എളമരം കുമ്പസാരിക്കുന്നു, സിപിഎമ്മിന് വേണ്ടി

Tuesday 10 July 2018 1:05 am IST
ഇസ്ലാമിക തീവ്രവാദത്തിന്റെ ഭീകരമുഖം നേരില്‍ക്കണ്ടു ഞെട്ടിയ സിപിഎം മലക്കം മറിഞ്ഞു. കേന്ദ്ര കമ്മിറ്റി അംഗവും എംപിയുമായ എളമരം കരീമിനെക്കൊണ്ട് അവര്‍ പൊതുജന സമക്ഷം കുമ്പസാരിപ്പിക്കുകയും ചെയ്യുന്നു. സിമിയും പിഡിപിയും മുതല്‍ പോപ്പുലര്‍ ഫ്രണ്ടും എസ്ഡിപിഐയും അടക്കമുള്ളവ ഇസ്ലാമിക ഭീകരസംഘടനകളാണെന്നു കാണിച്ച് അവര്‍ കൊന്നൊടുക്കിയവരുടെ പട്ടിക സഹിതം, എളമരം കരീം ഏതാനും മാധ്യമങ്ങളില്‍ എഴുതിയ ലേഖനം, വായനക്കാര്‍ക്കുമുന്നില്‍ ജന്മഭൂമി പുനഃപ്രസിദ്ധീകരിക്കുന്നു. ദേശാഭിമാനി ആ ലേഖനത്തിലെ ഏതാനും ഭാഗങ്ങള്‍ എഡിറ്റ് ചെയ്തു നീക്കി. ഭീകരരുടെ കൊലക്കത്തിക്കിരയായ സഖാക്കളടക്കമുള്ളവരുടെ പട്ടിക ഒഴിവാക്കുകയും ചെയ്തു. മാതൃഭൂമി പ്രസിദ്ധീകരിച്ച പൂര്‍ണരൂപമാണ് ഇതോടൊപ്പം.

കാമ്പസ് ഫ്രണ്ട് എന്ന മുസ്ലിം തീവ്രവാദ സംഘടനയുടെ ഭീകരമുഖം അനാവരണം ചെയ്യുന്നതാണ് എറണാകുളം മഹാരാജാസ് കോളേജ് വിദ്യാര്‍ഥി അഭിമന്യു, കോളേജ് വളപ്പില്‍ കൊല്ലപ്പെട്ട സംഭവം. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലെ മുസ്ലിം തീവ്രവാദ ഗ്രൂപ്പുകളെ ഏകോപിപ്പിച്ച് അഖിലേന്ത്യാ സംഘടനയായി മാറിയ പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ (പിഎഫ്‌ഐ) ആശയത്തണലില്‍, കേരളത്തിലെ ഏതാനും വിദ്യാലയങ്ങളില്‍ സാന്നിധ്യമുള്ള കാമ്പസ് ഫ്രണ്ടിന്റെ തനിനിറം എന്താണെന്ന് പലര്‍ക്കും മനസ്സിലായിരുന്നില്ല. പോപ്പുലര്‍ ഫ്രണ്ടും അവരുടെ രാഷ്ട്രീയപ്രസ്ഥാനമായ എസ്ഡിപിഐയും മുസ്ലിങ്ങളില്‍ ഒരു വിഭാഗത്തെ സ്വാധീനിച്ച് തീവ്രവാദസംഘടനകളിലേക്ക് റിക്രൂട്ട് ചെയ്യുന്ന കൃത്യമാണ് നടത്തുന്നത്. ബഹുസ്വരതയും മതനിരപേക്ഷതയും ജനാധിപത്യവും സംരക്ഷിക്കപ്പെടണമെന്ന് ആഗ്രഹിക്കുന്ന ഒരു മനുഷ്യനും അനുകൂലിക്കാനാവാത്ത ഹീനമാര്‍ഗത്തിലൂടെയാണ് ഇക്കൂട്ടര്‍ സഞ്ചരിക്കുന്നത്.

