ദിലീപ് പുറത്ത് തന്നെ; തിരിച്ചെടുത്തതിനെ ആരും എതിര്‍ത്തില്ല: മോഹന്‍ലാല്‍

Monday 9 July 2018 12:39 pm IST
ദിലീപിനെ പുറത്താക്കുന്നത് സംബന്ധിച്ച് പല അഭിപ്രായങ്ങളുമുയര്‍ന്നു. പ്രശ്‌നത്തില്‍ എന്ത് നിലപാട് എടുക്കണമെന്ന തത്രപ്പാടിലായിരുന്നു എല്ലാവരും. ആകെ ആശയക്കുഴപ്പം. ദിലീപിന്റെ കാര്യത്തില്‍ സത്യാവസ്ഥ എന്താണെന്ന് ഇപ്പോഴും അറിയില്ല. സംഘടന രണ്ടായി പിളരുമെന്ന സാഹചര്യമുണ്ടായി. ഫെഫ്കയില്‍നിന്നും മറ്റ് സിനിമാ സംഘടനകളില്‍ നിന്നും ദിലീപിനെ പുറത്താക്കിയിരുന്നു.

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ നിരപരാധിത്വം തെളിയുന്നതുവരെ നടന്‍ ദിലീപ് സംഘടനയ്ക്ക് പുറത്തായിരിക്കുമെന്ന് 'അമ്മ' പ്രസിഡന്റ് മോഹന്‍ലാല്‍. 

ദിലീപിന്റെ അറസ്റ്റിന്റെ സമയത്ത് അമ്മ രണ്ടായി പിളരുന്ന സാഹചര്യമുണ്ടായിരുന്നുവെന്നും അവയ്‌ലബിള്‍ കമ്മിറ്റി ചേര്‍ന്ന് ദിലീപിനെ വാക്കാല്‍ പുറത്താക്കുകയായിരുന്നുവെന്നും മോഹന്‍ലാല്‍ എറണാകുളം പ്രസ്‌ക്ലബില്‍ മുഖാമുഖം പരിപാടിയില്‍ വ്യക്തമാക്കി. അമ്മ ആക്രമിക്കപ്പെട്ട നടിക്കൊപ്പമാണെന്നും ദിലീപ് നിരപരാധിത്വം തെളിയിക്കുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു. 

ദിലീപിനെ പുറത്താക്കുന്നത് സംബന്ധിച്ച് പല അഭിപ്രായങ്ങളുമുയര്‍ന്നു. പ്രശ്‌നത്തില്‍ എന്ത് നിലപാട് എടുക്കണമെന്ന തത്രപ്പാടിലായിരുന്നു എല്ലാവരും. ആകെ ആശയക്കുഴപ്പം. ദിലീപിന്റെ കാര്യത്തില്‍ സത്യാവസ്ഥ എന്താണെന്ന് ഇപ്പോഴും അറിയില്ല. സംഘടന രണ്ടായി പിളരുമെന്ന സാഹചര്യമുണ്ടായി. ഫെഫ്കയില്‍നിന്നും മറ്റ് സിനിമാ സംഘടനകളില്‍ നിന്നും ദിലീപിനെ പുറത്താക്കിയിരുന്നു. ഈ പ്രത്യേക സാഹചര്യത്തിലാണ് നടന്‍ മമ്മൂട്ടിയുടെ വീട്ടില്‍ അവയ്‌ലബിള്‍ കമ്മിറ്റി ചേര്‍ന്ന് അമ്മയില്‍ നിന്നും ദിലീപിനെ വാക്കാല്‍ പുറത്താക്കുന്നത്. എന്നാല്‍ അത് നിയമപരമായി നിലനില്‍ക്കുന്നതല്ലെന്ന് മനസ്സിലായി. അടുത്ത ജനറല്‍ബോഡിയില്‍ ഇക്കാര്യം ചര്‍ച്ച ചെയ്തു. കോടതി അദ്ദേഹത്തെ കുറ്റക്കാരനായി കണ്ടെത്തിയിട്ടില്ലെന്ന കാര്യം ചിലര്‍ ചൂണ്ടിക്കാട്ടി. യോഗത്തില്‍ ദിലീപിനെ ആരും എതിര്‍ത്തില്ല. അങ്ങനെയാണ് തിരിച്ചെടുക്കുന്നത്. 

ജനറല്‍ ബോഡിയുടെ അജണ്ടയിലും ദിലീപ് വിഷയം ഉള്‍പ്പെടുത്തിയിരുന്നു. അവസാന വിഷയമായാണ് വച്ചിരുന്നത്. ഇപ്പോള്‍ പ്രതിഷേധിച്ചവര്‍ ആരും ജനറല്‍ബോഡിയില്‍ ഒന്നും പറഞ്ഞില്ല. പുറത്താക്കല്‍ സംബന്ധിച്ച് ദിലീപിന് കത്തയച്ചിരുന്നില്ല. അന്നത്തെ സാഹചര്യത്തില്‍ വാക്കാല്‍ പുറത്താക്കുകയായിരുന്നുവെന്ന് മോഹന്‍ലാല്‍ പറഞ്ഞു. ദിലീപ് താരസംഘടനയിലേക്ക് തിരിച്ചു വരുന്നില്ലെന്ന് അറിയിച്ചിട്ടുണ്ട്. അതിനാല്‍ സാങ്കേതികമായും നിയമപരമായും ദിലീപ് സംഘടനയ്ക്ക് പുറത്താണ്. 

