അഭിമന്യു വധം: സിപിഎം ഒത്തുതീര്‍പ്പിലേയ്ക്ക്

Tuesday 10 July 2018 1:40 am IST
അഭിമന്യുവിന്റെ കൊലപാതകത്തിന് പിന്നില്‍ ഗൂഢാലോചനയുണ്ടെന്ന് അഭിമന്യുവിന്റെ വീട്ടുകാര്‍ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. അഭിമന്യുവിനെ കോളേജിലേക്ക് വിളിച്ചുവരുത്തിയത് ആരെന്ന ചോദ്യത്തിന് ഉത്തരം നല്‍കാന്‍ പോലീസിന് കഴിഞ്ഞിട്ടില്ല.

കൊച്ചി: മഹാരാജാസ് കോളേജിലെ എസ്എഫ്‌ഐ പ്രവര്‍ത്തകന്‍ അഭിമന്യുവിനെ പോപ്പുലര്‍ ഫ്രണ്ട് ഭീകരര്‍ വധിച്ച സംഭവത്തില്‍ സിപിഎം ഒത്തുതീര്‍പ്പിലേക്ക് നീങ്ങുന്നതായി സൂചന. അരുംകൊല നടന്നിട്ട് ഒരാഴ്ച പിന്നിട്ടിട്ടും മുഖ്യപ്രതികളെ പോലീസ് പിടികൂടാത്തത് ഒത്തുതീര്‍പ്പിന്റെ ഭാഗമായിട്ടെന്നാണ് സൂചന. 

ഈ മാസം 20 മുതല്‍ 30 വരെ സിപിഎമ്മിനെതിരെ പോപ്പുലര്‍ ഫ്രണ്ട് സംസ്ഥാന വ്യാപകമായി പ്രചരണം സംഘടിപ്പിച്ചിട്ടുണ്ട്. സിപിഎമ്മിനെതിരെ മുസ്ലിംവേട്ട ആരോപിച്ചാണിത്. ഇത് സിപിമ്മിനെ പ്രതിരോധത്തിലാക്കും. ലോക്‌സഭാ തെരഞ്ഞെടുപ്പിന് മാസങ്ങള്‍ മാത്രം അവശേഷിക്കെ പോപ്പുലര്‍ ഫ്രണ്ടിന്റെ പ്രചാരണം സിപിഎമ്മിനെ പ്രതിക്കൂട്ടിലാക്കും. കഴിഞ്ഞ തദ്ദേശഭരണ തെരഞ്ഞെടുപ്പിലും നിയമസഭാ തെരഞ്ഞെടുപ്പിലും ഏറ്റവും ഒടുവില്‍ ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പിലും പോപ്പുലര്‍ ഫ്രണ്ടിന്റെ വോട്ട് സിപിഎമ്മിന് അനുകൂലമായിരുന്നു. ഇക്കാരണത്താലാണ് അഭിമന്യുവിന്റെ കൊലപാതകക്കേസില്‍ സിപിഎം ഒത്തുതീര്‍പ്പിലേക്ക് നീങ്ങുന്നത്.

അഭിമന്യുവിന്റെ കൊലപാതകത്തിന് പിന്നില്‍ ഗൂഢാലോചനയുണ്ടെന്ന് അഭിമന്യുവിന്റെ വീട്ടുകാര്‍ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. അഭിമന്യുവിനെ കോളേജിലേക്ക് വിളിച്ചുവരുത്തിയത് ആരെന്ന ചോദ്യത്തിന് ഉത്തരം നല്‍കാന്‍ പോലീസിന് കഴിഞ്ഞിട്ടില്ല. പാര്‍ട്ടിഗ്രാമം പോലെ കൈയടക്കി വച്ചരിക്കുന്ന മഹാരാജാസ് കോളേജില്‍ വിരലിലെണ്ണാന്‍ പോലും അംഗസംഖ്യ ഇല്ലാത്ത ക്യാമ്പസ് ഫ്രണ്ടിനെ നേരിടാന്‍ മഹാരാജാസിലെ എസ്എഫ്‌ഐ യൂണിറ്റിന്റെ ചുമതലകളൊന്നും ഇല്ലാത്ത അഭിമന്യുവിനെ വിളിച്ചുവരുത്താന്‍ മാത്രം എന്ത് സംഭവങ്ങളാണ് കോളേജില്‍ ഉണ്ടായതെന്ന് വ്യക്തമാക്കാന്‍ എസ്എഫ്‌ഐ നേതൃത്വത്തിനും കഴിയുന്നില്ല. 

അഭിമന്യുവിനെ വിളിച്ചുവരുത്തിയത് എസ്എഫ്‌ഐയില്‍ നുഴഞ്ഞു കയറിയ ചില പോപ്പുലര്‍ ഫ്രണ്ടുകാരാണെന്ന ആരോപണം ഉയര്‍ന്നെങ്കിലും ഇതേക്കുറിച്ച് പോലീസ് അന്വേഷിക്കുന്നില്ല. സംഭവത്തില്‍ ആദ്യം പ്രതികരിക്കാതിരുന്ന ക്യാമ്പസ് ഫ്രണ്ട് കൊലയാളികളുടെ ദൃശ്യങ്ങള്‍ ക്യാമറയില്‍ പതിഞ്ഞിട്ടില്ലെന്ന് വ്യക്തമായതിനെ തുടര്‍ന്നാണ് രംഗത്തെത്തിയത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.