അഭിമന്യു ഇന്ന് കേരളത്തിന്റെ നൊമ്പരമാണ്. നവാഗതരെ കോളേജിലേക്ക് സ്വാഗതം ചെയ്യുന്ന പോസ്റ്ററുകള്‍ പതിക്കുന്ന എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ക്കുനേരെയാണ് കാമ്പസ് ഫ്രണ്ടുകാര്‍ പ്രകോപനമുണ്ടാക്കിയത്. എസ്എഫ്‌ഐ-കാമ്പസ് ഫ്രണ്ട് സംഘര്‍ഷം എന്ന് പോപ്പുലര്‍ ഫ്രണ്ട് നേതാക്കള്‍ പിന്നീട് നല്‍കിയ വിശദീകരണം ശുദ്ധകളവാണ്. അത്തരം ഒരു സംഘര്‍ഷമുണ്ടായിരുന്നുവെങ്കില്‍, അപ്പുറത്ത് ഒരാള്‍ക്കെങ്കിലും നിസ്സാരമായ ഒരു പരിക്കെങ്കിലും ഏല്‍ക്കേണ്ടിയിരുന്നില്ലേ? തികച്ചും ആസൂത്രിതമായ കൊലപാതകം! പോപ്പുലര്‍ ഫ്രണ്ടും എസ്ഡിപിഐയും പരിശീലിപ്പിച്ച് തീറ്റിപ്പോറ്റുന്ന കില്ലര്‍ സ്‌ക്വാഡിന്റെ ഓപ്പറേഷന്‍! കൊലയാളികളുടെ വരവും ആക്രമണത്തിന്റെ സ്വഭാവവും വിലയിരുത്തിയാല്‍ ഇതാര്‍ക്കും ബോധ്യമാവും. ഒരു ഭീകരപ്രസ്ഥാനത്തിനുമാത്രം ചെയ്യാന്‍ കഴിയുന്നതാണിത്. കേരളത്തിന് അടുത്ത കാലം വരെ അന്യമായിരുന്ന ഈ രീതി പ്രാവര്‍ത്തികമാക്കിയത് മുസ്ലിം തീവ്രവാദ ശക്തികളാണ്.

പോപ്പുലര്‍ ഫ്രണ്ടിന്റെ പിറവി 

നാഷണല്‍ ഡെവലപ്പ്‌മെന്റ് ഫ്രണ്ടിന്റെ (എന്‍ഡിഎഫ്) പിന്‍ഗാമിയായിട്ടാണ് 2006ല്‍ പിഎഫ്‌ഐ പിറവിയെടുത്തത്. കേരളത്തിലെ എന്‍ഡിഎഫ് തമിഴ്‌നാട്ടിലെ 'മനിത നീതിപസരൈ', കര്‍ണാടക ഫോറം ഫോര്‍ ഡിഗ്‌നിറ്റി (കെഎഫ്ഡി) തുടങ്ങിയ തീവ്രവാദ സംഘടനകള്‍ ചേര്‍ന്നാണ് പിഎഫ്‌ഐ രൂപവത്കരിച്ചത്. സാമൂഹികനീതി, മനുഷ്യാവകാശസംരക്ഷണം തുടങ്ങിയ പ്രശ്‌നങ്ങളുയര്‍ത്തിയാണ് ഈ സംഘടന രംഗത്തുവന്നത്. ആര്‍എസ്എസിനെപ്പോലെ പോപ്പുലര്‍ ഫ്രണ്ടിനും വിവിധ പോഷകസംഘടനകളുണ്ട്. അതിലൊന്നാണ് കാമ്പസ് ഫ്രണ്ട് ഓഫ് ഇന്ത്യ. പോപ്പുലര്‍ ഫ്രണ്ടിന്റെ ആസ്ഥാനം ദല്‍ഹിക്കടുത്ത നോയ്ഡയാണ്.

