ബിഷപ്പിനെതിരെ പീഡന പരാതി: കര്‍ദിനാളിന്റെ മൊഴിയെടുക്കും

Tuesday 10 July 2018 1:12 am IST

കോട്ടയം: ജലന്ധര്‍ ബിഷപ് ഫ്രാങ്കോ മുളയ്ക്കനെതിരായ കന്യാസ്ത്രീയുടെ പീഡന പരാതിയില്‍ കര്‍ദിനാള്‍ മാര്‍ ആലഞ്ചേരിയില്‍നിന്ന് അന്വേഷണസംഘം മൊഴിയെടുക്കും.  പാലാ ബിഷപ്, കുറവിലങ്ങാട് വികാരി എന്നിവരില്‍നിന്നും മൊഴിയെടുത്തേക്കും. ബിഷപ്പിനെതിരായ പരാതി കര്‍ദിനാള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് നല്‍കിയിരുന്നതായി പരാതിക്കാരി പോലീസിന് മൊഴി നല്‍കിയിരുന്നു. എന്നാല്‍ തനിക്ക് പരാതി ലഭിച്ചില്ലെന്നായിരുന്നു കര്‍ദിനാളിന്റെ നിലപാട്. 

ആരുടെയും ഭാഗത്ത് നിന്നും നടപടി ഉണ്ടാകാത്തതിനെ തുടര്‍ന്നാണ് പോലീസിനെ സമീപിച്ചതെന്നും കന്യാസ്ത്രീ അന്വേഷണസംഘത്തോട് വ്യക്തമാക്കിയിരുന്നു. പരാതിയുടെ പകര്‍പ്പ് കഴിഞ്ഞ ദിവസം കന്യാസ്ത്രീയുടെ കുടുംബം അന്വേഷണസംഘത്തിന് കൈമാറിയെന്നാണ് വിവരം. 

ഇതിനിടെ കന്യാസ്ത്രീ മൊഴിയില്‍ ഉറച്ച് നിന്നിട്ടും ബിഷപ്പിനെ അറസ്റ്റ് ചെയ്യാത്തതില്‍ സഭയ്ക്കുള്ളിലും പുറത്തും അതൃപ്തിയാണ്. പോലീസിന്റെ സമീപനം ഏറെ വിമര്‍ശനം ഉണ്ടാക്കി. പോലീസിന്റെ അന്വേഷണരീതിയില്‍ ദേശീയ വനിതാ കമ്മീഷന്‍ അധ്യക്ഷ തന്നെ അതൃപ്തി രേഖപ്പെടുത്തിയിരുന്നു. ബിഷപ്പിന് രക്ഷപ്പെടാനുള്ള അവസരമൊരുക്കുകയാണെന്നാണ് ആക്ഷേപം. അതേസമയം ചങ്ങനാശ്ശേരി മജിസ്‌ട്രേറ്റ് കോടതിയില്‍ കന്യാസ്ത്രീ നല്‍കിയ മൊഴിയുടെ പകര്‍പ്പ് ലഭിച്ചാല്‍ ബിഷപ്പിനെ ചോദ്യം ചെയ്യാന്‍ വിളിപ്പിക്കുമെന്നാണ് അന്വേഷണസംഘം നല്‍കുന്ന വിവരം.

ബിഷപ്പിനെ കന്യാസ്ത്രീയുടെ ബന്ധുക്കള്‍ ഭീഷണിപ്പെടുത്തിയെന്ന പരാതിയുടെ നിജസ്ഥിതിയെക്കുറിച്ചും പോലീസ് അന്വേഷണം ഊര്‍ജിതമാക്കി. ഈ പരാതിയില്‍ പറയുന്ന കാര്യങ്ങളില്‍ സംശയമുണ്ടെന്നാണ് അന്വേഷണസംഘം നല്‍കുന്ന സൂചന. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.