നമ്പി നാരായണന് നഷ്ടപരിഹാരം വര്‍ധിപ്പിക്കും: സുപ്രീംകോടതി

Tuesday 10 July 2018 11:21 am IST
ഐഎസ്ആര്‍ഒ ചാരക്കേസ് അന്വേഷിച്ച ഉദ്യോഗസ്ഥരായ സിബി മാത്യൂസ്, കെ.കെ. ജോഷ്വ, എസ്. വിജയന്‍ എന്നിവര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് നമ്പി നാരായണന്‍ സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കവെ, ഉദ്യോഗസ്ഥര്‍ക്കെതിരെ അന്വേഷണത്തിന് ഉത്തരവിടുന്നത് കോടതിയുടെ പരിഗണനയിലാണെന്നും ചീഫ് ജസ്റ്റിസ് ദീപക് മിശ്രയുടെ അധ്യക്ഷതയിലുള്ള ബെഞ്ച് അറിയിച്ചു.

ന്യൂദല്‍ഹി: ഐഎസ്ആര്‍ഒ ചാരക്കേസില്‍ ശാസ്ത്രജ്ഞനായ നമ്പി നാരായണന് നഷ്ടപരിഹാരത്തുക വര്‍ധിപ്പിച്ചു നല്‍കുമെന്ന് സുപ്രീംകോടതി. നഷ്ടപരിഹാരത്തുക 11 ലക്ഷത്തില്‍ നിന്ന് 25 ലക്ഷമാക്കി ഉയര്‍ത്തുമെന്ന് ആവര്‍ത്തിച്ച കോടതി, നഷ്ടപരിഹാരം നല്‍കാന്‍ ചാരക്കേസിലെ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് ബാധ്യതയുണ്ടെന്നും വ്യക്തമാക്കി. കേസ് വിധി പറയാനായി മാറ്റിവെച്ചു. 

ഐഎസ്ആര്‍ഒ ചാരക്കേസ് അന്വേഷിച്ച ഉദ്യോഗസ്ഥരായ സിബി മാത്യൂസ്, കെ.കെ. ജോഷ്വ, എസ്. വിജയന്‍ എന്നിവര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് നമ്പി നാരായണന്‍ സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കവെ, ഉദ്യോഗസ്ഥര്‍ക്കെതിരെ അന്വേഷണത്തിന് ഉത്തരവിടുന്നത് കോടതിയുടെ പരിഗണനയിലാണെന്നും ചീഫ് ജസ്റ്റിസ് ദീപക് മിശ്രയുടെ അധ്യക്ഷതയിലുള്ള ബെഞ്ച് അറിയിച്ചു. 

നമ്പി നാരായണന് നഷ്ടപരിഹാരം നല്‍കേണ്ടത് അന്വേഷണ ഉദ്യോഗസ്ഥരാണോ സര്‍ക്കാരാണോ എന്ന കാര്യം വിധിയില്‍ വ്യക്തമാക്കുമെന്ന് സുപ്രീംകോടതി അറിയിച്ചു. നമ്പി നാരായണന് നീതി ഉറപ്പാക്കുമെന്ന് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡും പറഞ്ഞു. 

കേസില്‍ സുപ്രീംകോടതിയുടെ മേല്‍നോട്ടത്തിലുള്ള അന്വേഷണം ആവശ്യമാണെന്ന് സിബിഐ കോടതിയില്‍ വ്യക്തമാക്കി. കസ്റ്റഡി പീഡനം അടക്കമുള്ള ആരോപണങ്ങള്‍ അന്വേഷിക്കാം. സിബിഐ ഉദ്യോഗസ്ഥരും അന്വേഷണം നേരിടാന്‍ തയാറാണെന്നും ഒളിച്ചുവയ്ക്കാന്‍ യാതൊന്നുമില്ലെന്നും സിബിഐ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു. 

നഷ്ടപരിഹാരം നല്‍കാന്‍ ബാധ്യതയില്ലെന്ന് മുന്‍ ഡിജിപി സിബി മാത്യൂസിന്റെ അഭിഭാഷകന്‍ വാദിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.