ശ്രീജിത്തിന്റെ മരണം: സിബിഐ അന്വേഷണമില്ല

Monday 9 July 2018 2:17 pm IST
സിപിഎമ്മിന് വിരുദ്ധമായ ഏതെങ്കിലും പാര്‍ട്ടിയുടെ അംഗത്വമോ അനുഭാവമോ കൊല്ലപ്പെട്ട ശ്രീജിത്തിനുണ്ടായിരുന്നെന്ന് ഹര്‍ജിക്കാരി പറയുന്നില്ലെന്നു കോടതി പറഞ്ഞൂ. ഏതെങ്കിലും പാര്‍ട്ടിയുടെ അനുഭാവിയായിരുന്നില്ല. ആ നിലയ്ക്ക് ശ്രീജിത്തിനെ അറസ്റ്റ് ചെയ്തതിനു പിന്നില്‍ രാഷ്ട്രീയ താല്‍പ്പര്യമുണ്ടെന്നു പറയാനാവില്ല. അതുകൊണ്ടുതന്നെ റൂറല്‍ എസ്പി രാഷ്ട്രീയ നേതാക്കളുമായി ഗൂഢാലോചന നടത്തി ശ്രീജിത്തിനെ തെറ്റായി പ്രതി ചേര്‍ക്കാന്‍ സാധ്യതയില്ല.

കൊച്ചി : വരാപ്പുഴ സ്വദേശി ശ്രീജിത്ത് പോലീസ് കസ്റ്റഡിയില്‍ മരിച്ച കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഭാര്യ അഖില നല്‍കിയ ഹര്‍ജി ഹൈക്കോടതി തള്ളി. അന്വേഷണം ശരിയായ ദിശയിലാണെന്ന് വിലയിരുത്തിയ സിംഗിള്‍ ബെഞ്ച് സിബിഐ അന്വേഷണം അനിവാര്യമല്ലെന്നു വ്യക്തമാക്കി.

സിപിഎമ്മിന് വിരുദ്ധമായ ഏതെങ്കിലും  പാര്‍ട്ടിയുടെ അംഗത്വമോ അനുഭാവമോ കൊല്ലപ്പെട്ട ശ്രീജിത്തിനുണ്ടായിരുന്നെന്ന് ഹര്‍ജിക്കാരി പറയുന്നില്ലെന്നു കോടതി പറഞ്ഞൂ. ഏതെങ്കിലും  പാര്‍ട്ടിയുടെ അനുഭാവിയായിരുന്നില്ല. ആ നിലയ്ക്ക് ശ്രീജിത്തിനെ അറസ്റ്റ് ചെയ്തതിനു പിന്നില്‍ രാഷ്ട്രീയ താല്‍പ്പര്യമുണ്ടെന്നു പറയാനാവില്ല. അതുകൊണ്ടുതന്നെ റൂറല്‍ എസ്പി രാഷ്ട്രീയ നേതാക്കളുമായി ഗൂഢാലോചന നടത്തി ശ്രീജിത്തിനെ തെറ്റായി പ്രതി ചേര്‍ക്കാന്‍ സാധ്യതയില്ല. പോലീസ് അന്വേഷണം അനുചിതമെന്നോ പക്ഷപാതപരമെന്നോ പറയാനാവില്ല. കുറ്റക്കാരായവരെ ന്യായമായ വേഗത്തില്‍ അറസ്റ്റ് ചെയ്തിട്ടുണ്ട്. ആര്‍ടിഎഫ് അംഗങ്ങള്‍ മര്‍ദിച്ചതിന് കുടുംബാംഗങ്ങളും സ്റ്റേഷനില്‍ വച്ച് എസ്‌ഐ മര്‍ദിച്ചതിന് ശ്രീജിത്തിനൊപ്പം അറസ്റ്റിലായവരും സാക്ഷികളാണ്.  കേസിലെ തെളിവുകളിലും രേഖകളിലും പോലീസ് കൃത്രിമം നടത്തുമെന്ന സംശയം മുഖവിലയ്ക്ക് എടുക്കാനാവില്ല.  ശ്രീജിത്തിന്റെ കുടുംബാംഗങ്ങളും സുഹൃത്തുക്കളും കേസില്‍ സാക്ഷികളാണ്. ഇവരുടെ മൊഴികളാണ് കേസിന്റെ ബലമെന്നതിനാല്‍ പോലീസ് തെളിവു നശിപ്പിക്കുമെന്നും സാക്ഷികളെ സ്വാധീനിക്കുമെന്നും പറയാനാവില്ലെന്നും കോടതി വ്യക്തമാക്കി. 

