മാറാട് കൂട്ടക്കൊല: എന്‍ഡിഎഫിനെ രക്ഷിച്ചത് സിപിഎം

Tuesday 10 July 2018 1:35 am IST

കോഴിക്കോട്:  മാറാട് കൂട്ടക്കൊലയുമായി ബന്ധപ്പെട്ട നിര്‍ണായക ഘട്ടത്തില്‍  എന്‍ഡിഎഫിനെ സംരക്ഷിച്ചത് സിപിഎം. ഇപ്പോള്‍ പോപ്പുലര്‍ ഫ്രണ്ടിനും എന്‍ഡിഎഫിനും എതിരെ രംഗത്തെത്തിയ സിപിഎം അന്ന്,  മുസ്ലിം ഭീകരതയുടെ   അടിവേര് കണ്ടെത്തണമെന്ന  ആവശ്യത്തെ അട്ടിമറിച്ചു. 2003 ല്‍ മാറാട് കൂട്ടക്കൊലയെ തുടര്‍ന്ന് സംഭവത്തിന് പിന്നിലെ ഭീകരബന്ധവും അന്താരാഷ്ട്ര ഗൂഢാലോചനയും സാമ്പത്തിക സ്രോതസ്സും കണ്ടെത്താന്‍ സിബിഐ അന്വേഷണം വേണമെന്ന ആവശ്യത്തെ ശക്തമായി എതിര്‍ത്തത് സിപിഎം ആയിരുന്നു.  ലീഗിനെയും നേതാക്കളെയും സംരക്ഷിക്കാന്‍ യുഡിഎഫ് സിബിഐ അന്വേഷണത്തെ എതിര്‍ത്തു.   എന്‍ഡിഎഫിനെ സംരക്ഷിക്കാനായിരുന്നു സിപിഎം സിബിഐ അന്വേഷണത്തെ എതിര്‍ത്തത്. 

മാറാട് അരയ സമാജം, ഹിന്ദു ഐക്യവേദി, ബിജെപി തുടങ്ങിയ സംഘടനകള്‍ സിബിഐ അന്വേഷണം തേടി  പ്രക്ഷോഭത്തിലായിരുന്നു. മാറാട് ജുഡീഷ്യല്‍ കമ്മീഷനു മുമ്പാകെ അന്നത്തെ സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ സിബിഐ അന്വേഷണത്തെ ശക്തിയുക്തം എതിര്‍ത്താണ് മൊഴി നല്‍കിയത്. 2004 ജൂലൈ 16 ന് കമ്മീഷന്‍ മുമ്പാകെ നല്‍കിയ  മൊഴിയില്‍ ''ഈ കാര്യത്തില്‍ വളരെ വ്യക്തമായ നിലപാട് സിപിഎമ്മിന് നേരത്തെ തന്നെയുണ്ട്. അത് സിബിഐ അന്വേഷണം വേണ്ട എന്നാണ്'' എന്നായിരുന്നു പിണറായി  വ്യക്തമാക്കിയത്.

പുനലൂര്‍ നഗരസഭയിലെ  സിപിഎം കൗണ്‍സിലര്‍ പ്രസാദ് കൊല്ലപ്പെട്ടതിനെക്കുറിച്ച് സിപിഎം  സിബിഐ അന്വേഷണം ആവശ്യപ്പെട്ടിട്ടില്ലേ എന്ന ചോദ്യത്തിന് അദ്ദേഹം തമിഴ്‌നാട്ടില്‍ വച്ചാണ് കൊല്ലപ്പെട്ടതെന്നും അതിനാലാണ് സിബിഐ അന്വേഷണം ആവശ്യപ്പെട്ടതെന്നുമായിരുന്നു പിണറായിയുടെ  മറുപടി. 

ലോക്‌സഭയില്‍ സിപിഎം അംഗങ്ങള്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ടില്ലേ എന്ന ചോദ്യത്തിന് അങ്ങനെയൊരു നിലപാട് സിപിഎമ്മിനില്ലെന്നും പത്രലേഖകര്‍ക്കുണ്ടായ തെറ്റിദ്ധാരണയില്‍ നിന്നാണ് വാര്‍ത്ത ഉണ്ടായതെന്നുമായിരുന്നു  കമ്മീഷനു മുമ്പാകെയുള്ള വിശദീകരണം.