ആക്രമിക്കപ്പെട്ട നടിക്ക് ദിലീപ് അവസരങ്ങള്‍ നിഷേധിച്ചുവെന്ന് അമ്മയ്ക്ക് പരാതി എഴുതി നല്‍കിയിട്ടില്ല. അവരെ മാറ്റി നിര്‍ത്തിയിട്ടില്ല. ഇപ്പോഴും എല്ലാ സഹായവും നല്‍കുന്നുണ്ട്. രാജിവച്ച നാലു നടിമാരില്‍ ഭാവനയും രമ്യ നമ്പീശനുമാണ് രാജി എഴുതി നല്‍കിയിട്ടുള്ളത്. ഇവര്‍ തിരിച്ചു വരുന്നത് സംബന്ധിച്ച് ജനറല്‍ ബോഡിയാണ് തീരുമാനിക്കുക. ഇവര്‍ രാജിവയ്ക്കാനുണ്ടായ സാഹചര്യം വിശദീകരിക്കേണ്ടിവരും, മോഹന്‍ലാല്‍ പറഞ്ഞു.

പുരുഷമേധാവിത്വമില്ല: പ്രശ്‌നങ്ങള്‍ സംഘടനയില്‍ പറയണം

കൊച്ചി: താര സംഘടനയില്‍ പുരുഷ മേധാവിത്വമില്ലെന്നും പ്രശ്‌നങ്ങള്‍ സംഘടനയ്ക്കുള്ളിലാണ് പറയേണ്ടതെന്നും മോഹന്‍ലാല്‍. ഡബ്ല്യുസിസി നല്‍കിയ കത്തിനെക്കുറിച്ച് അമ്മ ചര്‍ച്ച ചെയ്യും. അവര്‍ക്ക് കൂടുതല്‍ കാര്യങ്ങള്‍ പറയാനുണ്ടെങ്കില്‍ അതും വ്യക്തമാക്കാം. എക്‌സിക്യൂട്ടീവ്് ചേര്‍ന്ന ശേഷം അവരുമായി ചര്‍ച്ച നടത്തും. നടന്‍ തിലകന്‍ നേരിട്ട് പരാതി നല്‍കിയിട്ടില്ല. പലഘട്ടത്തിലും അദ്ദേഹത്തെ സഹായിച്ചിരുന്നുവെന്നും എറണാകുളം പ്രസ്‌ക്ലബ്ബില്‍ മുഖാമുഖം പരിപാടിയില്‍ മോഹന്‍ലാല്‍ പറഞ്ഞു.

നടി നിഷ സാരംഗിക്ക് സീരിയല്‍ സംവിധായകനില്‍ നിന്നുള്ള പീഡനത്തെക്കുറിച്ച് പറഞ്ഞിരുന്നു. അവരോടൊപ്പമാണ് അമ്മയും. സംഘടനാ തെരഞ്ഞെടുപ്പില്‍ നിന്നും നടി പാര്‍വതിയുടെ നോമിനേഷന്‍ തടഞ്ഞുവെന്ന് പറയുന്നത് തെറ്റാണ്. താന്‍ മത്സരിക്കാന്‍ തയാറാണെന്ന് പാര്‍വതി ജനറല്‍ ബോഡിയില്‍ പറയണമായിരുന്നു. അതുണ്ടായില്ല. 484 പേരുള്ള അമ്മയില്‍ ഭൂരിപക്ഷവും സ്ത്രീകളാണ്. മെഗാ ഷോയിലെ സ്‌കിറ്റില്‍ ഡബ്ല്യുസിസിയിലെ അംഗങ്ങളെ മോശക്കാരായി ചിത്രീകരിച്ചിട്ടില്ല. അവരുടെ കൂടെയുള്ളവര്‍ തന്നെയാണ് സ്‌കിറ്റിനായി പ്രവര്‍ത്തിച്ചതും. 143 പേര്‍ക്കാണ് മാസം 5,000 രൂപ കൈനീട്ടമായി നല്‍കുന്നത്. ഇത് 10,000 രൂപയാക്കാനാണ് ശ്രമം.  അഞ്ച് ലക്ഷം രൂപയുടെ മെഡിക്കല്‍ ഇന്‍ഷ്വറന്‍സാണ് അംഗങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയിട്ടുള്ളത്. 25 വര്‍ഷമായി സജീവമായ സംഘടനയുടെ ബൈലൊ മാറ്റേണ്ടതുണ്ട്. പ്രവര്‍ത്തനശൈലിയിലും മാറ്റം വരുത്തണം. സംഘടനയില്‍ സ്ത്രീ പ്രാതിനിധ്യം വര്‍ധിപ്പിക്കണം. പലര്‍ക്കും സിനിമ ഇല്ലാത്ത സ്ഥിതിയുണ്ട്. ഇതിന് മാറ്റം വരുത്തണം. കഴിഞ്ഞ ജനറല്‍ബോഡിയില്‍ മാധ്യമങ്ങളെ വിലക്കിയ സംഭവത്തില്‍ വ്യക്തിപരമായി താന്‍ ക്ഷമ ചോദിക്കുന്നുവെന്നും അമ്മയും മാധ്യമങ്ങളും ഒരുമിച്ച് പോകണമെന്നും മോഹന്‍ലാല്‍ പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.