മുംബൈയില്‍ കനത്ത മഴ ; വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

Monday 9 July 2018 12:22 pm IST
റോഡ്, റെയില്‍ ഗതാഗതങ്ങളെല്ലാം പൂര്‍ണമായി തടസപ്പെട്ടിരിക്കുകയാണ്. ഈ ആഴ്ച രണ്ടാംതവണയാണ് മഴയെത്തുടര്‍ന്ന് തീവണ്ടി ഗതാഗതം തടസപ്പെടുന്നത്. മഴയെ തുടര്‍ന്ന് സ്‌കൂളുകളും കോളജുകളുമടക്കം വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധി പ്രഖ്യാപിച്ചു.

മുംബൈ: മുംബൈയില്‍ രണ്ട് ദിവസമായി തുടരുന്ന മഴയില്‍ ജനജീവിതം സ്തംഭിച്ചു. താഴ്ന്ന പ്രദേശങ്ങളെല്ലാം  വെള്ളത്തിനടിയിലാണ്. റോഡ്, റെയില്‍ ഗതാഗതങ്ങളെല്ലാം  പൂര്‍ണമായി തടസപ്പെട്ടിരിക്കുകയാണ്. ഈ ആഴ്ച രണ്ടാംതവണയാണ് മഴയെത്തുടര്‍ന്ന് തീവണ്ടി ഗതാഗതം തടസപ്പെടുന്നത്. മഴയെ തുടര്‍ന്ന് സ്‌കൂളുകളും കോളജുകളുമടക്കം വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധി പ്രഖ്യാപിച്ചു.

തിങ്കളാഴ്ച തുടങ്ങിയ മഴ ഇടയ്ക്ക് കുറഞ്ഞെങ്കിലും ശനിയാഴ്ച വീണ്ടും കനത്തു. തിങ്കളാഴ്ച അന്ധേരിയിലെ റെയില്‍വേ മേല്‍നടപ്പാലം തകര്‍ന്നുവീണ് അഞ്ചുപേര്‍ക്ക് പരിക്കേറ്റിരുന്നു. ഇതില്‍ ഒരാള്‍ ഇന്നലെ മരിച്ചു. ഇന്ന് രാവിലെ റോഡിലെ വെള്ളം നിറഞ്ഞ ഗട്ടറില്‍ ബൈക്ക് മറിഞ്ഞ് വീണ് യാത്രക്കാരി ബസ് കയറി മരിച്ചു. കല്യാണിലെ സ്വകാര്യ സ്‌കൂള്‍ ജീവനക്കാരി മനീഷ ഭോയിറാണ് മരിച്ചത്. റോഡിലെ ഗട്ടറില്‍ വീണ് ബൈക്ക് ചരിഞ്ഞതോടെ പിന്നിലിരുന്ന മനീഷ അടുത്തു കൂടി കടന്നുപോയ ബസിനടിയിലേക്ക് വീഴുകയായിരുന്നു. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.

കല്യാണ്‍ മേഖല ശക്തമായ മഴയില്‍ വെള്ളത്തിനടിയിലായി. ഉല്ലാസ് നദിയില്‍ വെള്ളം കയറിയതിനെ തുടര്‍ന്ന് വിത്തല്‍വാടിക്കും കല്യാണിനുമിടയില്‍ റെയില്‍ പാളത്തില്‍ വെള്ളം കയറി. ഒരു മണിക്കൂറോളം ഗതാഗതം തടസപ്പെട്ടു. മുംബയ്ക്ക് പുറമേ കൊങ്കണ്‍, ഗോവ, പാല്‍ഘര്‍, നാഗ്പൂര്‍ എന്നിവിടങ്ങളിലും കാലവര്‍ഷം ശക്തമായി. ബുധനാഴ്ചവരെ നഗരത്തിലും പ്രാന്തപ്രദേശങ്ങളിലും മഴ തുടരാനാണ് സാദ്ധ്യത.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.