എങ്ങും നിറഞ്ഞുനില്‍ക്കുന്നവന്‍ പ്രവേശിക്കുന്നതെങ്ങിനെ

Tuesday 10 July 2018 1:02 am IST

ഭഗവാന്‍ ചതുശ്ലോകി ഭാഗവതത്തിലെ മൂന്നാം ശ്ലോകത്തിലേക്കു കടക്കുന്നു.

''യഥാ മഹാന്തി ഭൂതാനി ഭൂതേഷൂുച്ചാവചേഷ്വനു

പ്രവിഷ്ടാന്യ പ്രവിഷ്ടാനി തഥാ തേഷു ന തേഷ്വഹം''

എപ്രകാരമാണോ പഞ്ചമഹാഭൂതങ്ങള്‍ വലുതും ചെറുതുമായ വിവിധ വസ്തുക്കളില്‍ പ്രവേശിച്ചതായി തോന്നുന്നത് അതുപോലെ തന്നെയാണ് ഭഗവാനും അതില്‍ പ്രവേശിച്ചതായി തോന്നുന്നത്. യഥാര്‍ത്ഥത്തില്‍ പഞ്ചമഹാഭൂതങ്ങള്‍ അവയില്‍ പ്രവേശിക്കുന്നില്ല. അപ്രകാരം ഭഗവാനും അതില്‍ പ്രവേശിക്കുന്നില്ല. എന്നാല്‍ പ്രവേശിക്കാതിരിക്കുന്നുമില്ല. 

എന്താണ് ഇതിന്റെ സാരം. പ്രവേശിക്കുന്നില്ല. പ്രവേശിക്കാതിരിക്കുന്നുമില്ല. പഞ്ചഭൂതങ്ങളില്‍ ഭഗവാന്‍ പ്രവേശിക്കുന്നില്ല. കാരണം അതില്‍തന്നെ ഭഗവാനുണ്ട്. പ്രവേശിക്കുന്നുമില്ല. അതായത് ഭഗവാന്‍ അതിലുണ്ട്. പ്രവേശിക്കാതിരിക്കുന്നതിനെക്കുറിച്ചു ചിന്തിച്ചാല്‍ പഞ്ചഭൂതങ്ങള്‍ക്കു പുറത്തും ഭഗവാനുണ്ട്. വാസ്തവത്തില്‍ ഈ പഞ്ചഭൂതങ്ങള്‍ ഭഗവാനിലാണ് നി

ലനില്‍ക്കുന്നത്. മറ്റൊരു തരത്തില്‍ പറഞ്ഞാല്‍ ഭഗവാന്‍ മാത്രമേ സത്യമായുള്ളൂ. അതുകൊണ്ടുതന്നെ മറ്റൊന്നില്‍ പ്രവേശിക്കേണ്ടതായ ആവശ്യമില്ല. ഉള്ളിലുംപുറത്തും ഭഗവാന്‍ മാത്രമാണുള്ളത്. അപ്പോള്‍ ആവരണമായിരിക്കുന്ന പഞ്ചഭൂതങ്ങളും ഭഗവാന്‍ തന്നെയാണ്. അതായത് ആ പഞ്ചഭൂതങ്ങള്‍ അതിലെ സങ്കല്‍പം മാത്രമായി മാറുന്നു.