രൂപവത്കരണകാലംതൊട്ട് പോപ്പുലര്‍ ഫ്രണ്ട് ഒട്ടേറെ മുസ്ലിം തീവ്രവാദസംഘടനകളുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചുവരികയാണ്. ഒട്ടേറെ അക്രമങ്ങള്‍ക്ക് ഇവര്‍ നേതൃത്വം നല്‍കിയിട്ടുണ്ട്. ഒരു ചോദ്യപ്പേപ്പറില്‍ മുഹമ്മദ് നബിയെ അധിക്ഷേപിച്ചു എന്നാരോപിച്ചാണ് കോളേജ് അധ്യാപകനായിരുന്ന പ്രൊഫസര്‍ ടി.ജെ. ജോസഫിന്റെ കൈ വെട്ടിയെറിഞ്ഞത്. 2013ല്‍ വടക്കന്‍ കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ പോലീസ് നടത്തിയ റെയ്ഡില്‍ പോപ്പുലര്‍ ഫ്രണ്ട് കേന്ദ്രങ്ങളില്‍നിന്ന് മാരകായുധങ്ങള്‍, തോക്കുകള്‍, ബോംബുകള്‍, വെടിമരുന്ന് തുടങ്ങിയവ കണ്ടെടുത്തിരുന്നു.

1977ല്‍ രൂപംകൊണ്ട ജമാ അത്തെ ഇസ്‌ലാമിയുടെ വിദ്യാര്‍ഥിസംഘടനയായിരുന്ന സിമി (സ്റ്റുഡന്റ് ഇസ്ലാമിക് മൂവ്‌മെന്റ് ഓഫ് ഇന്ത്യ) എന്ന തീവ്രവാദസംഘടനയുടെ പിന്മുറക്കാരാണ് പിഎഫ്‌ഐ. 1979ല്‍ ഇറാനിലുണ്ടായ ഇസ്ലാമിക വിപ്ലവത്തില്‍നിന്ന് ആവേശം കൊണ്ടാണ്, 'ഇന്ത്യയുടെ മോചനം ഇസ്ലാമിലൂടെ' എന്ന മുദ്രാവാക്യം സിമി ഉയര്‍ത്തിയത്. ഇന്ത്യയിലെ ഹിന്ദു തീവ്രവാദികള്‍ക്ക് വളരാനും മുസ്ലിംവിരുദ്ധ വികാരം ആളിക്കത്തിക്കാനും സിമി അവസരമൊരുക്കി. 1993ല്‍ സിമി നിരോധിക്കപ്പെട്ടു. പരസ്യപ്രവര്‍ത്തനത്തിന് അവസരം നഷ്ടപ്പെട്ട സിമി നേതാക്കള്‍ക്കുകൂടി പങ്കുള്ള സംഘടനയാണ് പിന്നീട് രൂപംകൊണ്ട എന്‍ഡിഎഫ് തുടര്‍ന്നാണ് പിഎഫ്‌ഐ. രൂപം കൊള്ളുന്നത്. പോപ്പുലര്‍ ഫ്രണ്ടിന്റെ ദേശീയ ചെയര്‍മാന്‍ അബ്ദുള്‍ റഹ്മാന്‍, സിമിയുടെ ദേശീയ സെക്രട്ടറിയായിരുന്നു. സംസ്ഥാനസെക്രട്ടറി അബ്ദുള്‍ ഹമീദ് മാസ്റ്റര്‍ സിമിയുടെ സംസ്ഥാനസെക്രട്ടറിയായിരുന്നു. കേരളത്തിലെ മുസ്ലിം തീവ്രവാദത്തിന്റെ താത്ത്വികാചാര്യന്മാരില്‍ ഒരാളായ പ്രൊഫസര്‍ കോയ (കോഴിക്കോട്) മുന്‍ സിമി നേതാവാണ്. സിമിയുടെ നേതൃത്വത്തിലുണ്ടായിരുന്ന ഏതാണ്ടെല്ലാവരും പോപ്പുലര്‍ ഫ്രണ്ടിന്റെ വിവിധ സ്ഥാനങ്ങള്‍ വഹിക്കുന്നു. പോപ്പുലര്‍ ഫ്രണ്ടിന്റെ ഇപ്പോഴത്തെ പ്രസിഡന്റ് ഇ. അബൂബക്കറാണ്.

