പീഡനം; വികാരിമാരുടെ ജാമ്യ ഹര്‍ജി മാറ്റി

Tuesday 10 July 2018 1:24 am IST

കൊച്ചി: പീഡനക്കേസില്‍ അറസ്റ്റ്  തടയണമെന്നാവശ്യപ്പെട്ട്  ഓര്‍ത്തഡോക്‌സ് സഭയിലെ നാല് വികാരിമാര്‍  നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി വിധി പറയാന്‍ മാറ്റി. ഓര്‍ത്തഡോക്‌സ് സഭാംഗമായ യുവതി നല്‍കിയ പരാതിയെ തുടര്‍ന്ന് രജിസ്റ്റര്‍ ചെയ്ത കേസില്‍ ഫാ. സോണി വര്‍ഗീസ്, ഫാ. ജോബ് മാത്യു, ഫാ. ജോണ്‍സണ്‍. വി. മാത്യു, ഫാ. ജെയ്‌സ് കെ. ജോര്‍ജ് എന്നിവര്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യ ഹര്‍ജികളാണ് ഹൈക്കോടതി പരിഗണിക്കുന്നത്.  ഭര്‍ത്താവിന്റെ പരാതിക്കൊപ്പം യുവതി സഭയ്ക്ക് നല്‍കിയ സ്റ്റേറ്റ്‌മെന്റ് പ്രതികള്‍ക്ക് ലഭിച്ചതെങ്ങനെയാണെന്നും ഇതു മാധ്യമങ്ങള്‍ക്ക് എങ്ങനെ കിട്ടിയെന്നും കോടതി വാക്കാല്‍ ചോദിച്ചു. ഇക്കാര്യങ്ങള്‍ അന്വേഷിക്കേണ്ടതുണ്ടെന്ന് സര്‍ക്കാര്‍ അറിയിച്ചു. തുടര്‍ന്നാണ് ഹര്‍ജികള്‍ വിധി പറയാന്‍ മാറ്റിയത്. ബുധനാഴ്ച സിംഗിള്‍ ബെഞ്ച് വിധി പറഞ്ഞേക്കും. 

മതവിശ്വാസം ചൂഷണം ചെയ്താണ് പ്രതികള്‍ യുവതിയെ പീഡിപ്പിച്ചതെന്നും  മുന്‍കൂര്‍ ജാമ്യം നല്‍കരുതെന്നും സര്‍ക്കാര്‍ കോടതിയില്‍ വാദിച്ചു. 

പ്രാഥമികാന്വേഷണം നടത്തിയശേഷമാണ്  കേസെടുത്തത്. പ്രതികള്‍ യുവതിയെ നിര്‍ബന്ധിച്ചാണ് ഹോട്ടലില്‍ അവരുടെ ചെലവില്‍ മുറിയെടുത്ത് പീഡിപ്പിച്ചതെന്നും യുവതിയുടെ ഭര്‍ത്താവിന്റെ പരാതിയില്‍ ഇതു പറയുന്നുണ്ടെന്നും സര്‍ക്കാര്‍ അഭിഭാഷകന്‍ ചൂണ്ടിക്കാട്ടി.  

സംഭവത്തില്‍ കേസ് എടുത്തിട്ട് നാലു ദിവസമേ ആയിട്ടുള്ളൂവെന്നും പ്രതികള്‍ക്ക് മുന്‍കൂര്‍ ജാമ്യം നല്‍കരുതെന്നും ചൂണ്ടിക്കാട്ടി പീഡനത്തിനിരയായ യുവതി അഭിഭാഷകന്‍ മുഖേന കേസില്‍ ഇടപെട്ടു. കേസില്‍ കക്ഷി ചേരാന്‍ യുവതി ഹര്‍ജി നല്‍കിയിട്ടുമുണ്ട്. യുവതിയുടെ രഹസ്യമൊഴിയും സ്റ്റേറ്റ്‌മെന്റും പരിശോധിച്ചതില്‍ ഗൗരവമേറിയ വിഷയമാണിതെന്ന് കോടതി വാക്കാല്‍ പറഞ്ഞു. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.