നിര്‍ഭയ കേസ് : ശിക്ഷ സുപ്രീംകോടതി ശരിവച്ചു

Monday 9 July 2018 2:47 pm IST

ന്യൂദല്‍ഹി: ദല്‍ഹി നിര്‍ഭയ കേസിലെ പുന‌ഃപരിശോധനാ ഹര്‍ജികള്‍ സുപ്രീംകോടതി തള്ളി. നാല് പ്രതികളുടെയും വധശിക്ഷ സുപ്രീംകോടതി ശരിവച്ചു. കീഴ്‌ക്കോടതി വിധിയില്‍ യാതൊരു പിഴവുമില്ലെന്നും സുപ്രീംകോടതി വ്യക്തമാക്കി. 

ചീഫ് ജസ്റ്റിസ് അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് വിധി പുറപ്പെടുവിച്ചത്. കേസിലെ പ്രതികളായ മുകേഷ് കുമാര്‍, വിനയ് ശര്‍മ, പവന്‍കുമാര്‍ ഗുപ്ത, അക്ഷയ്കുമാര്‍ സിങ് എന്നിവരാണ് പുന:പരിശോധാന ഹര്‍ജി നല്‍കിയത്. വധശിക്ഷ ശരിവെച്ച് സുപ്രീംകോടതിയുടെ വിധിയില്‍ ഗുരുതര പിഴവുണ്ടെന്നും ശിക്ഷ റദ്ദാക്കണമെന്നുമായിരുന്നു പ്രതികളുടെ വാദം. പോലീസ് തെളിവുകള്‍ കെട്ടിചമച്ചതാണെന്നും സാക്ഷിമൊഴികള്‍ വിശ്വസനീയമല്ലെന്നും പ്രതികളുടെ അഭിഭാഷകര്‍ വാദിച്ചു.

കഴിഞ്ഞ വര്‍ഷം മെയിലാണ് നിര്‍ഭയ കേസിലെ നാലു പ്രതികളുടേയും വധശിക്ഷ സുപ്രീം കോടതി ശരിവച്ചത്. ദല്‍ഹി ഹൈക്കോടതിയുടെ ഉത്തരവാണ് സുപ്രീം കോടതി ശരിവച്ചത്. ശിക്ഷയില്‍ ഇളവ് ആവശ്യപ്പെട്ട് പ്രതികള്‍ നല്‍കിയ ഹര്‍ജി കോടതി തള്ളുകയായിരുന്നു. 2012 ഡിസംബര്‍ 16 നായിരുന്നു രാജ്യത്തെ നടുക്കിയ പീഡനമുണ്ടാകുന്നത്. 

ദല്‍ഹിയില്‍ ഓടുന്ന ബസില്‍ വച്ച് പെണ്‍കുട്ടിയെ അതിക്രൂരമായി പീഡപ്പിച്ച ശേഷം റോഡില്‍ ഉപേക്ഷിക്കുകയായിരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.