കേരളത്തിലെ അക്രമങ്ങള്‍

2013 ഏപ്രിലില്‍ കണ്ണൂരിലെ നാറാത്ത്, പോപ്പുലര്‍ ഫ്രണ്ടിന്റെ ക്യാമ്പില്‍ പോലീസ് നടത്തിയ പരിശോധനയില്‍ അവരുടെ തീവ്രവാദബന്ധം തെളിയിക്കുന്ന ഒട്ടേറെ രേഖകള്‍ കണ്ടെടുത്തു. 21 പ്രവര്‍ത്തകരെ അറസ്റ്റുചെയ്തു. തണല്‍ ചാരിറ്റബിള്‍ ട്രസ്റ്റിന്റെ ഓഫീസ് കെട്ടിടത്തിലാണ് റെയ്ഡ് നടന്നത്. ഈ സംഭവം സംബന്ധിച്ച് പിന്നീട് എന്‍ഐഎ. അന്വേഷണം നടത്തിയിരുന്നു. 2012ല്‍ കേരളസര്‍ക്കാര്‍ ഹൈക്കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ സിപിഎം, ആര്‍എസ്എസ് സംഘടനകളില്‍പ്പെട്ട 27 പേരെ, പോപ്പുലര്‍ ഫ്രണ്ട് സംഘം കൊലപ്പെടുത്തിയതായി പറയുകയുണ്ടായി. ഇതിനു പുറമേ വര്‍ഗീയകൊലപാതകങ്ങള്‍, 86 വധശ്രമങ്ങള്‍, 106 വര്‍ഗീയ സംഘര്‍ഷങ്ങള്‍ എന്നിവയിലും പോപ്പുലര്‍ ഫ്രണ്ട് -എന്‍ഡിഎഫ്. പ്രവര്‍ത്തകര്‍ക്ക് പങ്കുണ്ടെന്ന് 2014ല്‍ കേരള സര്‍ക്കാര്‍ ഹൈക്കോടതിയില്‍ ബോധിപ്പിച്ചു. പോപ്പുലര്‍ ഫ്രണ്ടിന്റെ മുഖപത്രമായ തേജസിന് സര്‍ക്കാര്‍ പരസ്യങ്ങള്‍ നല്‍കുന്നില്ലെന്ന് ആക്ഷേപിച്ച് പത്ര മാനേജ്‌മെന്റ് ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജിക്ക് മറുപടിയായിട്ടാണ് സര്‍ക്കാര്‍ ഇക്കാര്യങ്ങള്‍ ബോധിപ്പിച്ചത്. 2003ലെ മാറാട് കൂട്ടക്കൊല നടത്തിയത് പോപ്പുലര്‍ ഫ്രണ്ടിന്റെ സംഘമായിരുന്നു. കേരളത്തില്‍ ഒരു സംഘടന നടത്തിയ ഏറ്റവും വലിയ ഈ കൂട്ടക്കൊലയില്‍ എട്ട് ആര്‍എസ്എസുകാരാണ് കൊല്ലപ്പെട്ടത്. പ്രതികളുടെ കേസ് നടത്തിയതും അവര്‍ക്ക് സംരക്ഷണം നല്‍കിയതും പോപ്പുലര്‍ ഫ്രണ്ടായിരുന്നു.

2005ല്‍ ബേപ്പൂര്‍ പോര്‍ട്ടിലെ ബോട്ടില്‍ നടന്ന ബോംബ് സ്‌ഫോടനവും 2006ല്‍ കോഴിക്കോട് ബസ്സ്റ്റാന്‍ഡിലെ സ്‌ഫോടനവും പോപ്പുലര്‍ ഫ്രണ്ട് നടത്തിയതായിരുന്നു. രാജ്യത്തിന്റെ പല ഭാഗത്തേക്കും തീവ്രവാദികളെ റിക്രൂട്ട് ചെയ്തയക്കുന്നതായും ഇവരെക്കുറിച്ച് പരാതി ഉയര്‍ന്നിട്ടുണ്ട്. അങ്ങനെ റിക്രൂട്ട് ചെയ്ത് കശ്മീരിലേക്കയച്ച നാല് കേരളീയര്‍ 2008ല്‍ കശ്മീരില്‍ പട്ടാളവുമായി ഏറ്റുമുട്ടി കൊല്ലപ്പെട്ടു. തീവ്രവാദി റിക്രൂട്ട്‌മെന്റ് കേസില്‍ 18 പേരെ പോലീസ് അറസ്റ്റുചെയ്തു. ലഷ്‌കറെ തൊയ്ബയുടെ ദക്ഷിണേന്ത്യയിലെ പ്രവര്‍ത്തകനായ തടിയന്റവിട നസീര്‍ മേഘാലയയില്‍ അറസ്റ്റു ചെയ്യപ്പെട്ടു. കണ്ണൂര്‍ സ്വദേശിയായ നസീര്‍ ബെംഗളൂരു സ്‌ഫോടനക്കേസിലെ പ്രധാന പ്രതിയാണ്. പോപ്പുലര്‍ ഫ്രണ്ടും ഹുജി (ഹര്‍ക്കത്-ഇല്‍-ജിഹാദ്-അല്‍-ഇസ്‌ലാം) എന്ന തീവ്രവാദ സംഘടനയുമായി ബന്ധപ്പെട്ടതിന്റെ തെളിവും പോലീസിന് ലഭിച്ചു.

