രാജ്യത്താകെ ഇസ്ലാമിക കോടതികള്‍ക്ക് നീക്കം

Monday 9 July 2018 5:02 pm IST
മറ്റു കോടതികളിലേക്ക് പോകുന്നതിനു പകരം സമുദായ വിഷയങ്ങള്‍ ശരിയത്ത് കോടതികളില്‍ തീര്‍പ്പാക്കുകയാണ് ലക്ഷ്യം. ഒരു കോടതിയുടെ പ്രവര്‍ത്തനത്തിന് അരലക്ഷം രൂപ വേണം. രാജ്യത്തു മുഴുവന്‍ ഇവ സ്ഥാപിക്കാന്‍ പണം എങ്ങനെ കണ്ടെത്തുമെന്നാണ് ആലോചിക്കുന്നത്, സിലാനി പറഞ്ഞു. ശരിയത്ത് നിയമത്തെക്കുറിച്ച് അവബോധം സൃഷ്ടിക്കാന്‍ തഫ്ഹീം ഇ ശരിയത്ത് സമിതികളും രൂപീകരിക്കും.

ന്യൂദല്‍ഹി: രാജ്യത്തെ നിയമവ്യവസ്ഥയെയും ഭരണ ഘടനയേയും അട്ടിമറിക്കുന്ന നീക്കവുമായി അഖിലേന്ത്യാ മുസ്ലിം വ്യക്തി നിയമ ബോര്‍ഡ്. 

രാജ്യത്തെ എല്ലാ ജില്ലകളിലും ശരിയത്ത് കോടതികള്‍ സ്ഥാപിക്കാനാണ് ബോര്‍ഡ് ഒരുങ്ങുന്നത്. തങ്ങളെ ബാധിക്കുന്ന വിഷയങ്ങള്‍ ഇസ്ലാമിക നിയമപ്രകാരം പരിഹരിക്കാനാണ് ശ്രമമെന്ന് ബോര്‍ഡധികൃതര്‍ പറഞ്ഞു. ഈ മാസം പതിനഞ്ചിന് ചേരുന്ന ബോര്‍ഡ് യോഗത്തില്‍ തീരുമാനമുണ്ടാകും. വ്യക്തിനിയമ ബോര്‍ഡംഗം സഫര്‍യാബ് സിലാനി പറഞ്ഞതായി പിടിഐ റിപ്പോര്‍ട്ട് ചെയ്തു. 

മറ്റു കോടതികളിലേക്ക് പോകുന്നതിനു പകരം സമുദായ വിഷയങ്ങള്‍ ശരിയത്ത് കോടതികളില്‍ തീര്‍പ്പാക്കുകയാണ് ലക്ഷ്യം. ഒരു കോടതിയുടെ പ്രവര്‍ത്തനത്തിന് അരലക്ഷം രൂപ വേണം. രാജ്യത്തു മുഴുവന്‍ ഇവ സ്ഥാപിക്കാന്‍ പണം എങ്ങനെ കണ്ടെത്തുമെന്നാണ് ആലോചിക്കുന്നത്, സിലാനി പറഞ്ഞു. ശരിയത്ത് നിയമത്തെക്കുറിച്ച് അവബോധം സൃഷ്ടിക്കാന്‍ തഫ്ഹീം ഇ ശരിയത്ത് സമിതികളും രൂപീകരിക്കും. അഭിഭാഷകര്‍, ജഡ്ജിമാര്‍, സാധാരണക്കാര്‍ എന്നിവരെ ബോധവല്‍ക്കരിക്കുകയാണ് ലക്ഷ്യം. മുത്തലാഖ് അടക്കമുള്ള വിഷയങ്ങളില്‍ സമിതികള്‍ ക്ലാസ്സെടുക്കും.

ശരിയത്ത് കോടതികള്‍ ഭരണഘടനാ വിരുദ്ധമാണെന്ന് നിയമജ്ഞരും രാഷ്ട്രീയ നേതാക്കളും ചൂണ്ടിക്കാട്ടുന്നു. മതപരമായ കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാം. പക്ഷെ നിയമപരമായ കാര്യങ്ങളില്‍ എങ്ങനെ മത കോടതികള്‍ക്ക് തീര്‍പ്പുണ്ടാക്കാന്‍ കഴിയും, അവര്‍ ചോദിക്കുന്നു. 

കോടതികളാണ് രാജ്യത്തെ ഒന്നിപ്പിച്ച് നിര്‍ത്തുന്ന ഒരു ഘടകം. ജില്ലയിലെന്നല്ല, ഗ്രാമത്തില്‍ പോലും മത കോടതികള്‍ക്ക് സ്ഥാനമില്ല. കോടതികള്‍ നിയമാനുസൃതം പ്രവര്‍ത്തിക്കും. മത കോടതി സ്ഥാപിക്കാന്‍ ഇന്ത്യ ഇസ്ലാമിക രാജ്യമൊന്നുമല്ല, ബിജെപി നേതാവ് മീനാക്ഷി ലേഖി പറഞ്ഞു. 

സമൂഹത്തെ വിഭജിക്കാനുള്ള മറ്റൊരു നീക്കമെന്നാണ് ഡോ. സുബ്രഹ്മണ്യന്‍ സ്വാമി പ്രതികരിച്ചത്. ഇന്ത്യയില്‍ ഒരു കോടതിയേയുള്ളൂ, ഒരു നിയമവും. ഭരണഘടനയാണ് മാര്‍ഗനിര്‍ദേശം നല്‍കുന്നത്. അതിന് പുറത്തുള്ള ഒന്നും സ്വീകാര്യമല്ല. മത കോടതികള്‍ക്ക് ശ്രമിക്കുന്നവരെ രാജ്യരക്ഷാ നിയമപ്രകാരം അറസ്റ്റു ചെയ്യണം, അദ്ദേഹം പറഞ്ഞു. 

രാജ്യത്തെ കശ്മീരാക്കാനുള്ളതാണ് പുതിയ നീക്കമെന്ന് യുപി ഷിയാ വഖഫ് ബോര്‍ഡ് അധ്യക്ഷന്‍ വാസിം റിസ്‌വി പറഞ്ഞു. നമുക്കൊരു ഭരണഘടനയുണ്ട്. നിയമമുണ്ട്, രാജ്യം ഭരണഘടനയെയാണ് പിന്തുടരുന്നത്, ശരിയത്ത് കോടതികളെയല്ല. രാജ്യത്തെ നശിപ്പിക്കാനാണ് വ്യക്തി നിയമ ബോര്‍ഡിന്റെ നീക്കം. മത കോടതി സ്ഥാപിച്ചാല്‍ വ്യക്തി നിയമ ബോര്‍ഡിനെ നിരോധിക്കണം, അദ്ദേഹം ആവശ്യപ്പെട്ടു.

തീരുമാനത്തെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും കര്‍ണാടക മന്ത്രിയുമായ സമീര്‍ അഹമ്മദ് സ്വാഗതം ചെയ്തു. ശരിയത്ത് കോടതികള്‍ സ്ഥാപിക്കാനുള്ള പരിപാടി നല്ലതാണ്. മുസ്ലിങ്ങളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ അവ ഉപയുക്തമാകും. ഇന്ത്യയില്‍ ഒരു നിയമമേയുള്ളൂ. പക്ഷെ ശരിയത്ത് കോടതികള്‍ അവര്‍ക്ക് അവബോധം നല്‍കാനാണ്, സമീര്‍ പറയുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.