മിസ്ത്രിയെ നീക്കിയതില്‍ അപാകമില്ലെന്ന് കമ്പനി നിയമ ട്രൈബ്യൂണല്‍

Monday 9 July 2018 4:11 pm IST
കമ്പനിയുടെ ബോര്‍ഡ് അംഗങ്ങള്‍ക്ക് സൈറസ് മിസ്ത്രിയുടെ മേലുള്ള വിശ്വാസം നഷ്ടപ്പെട്ടതുകൊണ്ടാണ് അദ്ദേഹത്തെ മാറ്റിയതെന്ന് ട്രൈബ്യൂണല്‍ നിരീക്ഷിച്ചു.

മുംബൈ: ടാറ്റാ സണ്‍സ് ചെയര്‍മാന്‍ സ്ഥാനത്തു നിന്നും പുറത്താക്കിയ നടപടിക്കെതിരെ സൈറസ് മിസ്ത്രി നല്‍കിയ ഹര്‍ജി ദേശീയ കമ്പനി നിയമ ട്രൈബ്യൂണല്‍ തള്ളി. ബിഎസ്‌വി പ്രകാശ് കുമാര്‍, വി. നല്ലസേനാപതി എന്നിവരുള്‍പ്പെട്ട ട്രബ്യൂണലിന്റെ പ്രധാന ബെഞ്ചാണ് ഹര്‍ജി തള്ളിയത്.

കമ്പനിയുടെ ബോര്‍ഡ് അംഗങ്ങള്‍ക്ക് സൈറസ് മിസ്ത്രിയുടെ മേലുള്ള വിശ്വാസം നഷ്ടപ്പെട്ടതുകൊണ്ടാണ് അദ്ദേഹത്തെ മാറ്റിയതെന്ന് ട്രൈബ്യൂണല്‍ നിരീക്ഷിച്ചു. കൂടാതെ സൈറസ് മിസ്ത്രി പല സുപ്രധാന വിവരങ്ങളും മാധ്യമങ്ങള്‍ക്ക് ചോര്‍ത്തിക്കൊടുക്കുകയും അത് പുറത്തു വന്നത് ഓഹരി നിക്ഷേപകര്‍ക്കിടയിലും പൊതുജനത്തിനിടയിലും വിശ്വാസ്യത നഷ്ടപ്പെടുവാന്‍ കാണമായെന്നും ട്രൈബ്യൂണല്‍ കണ്ടെത്തി. 

കമ്പനിയുടെ നടപടിക്രമങ്ങളെ കുറിച്ച് കൃത്യമായ ധാരണയുണ്ടായിരുന്ന ആളാണ് സൈറസ് മിസ്ത്രിയെന്ന് ടാറ്റ ഗ്രൂപ്പ് ട്രൈബ്യൂണലിനെ ബോധിപ്പിച്ചു. അടിച്ചമര്‍ത്തലും മോശം മാനേജ്‌മെന്റുമാണ് ടാറ്റാ സണ്‍സ് ഗ്രൂപ്പ് നടപ്പാക്കുന്നതെന്ന് ആരോപിച്ചാണ് സൈറസ് മിസ്ത്രി ഹര്‍ജി നല്‍കിയിരുന്നത്. 

2012ല്‍ രത്തന്‍ ടാറ്റ രാജിവച്ചതിനു പിന്നാലെയാണ് ടാറ്റ ഗ്രൂപ്പിന്റെ മാതൃ കമ്പനിയായ ടാറ്റ സണ്‍സിന്റെ ചെയര്‍മാനായി സൈറസ് മിസ്ത്രി സ്ഥാനമേല്‍ക്കുന്നത്. കൂടാതെ കമ്പനിയുടെ 18.4% ഓഹരിഉടമ കൂടിയായിരുന്നു സൈറസ്. എന്നാല്‍ രത്തന്‍ ടാറ്റയുമായുള്ള ഭിന്നതയെ തുടര്‍ന്ന് 2016 ഒക്ടോബറിലാണ്് മിസ്ത്രിയെ ചെയര്‍മാന്‍ സ്ഥാനത്തു നിന്നു നീക്കി. അതിനു ശേഷം 2017 ഫെബ്രുവരിയില്‍ അദ്ദേഹത്തെ ഡയറക്ടര്‍ ബോര്‍ഡില്‍ നിന്നും നീക്കി. ഇതിനെ തുടര്‍ന്നാണ് മിസ്ത്രി, കമ്പനിയുടെ നടപടി നിയമവിരുദ്ധമാണെന്നു ചൂണ്ടിക്കാണിച്ചു ട്രൈബ്യൂണലില്‍ പരാതി നല്‍കിയത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.