മാലിന്യക്കിണറിലെ വിഷവാതകം ശ്വസിച്ച് തൊഴിലാളികള്‍ മരിച്ചു

Tuesday 10 July 2018 1:21 am IST

ഘാസിയാബാദ്: ഉത്തര്‍പ്രദേശിലെ ഘാസിയാബാദില്‍ മാലിന്യസംസ്‌കരണ പ്ലാന്റിലെ കിണര്‍ ശുദ്ധീകരിക്കാന്‍ ഇറങ്ങിയ മൂന്നു തൊഴിലാളികള്‍ വിഷവായു ശ്വസിച്ച് മരിച്ചു. 

ഘാസിയാബാദിലെ ലോണി എന്ന പ്രദേശത്താണ് ദുരന്തം. ഇന്നലെ രാവിലെ പത്തു മണിയോടെ മാലിന്യം നീക്കാന്‍ റോഷന്‍ ലാല്‍ എന്ന തൊഴിലാളി കിണറ്റിലിറങ്ങി. മാലിന്യത്തില്‍ നിന്നുയര്‍ന്ന വിഷവാതകം ശ്വസിച്ച് റോഷന്‍ (40) കുഴഞ്ഞുവീണു.

പത്തു മിനിറ്റിലേറെ കഴിഞ്ഞിട്ടും റോഷന്‍ കയറി വരാഞ്ഞതിനാല്‍ മഹേഷ് (35), ബാബുലാല്‍ (26) എന്നീ തൊഴിലാളികള്‍  കിണറ്റിലേക്ക് ഇറങ്ങി. റോഷനെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ അവരും വിഷവാതകം ശ്വസിച്ച് കുഴഞ്ഞുവീണു എന്നാണ് കരുതുന്നത്. പ്ലാന്റിലെ കരാറുകാരന്‍ നിയമിച്ച തൊഴിലാളികളാണ് ഇവര്‍. 

മഹേഷിന്റേയും ബാബുലാലിന്റേയും നിലവിളി ശബ്ദം കേട്ട് പ്രദേശവാസികളില്‍ ചിലര്‍ കിണറ്റിലിറങ്ങാന്‍ ശ്രമിച്ചെങ്കിലും വിഷവാതകത്തിന്റെ സാന്നിധ്യം തിരിച്ചറിഞ്ഞപ്പോള്‍ തിരിച്ചു കയറി. അറുപതടി ആഴത്തിലുള്ള കിണറ്റില്‍ നാലടിയോളം കനത്തില്‍ മാലിന്യം കുന്നുകൂടിയിരിക്കുകയാണ്. മീതൈന്‍ അടക്കമുള്ള വിഷവാതകങ്ങളുടെ സാന്നിധ്യമാണ് കണ്ടെത്താന്‍ കഴിഞ്ഞത്. 

രക്ഷാപ്രവര്‍ത്തനത്തിന് എത്തിയ ദേശീയ ദുരന്ത നിവാരണ സംഘത്തിലെ അംഗങ്ങള്‍ ഓക്‌സിജന്‍ സിലിണ്ടര്‍ ഉണ്ടായിരുന്നിട്ടും കിണറ്റിലിറങ്ങിയപ്പോള്‍ അസ്വസ്ഥത പ്രകടിപ്പിച്ചതായി പോലീസ് പറഞ്ഞു. 

സംഭവത്തെക്കുറിച്ച് അന്വേഷണത്തിന് ജില്ലാ മജിസ്‌ട്രേറ്റ് റിതു മഹേശ്വരി ഉത്തരവിട്ടു. പ്ലാന്റിന്റെ നടത്തിപ്പുകാര്‍ക്കെതിരെ കേസെടുത്തു. 

 

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.