മൊബൈല്‍ഫോണ്‍ വഴിയുള്ള സന്ദേശങ്ങളിലൂടെ ഭീതി പരത്തുകയും കലാപങ്ങള്‍ സൃഷ്ടിക്കുകയും ചെയ്യുന്നതില്‍ പ്രത്യേക വൈദഗ്ധ്യം നേടിയവരാണ് പോപ്പുലര്‍ ഫ്രണ്ട്. തെക്കേ ഇന്ത്യയില്‍ ജോലിചെയ്യുന്ന വടക്കുകിഴക്കന്‍ സംസ്ഥാനക്കാരെ ഭയപ്പെടുത്തി, നാട്ടിലേക്ക് തിരിച്ചുപോകാന്‍ പ്രേരിപ്പിച്ച വാട്‌സാപ്പ് പ്രചാരണം ഇവര്‍ സംഘടിപ്പിച്ചു. ജമ്മു കശ്മീരിലെ കഠുവയിലെ പെണ്‍കുട്ടിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതിഷേധിക്കാന്‍, കേരളത്തില്‍ വാട്‌സാപ്പ് സന്ദേശങ്ങളിലൂടെ ഹര്‍ത്താല്‍ നടത്തിയതും പോപ്പുലര്‍ ഫ്രണ്ടാണ്. മൊബൈല്‍ ഫോണ്‍ വില്‍പ്പന ഷോപ്പുകളിലെ നടത്തിപ്പുകാരിലും ജീവനക്കാരിലും ഒരു വിഭാഗം തീവ്രവാദികളുടെ സ്വാധീനത്തിലാണ്. ഇവരെ ഉപയോഗിച്ചാണ്, വാട്‌സാപ്പ് പ്രചാരണം നടത്തുന്നത്.

കേരളത്തില്‍ എന്‍ഡിഎഫ്, പോപ്പുലര്‍ ഫ്രണ്ട്, എസ്ഡിപിഐ കൊലയാളി സംഘങ്ങള്‍ 1995 മുതല്‍ 2018 വരെ ആസൂത്രിതമായി കൊന്നത് 31 പേരെയാണ്. 2000-2018 കാലത്ത് 14 കൊലപാതകങ്ങളാണ് ഇവര്‍ നടത്തിയത്. കൊല്ലപ്പെട്ടവരുടെ പട്ടിക പ്രത്യേകം കൊടുത്തിട്ടുണ്ട്.