ഇതുപോലെ തന്നെയാണ് മോക്ഷപ്രക്രിയയും എന്ന് ഇതില്‍നിന്നു മനസ്സിലാക്കാം. ഭഗവാന്‍ നമ്മുടെ ശരീരത്തില്‍ പ്രവേശിക്കുകയോ നമ്മുടെ ശരീരം ഭഗവാനില്‍ കടന്നുചെല്ലുകയോ ചെയ്യുന്നില്ല. നമ്മുടെ ശരീരം ഭഗവാനില്‍ തന്നെയാണ് നിലനില്‍ക്കുന്നത്. മാത്രമല്ല നമ്മുടെ ശരീരത്തിലെ ഓരോ അണുവിലും ഭഗവാനുണ്ട്. നമ്മുടെ ഹൃദയത്തില്‍ ഭഗവാനുണ്ട്. ബുദ്ധിയില്‍ ഭഗവാനുണ്ട്. ഓര്‍മശക്തിയില്‍ ഭഗവാന്‍ വര്‍ത്തിക്കുന്നുണ്ട്. മനസ്സില്‍ ഭഗവത് ശക്തിയുടെ പ്രവാഹമുണ്ട്. സത്തിലും അസത്തിലും ഭഗവാനുണ്ട്. ഇതിനിടയില്‍ മനസ്സില്‍ രൂപംകൊള്ളുന്ന അഹങ്കാരമാണ്. സങ്കീര്‍ണമായ പ്രശ്‌നങ്ങള്‍ ഉളവാക്കുന്നത്. ഈ അഹങ്കാരം മൂലം ഞാന്‍ സുന്ദരനാണ്, ഞാന്‍ ശക്തനാണ്, ഞാന്‍ ബുദ്ധിമാനാണ്. ദാനപ്രിയനാണ്. പരസഹായിയാണ്. ഇത്തരം ചിന്തകള്‍ ആവിര്‍ഭവിക്കുകയാണ്. ഇതെല്ലാം കണ്ട് ഭഗവാന്‍ സാക്ഷിഭാവത്തില്‍ അവിടെയുണ്ട്. എന്നാല്‍ നിര്‍ഗുണനായതിനാല്‍ ഈ ചിന്തകളിലോ അതിന്റെ പ്രവര്‍ത്തനങ്ങളിലോ ഭഗവാന്‍ ഇടപെടുന്നില്ല. അതാണ് ഏതു പ്രവൃത്തിയും മനസ്സാക്ഷിയോടു ചോദിച്ച് ചെയ്യണമെന്നു സാത്വികന്മാര്‍ പറയുന്നത്. മനസ്സാക്ഷി സത്യം മാത്രമേ പറയൂ. എന്നാല്‍ മനസ്സാക്ഷി പറയുന്നതിനെ ധിക്കരിക്കാന്‍ ആഗ്രഹിക്കുന്ന നമ്മുടെ അഹങ്കാരബുദ്ധി ആ മനഃസാക്ഷിയുടെ വാക്കുകളെ ദുര്‍വ്യാഖ്യാനം ചെയ്യുന്നു. അമ്മയെ തല്ലുന്നത് ശരിയല്ലാ എന്ന് മനസ്സാക്ഷി പറഞ്ഞാല്‍, ബാക്കിയുള്ളവരെയൊക്കെ തല്ലാം എന്നാണ് അതിനര്‍ത്ഥമെന്നു നാം വ്യാഖ്യാനിക്കും. അതു നമ്മുടെ സങ്കുചിതത്വം.

നാട്ടില്‍ ഒരു പ്രശ്‌നം രൂപപ്പെടുന്നു എന്നുതോന്നിയ സ്ഥലം ജനപ്രതിനിധിയായ എംപി വകുപ്പു മന്ത്രിയോട് അന്വേഷിക്കാന്‍ ആവശ്യപ്പെട്ടാല്‍ അത് ഇടപെടലായി ദുര്‍വ്യാഖ്യാനം ചെയ്ത് മുതലെടുപ്പിനു ശ്രമിക്കുന്ന രാഷ്ട്രീയക്കാരെ രോഹിത് വെമുല പ്രശ്‌നത്തിലും മറ്റും നാം കണ്ടതാണ്. നാട്ടില്‍ ഒരു പ്രശ്‌നമുണ്ടായിട്ട് സ്ഥലം എംപി അറിഞ്ഞഭാവം നടിച്ചില്ലെന്നും പറയാന്‍ ആളുകളുണ്ടാകും. തരത്തിനൊത്ത്, തങ്ങളുടെ താല്‍പര്യത്തിനനുസരിച്ച് വ്യാഖ്യാനിക്കുന്ന രീതി.

ജീവാത്മാവും പരമാത്മാവും വാസ്തവത്തില്‍ ഒന്നുതന്നെയാണെങ്കിലും അതു വ്യത്യസ്തമായി ഭാവിച്ച് ജീവാത്മാവ് പരമാത്മാവുമായി ഒന്നുചേരുന്നതിനെ സ്വപ്നം കണ്ടുകഴിയുകയാണ് നമ്മില്‍ പലരും. എന്നാല്‍ ഇതു രണ്ടും ഒന്നുതന്നെയെന്ന് തിരിച്ചറിഞ്ഞുറപ്പിക്കാന്‍ കഴിഞ്ഞാല്‍ അപ്പോള്‍ തന്നെ മോക്ഷമായി.

ജീവിച്ചിരിക്കുമ്പോള്‍ മോക്ഷവും മുക്തിയുമെല്ലാം നേടാന്‍ സാധിച്ചാല്‍ ജീവന്മുക്തിയെന്നു പറയുന്നു. അവിടെ നേടുന്നവനുമില്ല, കൊടുക്കുന്നവനുമില്ല. ഒന്നായിമാറലുമില്ല. ഒന്നാണെന്നു വ്യക്തമാവുക മാത്രമാണ്. അതാണ് പ്രജ്ഞാനം ബ്രഹ്മ എന്നുപറയുന്നത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.