മാറാട് കൂട്ടക്കൊലയിലെ പ്രതികളായ 43 പേര്‍ സിപിഎമ്മുകാരാണെന്നും അതില്‍ ചിലര്‍ക്ക് എന്‍ഡിഎഫ് ബന്ധമുണ്ടെന്നും മുഖ്യമന്ത്രി നിയമസഭയില്‍ രേഖാമൂലം ചൂണ്ടിക്കാണിച്ചിരുന്നു.  എന്നാല്‍ ഇത്  നിഷേധിച്ച്, പാര്‍ട്ടി അന്വേഷണത്തില്‍ ഇക്കാര്യം കണ്ടെത്തിയില്ലെന്നും സിപിഎമ്മില്‍ ആര്‍ക്കും നുഴഞ്ഞുകയറാനാവില്ലെന്നുമായിരുന്നു പിണറായിയുടെ  മറുപടി.  2002 ലെ കലാപത്തില്‍ പ്രതികളാക്കപ്പെട്ടവരുടെ നിരപരാധിത്വം തെളിയിക്കാന്‍  കോടതിയില്‍ അവരുടെ കേസ് പാര്‍ട്ടി കൈകാര്യം ചെയ്യുമെന്നും പിണറായി പറഞ്ഞു. എല്‍ഡിഎഫും കോണ്‍ഗ്രസ്സും മുസ്ലിം ലീഗും സഹകരിച്ച് മാറാട് കൂട്ടക്കൊലയെ തുടര്‍ന്ന് നാടുവിട്ടുപോയവരെ പുനരധിവസിപ്പിക്കാന്‍ പരിശ്രമിച്ചെന്നും പിണറായി വിജയന്‍ മൊഴി നല്‍കി.

2005 ലെ ബേപ്പൂര്‍ തുറമുഖത്തെ ബോംബ് സ്‌ഫോടനം,  2006 ലെ കോഴിക്കോട് ബസ്സ്റ്റാന്റിലെ ഇരട്ട സ്‌ഫോടനം, 2008 ലെ തീവ്രവാദ റിക്രൂട്ട്‌മെന്റ് എന്നിവ  പോപ്പുലര്‍ ഫ്രണ്ട് -എന്‍ഡിഎഫ്-എസ്ഡിപിഐ ആസൂത്രണമാണെന്ന് ഇപ്പോള്‍ തിരിച്ചറിയുന്ന സിപിഎം, 2003 ലെ മാറാട് കൂട്ടക്കൊലയ്ക്ക് എന്‍ഡിഎഫുകാരെ സഹായിക്കാന്‍ രഹസ്യമായും പരസ്യമായും ശ്രമിക്കുകയായിരുന്നു. 

കൂട്ടക്കൊലയിലെ പ്രതികളുടെ കേസ് നടത്തിയതും അവര്‍ക്ക് സംരക്ഷണം നല്‍കിയതും പോപ്പുലര്‍ ഫ്രണ്ടാണെന്ന് സിപിഎം കേന്ദ്ര കമ്മറ്റി അംഗം എളമരം കരിം ഇപ്പോള്‍ തിരിച്ചറിഞ്ഞിരിക്കുന്നു. എന്നാല്‍ തന്റെ സ്വന്തം മണ്ഡലമായ ബേപ്പൂരിലെ എട്ട് നിരപരാധികളായ മത്സ്യത്തൊഴിലാളികളെ കൂട്ടക്കൊലയ്ക്കിരയാക്കിയപ്പോള്‍  പ്രതികളുടെ പുനരധിവാസത്തിനായിരുന്നു അന്ന് എളമരം കരീം മുന്‍കൈ എടുത്തത്. അഭിമന്യു കൊല്ലപ്പെട്ടതിനെ തുടര്‍ന്ന്  സിപിഎമ്മിന്റെ മുസ്ലിം തീവ്രവാദ അനുകൂല നിലപാട് ചോദ്യം ചെയ്യപ്പെടുമെന്ന അവസ്ഥ വന്നപ്പോഴാണ് അടവു നയവുമായി സിപിഎം നേതാക്കള്‍ രംഗത്തിറങ്ങിയിരിക്കുന്നത്.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.