ഗ്രീന്‍വാലി, സത്യസരണി

മഞ്ചേരി 'ഗ്രീന്‍വാലി' പോപ്പുലര്‍ ഫ്രണ്ടിന്റെ എല്ലാ വിധ്വംസക പ്രവര്‍ത്തനങ്ങളുടെയും ആസൂത്രണ നിര്‍വഹണകേന്ദ്രമാണ്. മഞ്ചേരിയിലെ പ്രമുഖ സിഐടിയു നേതാവും സിപിഎം ലോക്കല്‍ കമ്മിറ്റി അംഗവുമായ ഷംസുദീനെ, എന്‍ഡിഎഫ്. റൗഡികള്‍ വെട്ടിനുറുക്കി. ഈശ്വര നിഷേധിയാണെന്നാരോപിച്ചായിരുന്നു ആക്രമണം. തലനാരിഴ വ്യത്യാസത്തിനാണ് ഷംസുദീന്‍ മരണത്തില്‍നിന്ന് രക്ഷപ്പെട്ടത്. മഞ്ചേരി ടൗണിലെ 'സദാചാര പോലീസായി' ഈ സംഘം പ്രവര്‍ത്തിക്കുന്നു. മഞ്ചേരി യൂണിറ്റി വിമന്‍സ് കോളേജിലെ വിദ്യാര്‍ഥി തസ്‌നിബാനു യുക്തിവാദിയായ കൊടവണ്ടി നാസറുമായി പ്രണയത്തിലേര്‍പ്പെട്ടപ്പോള്‍ എന്‍ഡിഎഫ് സംഘം ആ ബന്ധം ഉപേക്ഷിക്കാന്‍ പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തി. ആ പെണ്‍കുട്ടി വഴങ്ങിയില്ല. തുടര്‍ന്ന് തസ്‌നിബാനുവിന്റെ വീട്ടുകാരെ ഭയപ്പെടുത്തി കുട്ടിയെ വീട്ടുതടങ്കലിലാക്കി. ഒരു ദിവസം എങ്ങനെയോ രക്ഷപ്പെട്ട് പുറത്തുവന്ന തസ്‌നിബാനു നാസറുമായി രജിസ്റ്റര്‍ വിവാഹം ചെയ്തു. ഈ വിവാഹത്തിന് സാക്ഷികളായ യുക്തിവാദി സംഘടനാ നേതാവായ ഇ.എ. ജബ്ബാറിനെയും ഭാര്യയെയും എന്‍ഡിഎഫ് റൗഡികള്‍ വീട്ടില്‍ കയറി തല്ലിച്ചതച്ചു. പോപ്പുലര്‍ ഫ്രണ്ടിന്റെ ക്രിമിനല്‍ സങ്കേതമായ ഗ്രീന്‍വാലി പരിസരത്തുള്ള മുസ്ലിം വീടുകളിലെ പുരുഷന്മാരില്‍ 'സുബ്ഹി' നമസ്‌കാരത്തിന് പള്ളിയില്‍ പോകാത്തവരെ വീട്ടിലെത്തി ഭീഷണിപ്പെടുത്തലും പതിവാണ്. ഒരു തരം താലിബാനിസമാണ് ഇവര്‍ നടപ്പാക്കുന്നത്.

മറ്റുമതങ്ങളില്‍ നിന്നുമാറി ഇസ്ലാം മതം സ്വീകരിക്കുന്നവരെ മതം പഠിപ്പിക്കുകയും സംരക്ഷിക്കുകയും ചെയ്യുന്ന മഞ്ചേരിയിലെ ഇവരുടെ കേന്ദ്രമാണ് സത്യസരണി;. ഹാദിയ ഈ കേന്ദ്രത്തില്‍ എത്തിയിട്ടുണ്ടായിരുന്നു. തിരുവനന്തപുരം സ്വദേശിനി അപര്‍ണ എന്ന പെണ്‍കുട്ടിയെ മതംമാറ്റി മലപ്പുറത്തെ ആഷിക് എന്ന ആളുമായി വിവാഹം ചെയ്യിച്ചത് സത്യസരണിയില്‍ വെച്ചാണ്. പോലീസ് നടത്തിയ പരിശോധനയില്‍ ഹിന്ദു-ക്രിസ്ത്യന്‍ മതങ്ങളില്‍പ്പെട്ട എഴുപതോളം പേരെ മതപഠനത്തിനും മതപരിവര്‍ത്തനത്തിനുമായി സത്യസരണിയില്‍ എത്തിച്ചതായി കണ്ടെത്തി. മതപരിവര്‍ത്തനത്തിനുശേഷം, സുരക്ഷിതമായി താമസിക്കാനും ഇസ്ലാംമത പഠനത്തിനുമായി മലപ്പുറം ജില്ലയിലെ വാഴക്കാട് പഞ്ചായത്തില്‍ പാലക്കുഴി എന്ന സ്ഥലത്ത് പോപ്പുലര്‍ ഫ്രണ്ട് പ്രത്യേകം വീടുകള്‍ നിര്‍മിച്ചൊരുക്കിയിട്ടുണ്ട്.

