതുകങ്ങളില്‍ ചുമക്കുന്ന ലോകത്തിന് പുതിയൊരു കഥാപാത്രത്തെ വേണമെന്ന് മാര്‍വെല്‍ സ്റ്റുഡിയോക്കാര്‍ മോഹിച്ചപ്പോള്‍  കൗമാരത്തിന് വേറിട്ട ഹീറോയെ കോമിക്കിലൂടെ അവതരിപ്പിക്കാന്‍ അവര്‍ കണ്ടെത്തിയത് ചിത്രകാരനായ സ്റ്റീവ് ഡിറ്റ്‌കോയെയായിരുന്നു. സൂപ്പര്‍മാന്‍ വന്‍ ഹിറ്റായപ്പോള്‍ മാര്‍വലും വലുതായി. പക്ഷേ എഴുത്തുകാരന്‍ ജെ.ഡി.സാലിഞ്ജറെപ്പോലെ ആരും അറിയാതെ അഭിമുഖത്തിനോ ക്യാമറയ്‌ക്കോ പൊതുവിടങ്ങളിലോ ഇടംകൊടുക്കാതെ ഒതുങ്ങാനായിരുന്നു ഡിറ്റ്‌കോയ്ക്കിഷ്ടം. ബ്രാംസ്‌റ്റോക്കര്‍  സൃഷ്ടിച്ച കഥാപാത്രം ഡ്രാക്കുള അദ്ദേഹത്തെക്കാളും വളര്‍ന്നപോലെ ഡിറ്റ്‌കോയെക്കാളും വളര്‍ന്നു കുതിക്കുകയായിരുന്നു സ്‌പൈഡര്‍മാന്‍.

പെനിസില്‍വാനിയയില്‍ 1927ല്‍ ജനിച്ച സ്റ്റീവ് ഡിറ്റ്‌കോ വലിയ സമ്മര്‍ദത്തിലൂടെയാണ് ജീവിച്ചിരുന്നതെന്ന് അദ്ദേഹത്തിന്റെ ജീവചരിത്രമായ സ്‌ട്രെയ്ഞ്ച് ആന്റ് സ്‌ട്രെയ്ഞ്ചര്‍-ദ വേള്‍ഡ് ഓഫ് സ്റ്റീവ് ഡിറ്റ്‌കോ യില്‍ പറയുന്നുണ്ട്. കോമിക് രസം അച്ഛനില്‍ നിന്നാണ് സ്റ്റീവിനു കിട്ടിയത്. കുറെക്കാലം അമേരിക്കന്‍ ആര്‍മിയിലായിരുന്നു. ആര്‍മി ന്യൂസ് പേപ്പറില്‍ വരച്ചിരുന്നു.  വരയുടെ അധ്യാപകനായി കുറച്ചുകാലം. 1953ല്‍ ആദ്യ കോമിക് പ്രസിദ്ധീകരിച്ചു. സ്‌പൈഡര്‍മാന്‍ എന്ന ഇതിഹാസ കഥാപാത്ര രചന പുറത്തുവന്നത് 1962 ആഗസ്റ്റ് 15നായിരുന്നു. വര്‍ഷങ്ങള്‍ക്കുശേഷം മറ്റൊരു വലിയ ഹീറോയേയും സ്റ്റീവ് സൃഷ്ടിച്ചു,ഡോക്ടര്‍ സ്‌ട്രെയ്ഞ്ച്.സ്‌പൈഡര്‍മാന്‍ സിനിമയായപ്പോള്‍ ലോകത്തെ പണംവാരി ചിത്രങ്ങളില്‍ ഒന്നായി അത്.

അസാധ്യകാര്യങ്ങളുടെ മധ്യസ്ഥനായ സ്‌പൈഡര്‍മാനെ ബാല്യ കൗമാരങ്ങള്‍ മാത്രമല്ല എല്ലാത്തരം പ്രായക്കാരും ഇഷ്ടപ്പെട്ടു. ഇക്കഴിഞ്ഞ ജൂണ്‍ 29ന് 90ാം വയസില്‍ സ്റ്റീവ് ഡിറ്റ്‌കോ മരിച്ചപ്പോഴായിരിക്കണം തങ്ങളെ കീഴ്‌പ്പെടുത്തിയ സൂപ്പര്‍ ഹീറോയുടെ  സ്രഷ്ടാവ് ഇദ്ദേഹമാണെന്ന് ലോകം ഒരു പക്ഷേ അറിഞ്ഞത്.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.