ഏലത്തിന് അഴുകല്‍ രോഗം: കര്‍ഷകര്‍ പ്രതിസന്ധിയില്‍

Tuesday 10 July 2018 1:27 am IST

നെടുങ്കണ്ടം: ഉടുമ്പന്‍ചോല മേഖലയില്‍ ഏലത്തിന് വ്യാപകമായി അഴുകല്‍ രോഗം. മെച്ചപ്പെട്ട വില ലഭിക്കുന്ന സമയത്ത് ഏലത്തിനുണ്ടായ രോഗം കര്‍ഷകരെ  പ്രതിസന്ധിയിലാക്കി. ഉടുമ്പന്‍ചോല, മൈലാടുംപാറ, പാറത്തോട്, പൊത്തക്കള്ളി, ആനക്കല്ല്, കോമ്പയാര്‍ മേഖലകളിലെ ഏലത്തോട്ടങ്ങളിലാണ് വ്യാപകമായ ചീയല്‍ രോഗം. കഴിഞ്ഞ വേനലില്‍ ചെടികള്‍ ഉണങ്ങി നശിച്ചതിന് പിന്നാലെയാണ് അഴുകല്‍രോഗം. വിളവെടുക്കുന്നതിന് പാകമായ സമയത്തുണ്ടായ ശക്തമായ മഴയാണ് കാരണം.

വിളവെടുക്കുവാന്‍ പാകമായ ഏലക്കായും ചിമ്പും, ശരവും ഉള്‍പ്പെടെയാണ് അഴുകുന്നത്. അടുത്ത ആഴ്ച വിളവെടുക്കേണ്ടിയിരുന്ന കായാണ് പൂര്‍ണമായും അഴുകി നശിച്ചത്. അഴുകല്‍ മറ്റു ചെടികളിലേക്ക് വ്യാപിക്കാതിരിക്കാന്‍ തോട്ടങ്ങളില്‍ പൂര്‍ണമായി അഴുകിയ ചെടികള്‍ വേരോടെ പിഴുതെടുത്ത് നശിപ്പിക്കുകയാണ്. വളപ്രയോഗം നടത്തിയിട്ടും തുടരുന്ന അഴുകല്‍ മൂലം കൃഷി തന്നെ പ്രതിസന്ധിയിലാണെന്ന് കര്‍ഷകര്‍ പറയുന്നു. 

രോഗം മൂലം ഉല്‍പാദനത്തില്‍ ഗണ്യമായ കുറവുണ്ടായിട്ടുമുണ്ട്. മഴക്കാലം ആരംഭിക്കുന്ന സമയത്ത് കര്‍ഷകര്‍ ബോഡോ മിശ്രിതം പ്രയോഗിച്ചിരുന്നു. എന്നാല്‍ മഴ ശക്തമായതോടെ അഴുകല്‍ വീണ്ടും വ്യാപകമാകുകയായിരുന്നു. പ്രതിരോധ മരുന്ന് വാങ്ങുന്നതിന് പതിനായിരക്കണക്കിന് രൂപയാണ് ചെലവാകുന്നത്. നിലവില്‍ ഏലത്തില്‍ നിന്നുള്ള വരുമാനം നിലച്ചിരിക്കുന്നതിനാല്‍ സര്‍ക്കാരിന്റെ സഹായമില്ലെങ്കില്‍ മുമ്പോട്ട് പോകാന്‍ പറ്റാത്ത സാഹചര്യമാണെന്ന് കര്‍ഷകര്‍ പറയുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.