വികാരിമാരുടെ പീഡനം; സര്‍ക്കാരും സിപിഎമ്മും നാടകം കളിക്കുന്നു

Tuesday 10 July 2018 1:16 am IST

പത്തനംതിട്ട: ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ തങ്ങള്‍ക്ക് അനുകൂലമായി നിലപാട് എടുത്തിട്ടും  മലങ്കര ഓര്‍ത്തഡോക്‌സ് സഭയോടു പ്രീണന നയമില്ലെന്നു വരുത്താന്‍ എല്‍ഡിഎഫ് സര്‍ക്കാരും സിപിഎമ്മും നാടകം കളിക്കുന്നു.  ലൈംഗികവിവാദത്തില്‍പെട്ട  വികാരിമാരെ രക്ഷപ്പെടുത്താന്‍ കേസുകള്‍ ദുര്‍ബലപ്പെടുത്താനുള്ള നീക്കങ്ങള്‍  നടത്തുമ്പോള്‍ സിപിഎം സഹയാത്രികനായ പുരോഹിതനെ സഭാനേതൃത്വത്തിനെതിരെ രംഗത്തിറക്കിയതാണ്  നാടകം.

സഭാക്കേസുകളിലടക്കം ഓര്‍ത്തഡോക്‌സ് സഭയ്ക്ക്  അനുകൂല നിലപാടാണ്  സര്‍ക്കാര്‍ സ്വീകരിച്ചിരുന്നത്.  ഇത്  യാക്കോബായ സഭയുടെ ശക്തികേന്ദ്രങ്ങളായ പിറവത്തും പെരുമ്പാവൂരിലുമടക്കം   നഷ്ടമുണ്ടാക്കും എന്ന തിരിച്ചറിവും സിപിഎമ്മിനുണ്ട്.  ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ ഓര്‍ത്തഡോക്‌സ് സഭയെ പ്രീണിപ്പിക്കാന്‍ മുഖ്യമന്ത്രി അടക്കം രംഗത്തുണ്ടായിരുന്നു. ബിഷപ്പുമാര്‍ അടക്കം  എല്‍ഡിഎഫിനൊപ്പമെന്നു പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.  ചെങ്ങന്നൂര്‍ വിജയത്തിനു പിന്നാലെ ഓര്‍ത്തഡോക്‌സ് സഭയിലെ പുരോഹിതരുള്‍പ്പെട്ട സ്ത്രീപീഡനക്കേസുകള്‍ വന്നതോടെ സിപിഎം വെട്ടിലായി. ഇതിനെതിരെ സര്‍ക്കാരോ പാര്‍ട്ടിയോ പ്രതികരിച്ചിട്ടില്ല. ഇരയുടെ പരാതിയില്ലാതെ കേസെടുത്ത് അന്വേഷിക്കാനാവില്ലെന്നു പറഞ്ഞിരുന്നവര്‍  ദേശീയ വനിതാ കമ്മീഷന്‍ വിഷയത്തില്‍ ഇടപെട്ടതോടെയാണ്  ക്രൈംബ്രാഞ്ച് അന്വേഷണം പ്രഖ്യാപിച്ചത്. അതേസമയം അന്വേഷണസംഘത്തില്‍ ഓര്‍ത്തഡോക്‌സ് സഭാ ബന്ധമുള്ളവരെ ഉള്‍പ്പെടുത്തുകയും ചെയ്തു.

കുറ്റകൃത്യത്തെക്കുറിച്ച് വിവരം ലഭിച്ചാല്‍  കേസ് രജിസ്റ്റര്‍ ചെയ്യണമെന്നാണ് നിയമം എന്നിരിക്കെ കേസെടുക്കാതിരുന്നതും സഭയെ പ്രീണിപ്പിക്കാനായിരുന്നു. തന്റെ ഭാര്യയെ അഞ്ച് പുരോഹിതര്‍  ലൈംഗികചൂഷണം നടത്തിയെന്ന്  ഭര്‍ത്താവ് സഭാ തലവനും മറ്റ് ബിഷപ്പുമാര്‍ക്കും രേഖാമൂലം പരാതി നല്‍കിയിട്ടും പോലീസില്‍ വിവരമറിയിക്കാത്ത സഭാനേതൃത്വത്തിനെതിരെ  ജാമ്യമില്ലാ വകുപ്പു പ്രകാരം കേസെടുക്കേണ്ടതാണ്. ഓര്‍ത്തഡോക്‌സ് സഭയുമായി ഭരണകൂടവും സിപിഎമ്മും ഒത്തുകളിക്കുന്നതാണ് ഇത് ചെയ്യാതിരിക്കാന്‍ കാരണം. 

നിലയ്ക്കല്‍ ഭദ്രാസനത്തിലെ ഒരു വികാരിക്കെതിരെ  പരാതി ഉന്നയിച്ചാണ്  സിപിഎം സഹയാത്രികനായ ഫാ. മാത്യൂസ് വാഴക്കുന്നം സഭാ നേതൃത്വത്തിനെതിരെ രംഗത്തുവന്നത്. സിപിഎം നേതാക്കളുടെ അറിവോടെയാണിത്. ഒരു ഇടവകയിലെയും വികാരി സ്ഥാനം അദ്ദേഹത്തിനില്ല. മുമ്പു പല തവണ അച്ചടക്ക നടപടിക്കു വിധേയനായിട്ടുള്ള വികാരി കൂടിയാണ്. 

ഒരു വശത്ത് സഭയെ സഹായിക്കുന്നുവെന്ന് വരുത്തി തീര്‍ക്കുകയും മറുവശത്ത് തങ്ങളുടെ സഹയാത്രികരെ കൊണ്ടുതന്നെ സഭയെ കൂടുതല്‍ സമ്മര്‍ദത്തിലാക്കി വരുന്ന തെരഞ്ഞെടുപ്പില്‍ രാഷ്ട്രീയ നേട്ടം കൊയ്യുകയെന്ന ഗൂഢലക്ഷ്യവും ഇതിനു പിന്നിലുണ്ട്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.