കൈക്കൂലിപ്പണവുമായി എസ്‌ഐയെ വിജിലന്‍സ് പിടികൂടി

Tuesday 10 July 2018 1:38 am IST
ഏപ്രില്‍ 11ന് കാക്കാഴം മേല്‍പ്പാലത്തില്‍ വച്ച് കന്യാകുമാരിയില്‍ നിന്ന് കൊച്ചിയിലേക്കു മത്സ്യതൊഴിലാളികളുമായി പോയ വാന്‍ ലോറിയുമായി കൂട്ടിയിടിച്ച് വാന്‍ ഡ്രൈവര്‍ വിജയകുമാര്‍(35) മരിക്കുകയും നാല് പേര്‍ക്ക് ഗുരുതര പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. വിജയകുമാറിന്റെ ബന്ധുവായ ബബീഷിന്റെ പരാതിയെ തുടര്‍ന്നാണ് വിജിലന്‍സ് കബീറിനെതിരെ അന്വേഷണം തുടങ്ങിയത്.

അമ്പലപ്പുഴ: കൈക്കൂലിപ്പണവുമായി എസ്‌ഐയെ വിജിലന്‍സ് സംഘം സ്റ്റേഷനില്‍ നിന്നു പിടികൂടി. അമ്പലപ്പുഴ സ്റ്റേഷനിലെ ഹൗസ് ഓഫീസറായ ആലപ്പുഴ ആശ്രമം വാര്‍ഡില്‍ വെളിമ്പറമ്പു വീട്ടില്‍ എ.എന്‍. കബീറി(56)നെയാണ് ഇന്നലെ വൈകിട്ട് സ്റ്റേഷന്‍ റെയ്ഡു ചെയ്ത് പിടിച്ചത്.  കൂടുതല്‍ നഷ്ടപരിഹാരം ലഭിക്കുന്ന രീതിയില്‍ വാഹനാപകടക്കേസില്‍ രേഖകള്‍ ശരിയാക്കി നല്‍കാമെന്ന് വാഗ്ദാനം നല്‍കിയാണ് കൈക്കൂലി ആവശ്യപ്പെട്ടത്.

ഏപ്രില്‍ 11ന് കാക്കാഴം മേല്‍പ്പാലത്തില്‍ വച്ച് കന്യാകുമാരിയില്‍ നിന്ന്  കൊച്ചിയിലേക്കു മത്സ്യതൊഴിലാളികളുമായി പോയ വാന്‍ ലോറിയുമായി കൂട്ടിയിടിച്ച് വാന്‍ ഡ്രൈവര്‍ വിജയകുമാര്‍(35) മരിക്കുകയും  നാല് പേര്‍ക്ക് ഗുരുതര പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.  വിജയകുമാറിന്റെ ബന്ധുവായ ബബീഷിന്റെ പരാതിയെ തുടര്‍ന്നാണ് വിജിലന്‍സ് കബീറിനെതിരെ അന്വേഷണം തുടങ്ങിയത്. തിരുവനന്തപുരം വിജിലന്‍സ് ഓഫീസിലാണ് ബബീഷ് പരാതി നല്‍കിയത്. നഷ്ടപരിഹാരത്തുക കൂടുതല്‍ ലഭിക്കുന്ന രീതിയില്‍ കേസെഴുതാമെന്ന് വാഗ്ദാനം നല്‍കി ബബീഷില്‍ നിന്നും ആദ്യം 3,000 രൂപ  വാങ്ങി. അപകടത്തില്‍പ്പെട്ട മറ്റ് ആളുകളില്‍ നിന്നും 10,000 രൂപ വീതം വാങ്ങി നല്‍കണമെന്നും പറഞ്ഞു. പണമില്ലെന്നറിയിച്ചപ്പോള്‍ കബീര്‍ ഇവരെ ഭീഷണിപ്പെടുത്തി   രേഖകള്‍ നല്‍കില്ലെന്ന്  അറിയിച്ചു.

   ഇന്നലെ 7,000 രൂപ കബീറിന് ബബീഷ് നല്‍കി. വിവരം അറിയിച്ചതനുസരിച്ചാണ് വിജിലന്‍സ് സംഘം സ്റ്റേഷനില്‍ നിന്ന് കബീറിനെ പണമുള്‍പ്പെടെ പിടികൂടിയത്.  വിജിലന്‍സ് നല്‍കിയ ഫിനോഫ്തലിന്‍ പുരട്ടിയ നോട്ടുകളായ 2,000 ത്തിന്റെ ഒരു നോട്ടും 500 ന്റെ 10 നോട്ടുമാണ് പേഴ്‌സിലുണ്ടായിരുന്നത്. നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് കബീറിനെ വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നു കോടതിയില്‍ ഹാജരാക്കും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.