വാഹന ഇന്‍ഷ്വറന്‍സ് കാലാവധി നീട്ടുന്നു

Tuesday 10 July 2018 1:28 am IST

മട്ടാഞ്ചേരി: വാഹനങ്ങളുടെ ഇന്‍ഷ്വറന്‍സ് പരിരക്ഷ കാലാവധി നീട്ടുന്നു. ഒറ്റത്തവണ പ്രീമിയത്തില്‍ നിലവിലുള്ള പ്രതിവര്‍ഷ കാലാവധിയില്‍ നിന്ന് ഇരുചക്രവാഹനങ്ങള്‍ക്ക് അഞ്ച് വര്‍ഷവും ഓട്ടോറിക്ഷാ കാറുകള്‍ എന്നിവയ്ക്ക് മൂന്ന് വര്‍ഷവുമായി ദീര്‍ഘിപ്പിക്കാനാണ് ആലോചന. അധിക കാലാവധി പരിരക്ഷയില്‍ മൂന്നാം കക്ഷിക്കുള്ള  നഷ്ടപരിഹാരം മാത്രമേ ഉള്‍പ്പെടൂ. 

വാഹന പരിരക്ഷയ്ക്ക് നിലവിലുള്ള പ്രതിവര്‍ഷ കാലാവധിയായിരിക്കും.  ഇന്‍ഷ്വറന്‍സ് പുതുക്കാന്‍ മലിനീകരണ നിയന്ത്രണ സര്‍ട്ടിഫിക്കറ്റും നിര്‍ബന്ധമാക്കും. ഇതുമായി ബന്ധപ്പെട്ട് നാല് പൊതുമേഖലാ ഇന്‍ഷ്വറന്‍സ് കമ്പനികളോടും സ്വകാര്യമേഖലാ കമ്പനികളോടും ഇന്‍ഷ്വറന്‍സ് റഗുലേറ്ററി അതോറിറ്റി റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടുണ്ട്.

നിലവിലുള്ള പ്രീമിയം തുകയില്‍ നിശ്ചിത ശതമാനം അധികമീടാക്കി വാഹന ഉടമകളെ ആകര്‍ഷിക്കുന്ന രീതിയാണ് നടപ്പിലാക്കുക. നിലവില്‍ രാജ്യത്ത് രജിസ്റ്റര്‍ ചെയ്ത വാഹനങ്ങളില്‍ 60 ശതമാനത്തിലെറെ ഇരുചക്ര വാഹനങ്ങളും. 

30 ശതമാനത്തോളം കാറുകളടക്കമുള്ളവയും ഇന്‍ഷ്വറന്‍സില്ലാതെയാണ് നിരത്തിലോടുന്നത്. 

പത്ത് വര്‍ഷത്തിനകം ഇന്‍ഷ്വറന്‍സ് പ്രീമിയത്തിലുണ്ടായ വര്‍ധന ഇരട്ടിയിലേറെയാണ്. ഇത് വാഹന ഉടമകളെ പിന്തിരിപ്പിക്കുകയാണ്. 

വര്‍ധിച്ചു വരുന്ന അപകടങ്ങളെ തുടര്‍ന്ന് നഷ്ടപരിഹാരം നല്‍കുന്നതിലൂടെ ഇന്‍ഷ്വറന്‍സ് കമ്പനികള്‍ നഷ്ടങ്ങളിലേയ്ക്ക് കൂപ്പുകുത്തുകയാണ്. പ്രതിദിനം ശരാശരി 1,374 അപകടങ്ങളും 400 ഓളം അപകടമരണങ്ങളും നടക്കുന്നതായാണ് കണക്ക്. 

ഒറ്റ പ്രീമിയം ദീര്‍ഘകാലാവധിയിലൂടെ കൂടുതല്‍ വാഹനങ്ങളെ ഇന്‍ഷ്വറന്‍സ് പരിധിയിലേയ്ക്ക് ആകര്‍ഷിക്കാനാകുമെന്നാണ് ഐആര്‍ഡിഎ വിലയിരുത്തല്‍. അടുത്ത സാമ്പത്തിക വര്‍ഷത്തില്‍ പുതിയ നയം നടപ്പിലാക്കാനാണ് നടപടികള്‍ നടക്കുന്നത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.