 റൂറല്‍ എസ്പിയായിരുന്ന എ.വി. ജോര്‍ജ് രൂപം നല്‍കിയ റൂറല്‍ ടൈഗര്‍ ഫോഴ്‌സിലെ (ആര്‍ടിഎഫ്) മൂന്ന് പോലീസുകാരുള്‍പ്പെടെയുള്ള പ്രതികളെ അറസ്റ്റ് ചെയ്തിരുന്നെന്നും ആര്‍ടിഎഫിന്റെ രൂപീകരണം നിയമവിരുദ്ധമാണെന്നും പ്രോസിക്യൂഷന്‍ വ്യക്തമാക്കിയിരുന്നു. ഇത്തരമൊരു ഗ്രൂപ്പിന് രൂപം നല്‍കാന്‍ റൂറല്‍ പോലീസ് മേധാവിക്ക് അധികാരമില്ലെന്നും പ്രോസിക്യൂഷന്‍ വിശദീകരിച്ചു.

ഏപ്രില്‍ ആറിന് രാത്രി 10.30 ന് അറസ്റ്റ് ചെയ്ത ശ്രീജിത്തിന്റെ അറസ്റ്റ് അടുത്ത ദിവസം രാത്രി 9.15 നാണ് രേഖപ്പെടുത്തിയത്. മജിസ്‌ട്രേറ്റിനു മുന്നില്‍ ഹാജരാക്കുന്നതിലും വീഴ്ച വരുത്തി. ശ്രീജിത്തിനെ വീട്ടില്‍ നിന്ന് പിടികൂടിയ ആര്‍ടിഎഫ് അംഗങ്ങളും പിന്നീട് എസ്‌ഐയും മര്‍ദിച്ചെന്ന് പ്രത്യേക സംഘത്തിന്റെ അന്വേഷണത്തില്‍ കണ്ടെത്തി. ഇവരല്ലാതെ മറ്റാരെങ്കിലും മര്‍ദിച്ചതായി ഹര്‍ജിക്കാരിക്ക് പരാതിയില്ല. വരാപ്പുഴയില്‍ വാസുദേവന്റെ വീടാക്രമിച്ചെന്ന കേസിലാണ് ശ്രീജിത്തിനെ അറസ്റ്റ് ചെയ്തത്. ഇതില്‍ ചില രാഷ്ട്രീയ ഇടപെടലുണ്ടായെന്നും രാഷ്ട്രീയ നേതാക്കള്‍ അന്നത്തെ റൂറല്‍ എസ്പിയെ സ്വാധീനിച്ചെന്നുമാണ് ഹര്‍ജിക്കാരിയുടെ വാദം. മാത്രമല്ല, സിഐ, എസ്‌ഐ തുടങ്ങിയവര്‍ ഗൂഢാലോചന നടത്തിയെന്നും തുടര്‍ന്നാണ് ശ്രീജിത്തിനെ കസ്റ്റഡിയിലെടുത്തതെന്നും ഹര്‍ജിക്കാരി ആരോപിക്കുന്നു. എന്നാല്‍ ഇതു സംബന്ധിച്ച് പോലീസ് അന്വേഷണം നടത്തുന്നുണ്ട്. മാത്രമല്ല, കൊല്ലപ്പെട്ട ശ്രീജിത്തിന്റെ ഭാര്യ ഹര്‍ജി നല്‍കിയെന്നതുകൊണ്ട് മാത്രം അന്വേഷണം സിബിഐയ്ക്ക് വിടാനാവില്ലെന്ന് വ്യക്തമാക്കി. നഷ്ടപരിഹാരമായി പത്ത് ലക്ഷം രൂപയും സര്‍ക്കാര്‍ ജോലിയും ഹര്‍ജിക്കാരിക്ക് ലഭിച്ചു. ഇതു തൃപ്തികരമല്ലെങ്കില്‍ ഉചിതമായ ഫോറത്തെ സമീപിക്കാമെന്നും സിംഗിള്‍ ബെഞ്ചിന്റെ വിധിയില്‍ പറയുന്നു. 

അപ്പീലിനൊരുങ്ങി കുടുംബം

കൊച്ചി: വരാപ്പുഴയില്‍ ശ്രീജിത്തിനെ പോലീസ് ചവിട്ടിക്കൊന്ന കേസ് സിബിഐ അന്വേഷിക്കണമെന്ന ഹര്‍ജി കോടതി തള്ളിയ സാഹചര്യത്തില്‍ അപ്പീല്‍ നല്‍കാനൊരുങ്ങി ശ്രീജിത്തിന്റെ കുടുംബം. കേസ് അട്ടിമറിക്കാന്‍ ശ്രമം നടക്കുന്നുണ്ടെന്നും തങ്ങള്‍ക്കു നീതി ലഭിക്കണമെന്നും ശ്രീജിത്തിന്റെ അമ്മ പറഞ്ഞു. കേസില്‍ സിബിഐ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് ശ്രീജിത്തിന്റെ ഭാര്യ അഖില നല്‍കിയ ഹര്‍ജി തള്ളിയതിനെ തുടര്‍ന്നാണ് അപ്പീല്‍ പോകുമെന്ന് കുടുംബം അറിയിച്ചത്. കേസില്‍ പോലീസ് അന്വേഷണം തൃപ്തികരമാണെന്ന് ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ഹര്‍ജി തള്ളിയത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.