എന്തിനും 'ഇര'പരിവേഷം

ഇസ്ലാം എന്നാല്‍ സമാധാനം എന്നാണര്‍ഥം. എന്നാല്‍, പോപ്പുലര്‍ ഫ്രണ്ട് ഉള്‍പ്പെടെ, ഒരു മുസ്ലീം തീവ്രവാദസംഘടനയും ആ ഇസ്ലാമിനെ അംഗീകരിക്കുന്നില്ല. പോപ്പുലര്‍ ഫ്രണ്ടും കൂട്ടാളികളും അവരുടെ ബീഭത്സമുഖം മറച്ചുപിടിക്കാനും സംരക്ഷണത്തിനുമായി മനുഷ്യാവകാശസംരക്ഷണത്തിന്റെ മറ കെട്ടി ഉയര്‍ത്തും. സംഘപരിവാറിന്റെ അതിക്രമങ്ങളുടെ ഇര എന്ന പരിവേഷം ചാര്‍ത്തി ചില ശുദ്ധാത്മാക്കളെ തങ്ങള്‍ക്കുചുറ്റും അണിനിരത്തും. ചില ബുദ്ധിജീവികളെ വിലയ്‌ക്കെടുക്കും. അവര്‍ നടത്തുന്ന പത്രസ്ഥാപനങ്ങളുടെയും മറ്റും തലപ്പത്തിരുത്തി ഉയര്‍ന്ന പ്രതിഫലം നല്‍കും. ഈ തീവ്രവാദ സംഘം നടത്തുന്ന കൊലപാതകങ്ങളെക്കുറിച്ചും വിധ്വംസക പ്രവര്‍ത്തനങ്ങളെക്കുറിച്ചും പോലീസ് നടപടി ഉണ്ടായാല്‍ മനുഷ്യാവകാശ പ്രവര്‍ത്തകരായ ചിലരെ കവചമാക്കും. ഇതെല്ലാം ബോധപൂര്‍വമായ തിരക്കഥയനുസരിച്ചാണ്.

ഇന്ത്യയില്‍ ഹിന്ദുരാഷ്ട്രവാദമുയര്‍ത്തി മതനിരപേക്ഷതയും ജനാധിപത്യവും തകര്‍ക്കാന്‍ ശ്രമിക്കുന്ന സംഘപരിവാര്‍ ശക്തികള്‍ക്കെതിരേ വിപുലമായ ഐക്യം കെട്ടിപ്പടുക്കാന്‍ ഇടതുപക്ഷമതനിരപേക്ഷ ശക്തികള്‍ ശ്രമിച്ചു വരികയാണ്. ഇത്തരമൊരു സാഹചര്യത്തില്‍, മതപരമായ സ്പര്‍ധയും ഭിന്നതയും സൃഷ്ടിക്കുന്ന പോപ്പുലര്‍ ഫ്രണ്ടുള്‍പ്പെടെയുള്ള തീവ്രവാദശക്തികളുടെ ലക്ഷ്യം ബിജെപി സര്‍ക്കാരിന്റെ ജനവിരുദ്ധനയങ്ങള്‍ക്കും സംഘപരിവാറിന്റെ വര്‍ഗീയഭീഷണിക്കുമെതിരായ മുന്നേറ്റങ്ങളെ ദുര്‍ബലപ്പെടുത്തുക എന്നതാണ്. ഇവര്‍ മുസ്ലീങ്ങളുടെ ശത്രുക്കളാണ്. കേരളത്തിലെ മുസ്ലീം ജനതയില്‍ 90 ശതമാനത്തിലധികം വരുന്ന സുന്നി മുസല്‍മാന്‍ ഇത്തരം തീവ്രവാദങ്ങളെ തുറന്നെതിര്‍ക്കുന്നത് ഈ സാഹചര്യത്തിലാണ്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.